ശുചീകരണ തൊഴിലാളികള്‍ക്ക് നരകജീവിതം

കുന്നംകുളം: നിലംപൊത്താറായ കെട്ടിടങ്ങള്‍ക്ക് കീഴെ നഗരസഭ ശുചീകരണ തൊഴിലാളികള്‍ക്ക് നരകജീവിതം. താമസയിടം ഭൂരിഭാഗവും ചിതലരിച്ച് നശിക്കുമ്പോഴും അധികൃതര്‍ അറ്റകുറ്റപ്പണിക്ക് നടപടിയെടുക്കുന്നില്ല. കക്കാട് കോട്ടകുന്നിലെ ക്വാര്‍ട്ടേഴ്സുകളാണ് ഏതുസമയത്തും തകര്‍ന്നു നിലംപൊത്താവുന്ന രീതിയില്‍ ദുര്‍ബലാവസ്ഥയിലായത്. നഗരം മുഴുവന്‍ വൃത്തിയാക്കുന്ന ഈ തൊഴിലാളികളെ കണ്ടില്ളെന്ന് നടിക്കുകയാണ് അധികൃതര്‍. 13 വര്‍ഷമായി ഇവിടെ പലര്‍ക്കും വൈദ്യുതിയില്ല. മുമ്പ് താമസിച്ചവര്‍ ബില്‍തുക അടക്കാത്തതാണ് കാരണം. പെന്‍ഷന്‍ ലഭിക്കാത്തതിനാല്‍ വിരമിച്ചവും ഇവിടെ നിന്നും താമസം മാറ്റിയിട്ടില്ല. ആറ് വീടുകള്‍ ചേര്‍ന്നുള്ള നാല് ക്വാര്‍ട്ടേഴ്സുകളാണ് ശുചീകരണ തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുള്ളത്. ഇതില്‍ ഒരു കെട്ടിടം പൊളിച്ച് എട്ടുവര്‍ഷം മുമ്പ് നാല് വീടുകള്‍ വ്യത്യസ്തമായി പണികഴിപ്പിച്ചിരുന്നു. മറ്റുള്ള ക്വാര്‍ട്ടേഴ്സുകള്‍ ഇതുവരെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ഒമ്പത് കുടുംബങ്ങളാണ് ഈ ക്വാര്‍ട്ടേഴ്സുകളില്‍ താമസിക്കുന്നത്. ഒമ്പത് വീടുകളും ജീര്‍ണാവസ്ഥയിലാണ്. ഏഴ് പതിറ്റാണ്ടിന്‍െറ പഴക്കമുണ്ടവക്ക്. പലതിലും വാതിലും ജനലുമില്ല. ഇഴജന്തുക്കളെ പേടിച്ചാണ് ഇവരുടെ ജീവിതം. ഓടുമേഞ്ഞ കെട്ടിടത്തിന്‍െറ കഴുക്കോലുകള്‍ ദ്രവിച്ച് ഓടുകള്‍ താഴേക്ക് വീഴുന്നത് പതിവാണ്. ഒരു മുറിയും അടുക്കളയും കുളിമുറിയുമുള്ള ക്വാര്‍ട്ടേഴ്സിന്‍െറ മേല്‍ക്കൂര വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പുതുക്കിപ്പണിതത്. പിന്നീട് അറ്റകുറ്റപ്പണികള്‍ നടക്കാതിരുന്നതിനാല്‍ ഇവ ജീര്‍ണാവസ്ഥയിലായി. പല ഭാഗങ്ങളും തകര്‍ന്ന് വീണ നിലയിലാണ്. ചോര്‍ച്ച കൂടിയതോടെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ പലരും ടാര്‍പായയും ചാക്കുകളും വിരിച്ചു. നഗരസഭ എന്‍ജിനീയര്‍മാരോടും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരോടും പലതവണ ആവര്‍ത്തിച്ച് പരാതിപ്പെട്ടെങ്കിലും ശോച്യാവസ്ഥക്ക് പരിഹാരം ഉണ്ടായില്ല. കോട്ടകുന്ന് കുടിവെള്ളപദ്ധതി പ്രകാരം സ്ഥാപിച്ച ടാങ്കില്‍ നിന്നാണ് ഇവിടേക്ക് വെള്ളം എത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.