വിഷം കലക്കിയതായി പ്രചാരണം; കുടിവെള്ള വിതരണം നിര്‍ത്തി

കൊടുങ്ങല്ലൂര്‍: വാട്ടര്‍ അതോറിറ്റി ജലസംഭരണികളില്‍ വിഷം കലക്കിയതായ പ്രചാരണത്തെതുടര്‍ന്ന് തീരദേശ മേഖലയില്‍ കുടിവെള്ള വിതരണം നിര്‍ത്തിവെച്ചു. വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജല വിതരണത്തെ ആശ്രയിക്കുന്ന ആയിരങ്ങള്‍ പരിഭ്രാന്തിയിലായി. അഭ്യൂഹങ്ങള്‍ക്കിടെ അധികൃതര്‍ വിവിധ ടാങ്കുകളില്‍നിന്ന് വെള്ളം ശേഖരിച്ച് പരിശോധന നടത്തി വിഷാംശമില്ളെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പമ്പിങ് പുനരാരംഭിച്ചത്. ചൊവ്വാഴ്ച രാത്രി 11.30 മണിയോടെ തീരദേശ മേഖലയിലേക്ക് ശുദ്ധജലം പമ്പുചെയ്യുന്ന കരുവന്നൂര്‍ ഇല്ലിക്കല്‍ പമ്പ്ഹൗസിലാണ് പമ്പിങ് നിര്‍ത്തിവെക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. ബുധനാഴ്ച രാവിലെ തൃശൂരില്‍നിന്നത്തെിയ വാട്ടര്‍ അതോറിറ്റി ക്വാളിറ്റി കണ്‍ട്രോളിങ് വിഭാഗം വെള്ളായണി ശുദ്ധീകരണ പ്ളാന്‍റ്, വാടാനപ്പള്ളി, എങ്ങണ്ടിയൂര്‍, മതിലകം ജലസംഭരണികളില്‍നിന്നും ശേഖരിച്ച വെള്ളമാണ് അധികൃതര്‍ പരിശോധിച്ചത്. പ്രാഥമിക പരിശോധനയില്‍ വിഷാംശമില്ളെന്ന് അധികൃതര്‍ ഉറപ്പാക്കി. ഇതോടെ, ജില്ലാതല ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം നിര്‍ത്തിവെച്ച പമ്പിങ് ബുധനാഴ്ച ഉച്ചയോടെ പുനരാരംഭിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി മുതല്‍ ഫോണ്‍കോളുകള്‍ വഴിയും സാമൂഹിക മാധ്യമങ്ങളിലൂടെയുമാണ് വിഷം കലക്കിയെന്ന പ്രചാരണം ഉണ്ടായത്. തീരമേഖലയില്‍ പൊലീസും നേവിയും കോസ്റ്റ്ഗാര്‍ഡും സംയുക്തമായി നടത്തിയ മോക്ഡ്രില്ലിനിടെയാണ് ഇങ്ങനെയൊരു അഭ്യൂഹം ഉടലെടുത്തതെന്ന് സംശയിക്കുന്നു. വടക്കന്‍ മേഖലയില്‍നിന്നായിരുന്നു തുടക്കം. ഏങ്ങണ്ടിയൂര്‍, വാടാനപ്പള്ളി, നാട്ടിക, കൈപ്പമംഗലം, പെരിഞ്ഞനം തുടങ്ങിയ ടാങ്കുകളില്‍ വിഷം കലക്കിയെന്ന പ്രചാരണം ഒടുവില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയോടെ മതിലകത്തേക്കും വ്യാപിക്കുകയായിരുന്നു. വാട്ടര്‍ അതോറിറ്റി വെള്ളം കുടിക്കരുതെന്ന് പൊലീസ് മൈക്കില്‍ വിളിച്ചുപറഞ്ഞു എന്നുവരെ പ്രചാരണമുണ്ടായി. ഇതോടെ ഉദ്യോഗസ്ഥരും പരിഭ്രാന്തിയിലായി. ഈ സാഹചര്യത്തിലാണ് പമ്പിങ് നിര്‍ത്തിവെക്കാന്‍ ജില്ലാതല അധികൃതര്‍ തീരുമാനിച്ചത്. വെള്ളം കുടിച്ചവര്‍ പലരും ആശുപത്രിയിലായെന്നു വരെ പ്രചരിപ്പിക്കപ്പെട്ടു. പരിഭ്രാന്തിക്കിടെ ശേഖരിച്ചു വെച്ച കുടിവെള്ളം പലരും ഒഴുക്കിക്കളഞ്ഞു. ഇതോടെ, കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന അവസ്ഥവരെയുണ്ടായി. ആളുകളുടെ അന്വേഷണങ്ങള്‍ കൂടി പ്രവഹിച്ചതോടെ നാട്ടിക അസി. എക്സി. എന്‍ജിനീയര്‍ രാജേഷ്, മതിലകം, വെള്ളായനി, വാടാനപ്പള്ളി, അസി. എന്‍ജിനീയര്‍മാരായ ഇ.എ. ബെന്നി, ഷീബ, സിദ്ധന്‍ തുടങ്ങിയവര്‍ക്കെല്ലാം ചൊവ്വാഴ്ച രാത്രി ഉറക്കമില്ലാ രാവുകളായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.