ജാഫര്‍ഖാന്‍െറ നിരാഹാര സമരം നാലാം ദിവസത്തില്‍

ഇരിങ്ങാലക്കുട: കാട്ടൂര്‍ ഗവ. ആശുപത്രിയില്‍ കിടത്തിച്ചികിത്സ ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കാട്ടൂരിലെ പൊതുപ്രവര്‍ത്തകനായ എം.എസ്. ജാഫര്‍ഖാന്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാരം മൂന്ന് ദിവസം പിന്നിട്ടു. ജാഫര്‍ഖാന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നാട്ടുകാരും ജനപ്രതിനിധികളും അടക്കം പല പ്രദേശങ്ങളില്‍ നിന്നും നിരവധി പേര്‍ നിരാഹാര പന്തലില്‍ എത്തി. കാട്ടൂര്‍ ഗവ. ആശുപത്രിയില്‍ ഉടന്‍ കിടത്തിച്ചികിത്സ ആരംഭിച്ചില്ളെങ്കില്‍ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍െറ വീടിന് മുന്നില്‍ സത്യഗ്രഹം ഇരിക്കുമെന്ന് ജാഫര്‍ഖാനെ സന്ദര്‍ശിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനായ തേറമ്പില്‍ ശ്രീധരന്‍ മുന്നറിയിപ്പ് നല്‍കി. കാബിനറ്റ് പദവികൂടിയുള്ള എം.എല്‍.എ സമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ശ്രീധരന്‍ ആരോപിച്ചു. സാമൂഹികപ്രവര്‍ത്തക ബല്‍ക്കീസ് ബാനു, കാറളം പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. വിജയഘോഷ്, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി അബ്ദു തുടങ്ങിയവര്‍ സമരപ്പന്തലില്‍ എത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി ജനപ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും ചൊവ്വാഴ്ചയും നിരാഹാര പന്തലില്‍ എത്തിയിരുന്നു. ഇരിങ്ങാലക്കുട ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.ജി. ശങ്കരനാരായണന്‍ സമരപ്പന്തലില്‍ എത്തി ജാഫര്‍ഖാനെ സന്ദര്‍ശിച്ചു. കാട്ടൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജിതോഷ് കതിരപ്പിള്ളി, എമറെയ്ഡ് റെസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും ഓട്ടോറിക്ഷ തൊഴിലാളികളും നിരാഹാര പന്തലില്‍ എത്തി പിന്തുണ പ്രഖ്യാപിച്ചു. 10,000 പേര്‍ ഒപ്പിട്ട നിവേദനം നല്‍കിയിട്ടും കിടത്തിച്ചികിത്സ സംബന്ധിച്ച് മുഖ്യമന്ത്രി നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ആശുപത്രി സംരക്ഷണ സമിതി സമരം ശക്തമാക്കിയത്. ഇതിന്‍െറ ഭാഗമായാണ് ജാഫര്‍ ഖാന്‍ തിങ്കളാഴ്ച നിരാഹാരം തുടങ്ങിയത്. കിടത്തിച്ചികിത്സാ ആവശ്യത്തില്‍ നടപടി സ്വീകരിച്ചില്ളെങ്കില്‍ വെള്ളിയാഴ്ച ഗാന്ധിജയന്തി ദിനത്തില്‍ ആശുപത്രിക്ക് മുന്നില്‍ ധര്‍ണയും സമരപ്രഖ്യാപനവും നടത്താന്‍ സമരസമിതി തീരുമാനിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.