സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിന് ഇന്ന് തിരിതെളിയും

തൃശൂര്‍: സംസ്ഥാന സി.ബി.എസ്.ഇ സ്കൂള്‍ കലോത്സവത്തിന് വ്യാഴാഴ്ച തിരിതെളിയും. സാംസ്കാരിക നഗരിക്ക് ഇനി സംഗീത, നൃത്ത നൃത്ത്യങ്ങളുടെ ഉറക്കമില്ലാത്ത നാല് രാപ്പകലുകള്‍. മുന്‍ വര്‍ഷങ്ങളില്‍ സി.ബി.എസ്.ഇ സ്കൂളുകളുടെ വെവ്വേറെ യുവജനോത്സവങ്ങളാണ് നടന്നിരുന്നതെങ്കില്‍ ഇത്തവണ കോണ്‍ഫെഡറേഷന്‍ ഓഫ് സി.ബി.എസ്.ഇ സ്കൂള്‍ മാനേജ്മെന്‍റ് അസോസിയേഷനും കോണ്‍ഫെഡറേഷന്‍ ഓഫ് സഹോദയ കോപ്ളക്സും സംയുക്തമായി ഒരു കുടക്കീഴില്‍ സംഘടിപ്പിക്കുന്ന പ്രഥമ സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിനാണ് തൃശൂര്‍ വേദിയാകുന്നത്. ദേവമാത സി.എം.ഐ പബ്ളിക് സ്കൂളിലാണ് പ്രധാനവേദി. വ്യാഴാഴ്ച വൈകീട്ട് ആറിന് ദേവമാതയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നിര്‍വഹിക്കും. ദേവമാത സ്കൂളില്‍ 19 വേദികളാണ് സജ്ജീകരിച്ചിട്ടുള്ളത്. അതിന് പുറമെ തൃശൂര്‍ ടൗണ്‍ഹാള്‍, പാട്ടുരായ്ക്കല്‍ നളിനം ഓഡിറ്റോറിയം, പി.ടി. മാനുവേല്‍ റോഡ് എന്നിവിടങ്ങളിലെ വേദികളിലായി നടക്കുന്ന 144 ഇനങ്ങളിലെ മത്സരങ്ങളില്‍ സംസ്ഥാനത്തെ വിവിധ സി.ബി.എസ്.എ വിദ്യാലയങ്ങളില്‍ നിന്നായി 6,500 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ദേവമാത സ്കൂളില്‍ നിന്നും കലോത്സവ വിളംബരജാഥ ആരംഭിച്ചു. ഉദ്ഘാടന ദിവസമായ വ്യാഴാഴ്ച സ്റ്റേജിതര മത്സരങ്ങളാണ് നടക്കുക. പ്രസംഗം, കഥാരചന, പദ്യപാരായണം, ഉപന്യാസ രചന, ചിത്രരചന, ഡിജിറ്റല്‍ പെയ്ന്‍റിങ്, കാര്‍ട്ടൂണ്‍, കൊളാഷ്, പോസ്റ്റര്‍ ഡിസൈനിങ്, പെയ്ന്‍റിങ് തുടങ്ങിയവ നടക്കും. പാറമേക്കാവ് വിദ്യാമന്ദിറില്‍ രാവിലെ 9.30ന് എഴുത്തുകാരനും നടനുമായ വി.കെ. ശ്രീരാമന്‍ സ്റ്റേജിതര മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഗായത്രി സുരേഷ്, ജയരാജ് വാര്യര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ഉച്ചക്ക് രണ്ടരക്ക് തെക്കേ ഗോപുരനടയില്‍ നിന്ന് ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നിശ്ചലദൃശ്യങ്ങള്‍, വിവിധ കലാരൂപങ്ങള്‍, ബാന്‍ഡ്മേളം തുടങ്ങിയവ ഘോഷയാത്രക്ക് മിഴിവേകും. ഘോഷയാത്ര അശ്വിനി വഴി പാട്ടുരായ്ക്കല്‍ ജങ്ഷനിലൂടെ ദേവമാത സ്കൂളില്‍ സമാപിക്കും. തുടര്‍ന്നാകും ഉദ്ഘാടന ചടങ്ങ്. കേരള സി.ബി.എസ്.ഇ സ്കൂള്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. ടി.പി.എം. ഇബ്രാഹിംഖാന്‍ അധ്യക്ഷത വഹിക്കും. കേരള സി.ബി.എസ്.ഇ സ്കൂള്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ സെക്രട്ടറി ഇന്ദിര രാജന്‍ മുഖ്യപ്രഭാഷണം നടത്തും. കലക്ടര്‍ ഡോ. എ. കൗശികന്‍ മുഖ്യാതിഥിയാകും. വെള്ളിയാഴ്ച രാവിലെ എട്ടുമുതല്‍ സ്റ്റേജിന മത്സരങ്ങള്‍ക്ക് തുടക്കമാകും. അഞ്ച് വിഭാഗങ്ങളില്‍ രാവിലെ 7.30 മുതല്‍ രാത്രി എട്ടുവരെയാണ് മത്സരം. പെണ്‍കുട്ടികളുടെ സംഘനൃത്തത്തോടെ സ്റ്റേജിനങ്ങള്‍ തുടങ്ങും. ആദ്യദിനത്തില്‍ വിവിധ വേദികളിലായി നാടോടിനൃത്തം, ഭരതനാട്യം, മാര്‍ഗംകളി, ദേശഭക്തിഗാനം, വാദ്യോപകരണം, ലളിതസംഗീതം, മിമിക്രി, ശാസ്ത്രീയ സംഗീതം, കുച്ചിപ്പുടി, മോഹിനിയാട്ടം, തിരുവാതിരക്കളി, ഏകാംഗനാടകം എന്നീ മത്സരങ്ങള്‍ നടക്കും. മൂന്നാം ദിനമായ 21ന് ഒപ്പന, മോണോ ആക്ട്, മാപ്പിളപാട്ട്, ദഫ്മുട്ട് എന്നിവ നടക്കും. 22ന് ഉച്ചയോടെ സമാപനമാകുന്ന നിലയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. വൈകീട്ട് 5.30ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. അദ്ദേഹം സമ്മാനങ്ങള്‍ വിതരണം ചെയ്യും. മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. കലോത്സവത്തിന് കുട്ടികളുമായത്തെുന്ന വാഹനങ്ങള്‍ക്ക് ലുലുവിലാണ് പാര്‍ക്കിങ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. തൃശൂര്‍ നഗരത്തിലെ പത്തിടങ്ങളിലായാണ് മത്സരാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള താമസസൗകര്യം ഒരുക്കിയിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.