അധ്യാപകര്‍ മോശമായി പെരുമാറിയെന്ന് വിദ്യാര്‍ഥികള്‍; സ്കൂള്‍ വിനോദയാത്ര വിവാദത്തില്‍

കൊടുങ്ങല്ലൂര്‍: മതിലകം സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ളസ് ടു വിദ്യാര്‍ഥികളും അധ്യാപകരും നടത്തിയ വിനോദയാത്ര വിവാദത്തില്‍. വിനോദയാത്രക്കിടെ അധ്യാപകര്‍ മോശമായി പെരുമാറി എന്ന് കാണിച്ച് ഒരുസംഘം വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കി. അധ്യാപകരായ മനോജിനും ശ്രീജിത്തിനുമെതിരെയാണ് പരാതി. പ്രശ്നം പരിഹരിക്കാന്‍ ബുധനാഴ്ച പി.ടി.എ ആറര മണിക്കൂര്‍ നീണ്ട യോഗം ചേര്‍ന്നു. പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാവാതിരിക്കാന്‍ ആരോപണ വിധേയരായ അധ്യാപകരോട് മൂന്നാഴ്ചത്തേക്ക് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടതായി പി.ടി.എ ഭാരവാഹികള്‍ പറഞ്ഞു. വിഷയം സാമൂഹിക മാധ്യമങ്ങളിലും അതുവഴി നാട്ടുകാര്‍ക്കിടയിലും പ്രചരിച്ചതോടെയാണ് വിവാദമായത്. ബുധനാഴ്ച രാവിലെ മുതല്‍ രക്ഷിതാക്കളും നാട്ടുകാരും, വിവിധ സംഘടനാ പ്രവര്‍ത്തകരും സ്കൂള്‍ അങ്കണത്തില്‍ തമ്പടിച്ചു പ്രതിഷേധിച്ചു. സംഘര്‍ഷ സാധ്യത ഉടലെടുത്തതോടെ സ്കൂളില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഇതിനിടെയാണ് സംഭവത്തിന്‍െറ നിജസ്ഥിതിയറിയാന്‍ പി.ടി.എ എക്സിക്യൂട്ടിവ് വിദ്യാര്‍ഥികളെയും ആരോപണ വിധേയരായ അധ്യാപകരെയും ഉള്‍പ്പെടുത്തി യോഗം നടത്തിയത്. എസ്.ഐ എം.കെ. ഷാജി, എ.എസ്.ഐ കൈലാസനാഥന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും പി.ടി.എ വൈസ് പ്രസിഡന്‍റ് എം.എസ്. ദിലീപിന്‍െറ അധ്യക്ഷതയിലും വാര്‍ഡ് മെംബര്‍ ഹസീന റഷീദിന്‍െറ സാന്നിധ്യത്തിലും നടന്ന പി.ടി.എ യോഗം വിദ്യാര്‍ഥികളും അധ്യാപകരുമായി വിശദമായി സംസാരിച്ചു.അധ്യാപകരുടെ മോശമായ പദപ്രയോഗവും കടുത്ത സമീപനങ്ങളുമാണ് പ്രശ്നങ്ങളിലേക്ക് നയിച്ചത്. ഇതിനവര്‍ ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ടെന്നും പി.ടി.എ ഭാരവാഹികള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.