പണം വാങ്ങി നിയമനം

തൃശൂര്‍: മുളങ്കുന്നത്തുകാവിലെ പുതിയ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ആര്‍.എസ്.ബി.വൈ പദ്ധതിക്ക് കീഴില്‍ നടത്തുന്ന നിയമനങ്ങളില്‍ ചട്ടം പാലിക്കുന്നില്ളെന്നും ഉദ്യോഗാര്‍ഥികളില്‍നിന്ന് പണം വാങ്ങി മുന്‍കൂട്ടി നിയമനം ഉറപ്പാക്കുകയാണെന്നും ആരോപണം. നിയമന നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പി.കെ. ബിജു എം.പി കലക്ടര്‍ക്ക് കത്ത് നല്‍കി. നിലവിലെ ഒഴിവുകള്‍ സംബന്ധിച്ച് വ്യക്തതയും സുതാര്യതയും ഉറപ്പാക്കണമെന്നും ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ ചട്ടപ്രകാരം സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍, സ്റ്റാഫ് നഴ്സ്, പ്രോഗ്രാമര്‍ തസ്തികകളിലാണ് ഒഴിവ്. ഇതുസംബന്ധിച്ച് ഈ മാസം 21, 24തീയതികളില്‍ പത്രപരസ്യം നല്‍കിയിരുന്നു. ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍, പ്രോഗ്രാമര്‍ ഒഴിവുകളിലേക്ക് 26ന് രാവിലെ 11നും സ്റ്റാഫ് നഴ്സ് ഒഴിവുകളിലേക്ക് 27ന് രാവിലെ 10നും അഭിമുഖം നടത്തുമെന്നാണ് അറിയിച്ചത്. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിക്ക് അപേക്ഷിക്കാന്‍ മനപൂര്‍വം അവസരം നിഷേധിക്കുകയും നിയമനം മുന്‍കൂട്ടി ഉറപ്പിച്ചവര്‍ക്ക്് മാത്രം അവസരം ഒരുക്കുകയുമാണ് ചെയ്തതെന്ന് എം.പി ആരോപിച്ചു. പരസ്യം നല്‍കി 15 ദിവസത്തിന് ശേഷമാണ് അഭിമുഖം നടത്തേണ്ടതെന്ന വ്യവസ്ഥ പാലിച്ചില്ല. ചട്ടങ്ങള്‍ ലംഘിച്ച് നിയമിച്ച സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. കരാര്‍ കാലാവധി കഴിഞ്ഞിട്ടും പുതിയ നിയമനത്തിന് നടപടിയെടുക്കാതെ നിലവിലുള്ളവരെ വീണ്ടും നിയമിക്കുന്നതായി ആക്ഷേപമുണ്ട്. ആര്‍.എസ്.ബി.വൈ പദ്ധതിക്ക് കീഴില്‍ നിയമനത്തിന് ആശുപത്രി വികസനസമിതിയംഗങ്ങളായ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി സമിതി രൂപവത്കരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.