ശക്തന്‍ സ്റ്റാന്‍ഡ് നവീകരണം പാതിവഴിയില്‍

തൃശൂര്‍: പാതിവഴിയില്‍ നിര്‍ത്തിയ ശക്തന്‍ സ്റ്റാന്‍ഡിന്‍െറ നവീകരണത്തിന് ഇനി കോര്‍പറേഷന്‍െറ പുതിയ ഭരണസമിതി കനിയണം. ഏഴുകോടി ചെലവിട്ടുള്ള നവീകരണമാണ് കഴിഞ്ഞ ഭരണസമിതി അവസാന മാസങ്ങളില്‍ തുടങ്ങിയത്. ഇതില്‍ നികത്തലും വടക്കുഭാഗത്തെ യാര്‍ഡ് കോണ്‍ക്രീറ്റിങ്ങും പൂര്‍ത്തിയാകുമ്പോഴേക്കും തെരഞ്ഞെടുപ്പത്തെി. പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ വടക്കുഭാഗം യാര്‍ഡ് ആഴ്ചകള്‍ക്ക് മുമ്പാണ് തുറന്നു കൊടുത്തത്. കൃത്യതയോടെ പൂര്‍ത്തീകരിക്കാതെ തുറന്നു കൊടുത്ത സ്റ്റാന്‍ഡില്‍ ക്വാറിപ്പൊടി ശല്യമായിരുന്നു. യാത്രക്കാരും, ബസ് തൊഴിലാളികളും വ്യാപാരികളും പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഇത് കഴുകി വൃത്തിയാക്കാന്‍ ശുചീകരണ തൊഴിലാളികളോട് നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് ടൗണ്‍ പ്ളാനിങ് വിഭാഗം അറിയിച്ചത്. ഒന്നാം ഘട്ടമായി കുന്നംകുളം, ഗുരുവായൂര്‍, കോഴിക്കോട് ബസുകള്‍ പാര്‍ക്ക് ചെയ്യാറുള്ള വടക്കുഭാഗത്തെ യാര്‍ഡ് കോണ്‍ക്രീറ്റിങ്ങാണ് പൂര്‍ത്തീകരിച്ചത്. രണ്ടാംഘട്ടം പണി എപ്പോള്‍ തുടങ്ങുമെന്ന് ഒരുറപ്പുമില്ല. പാതിവഴിയിലായ കോണ്‍ക്രീറ്റിങ് ഇനി പുനരാരംഭിക്കണമെങ്കില്‍ പുതിയ കൗണ്‍സിലിന്‍െറ അനുമതി വേണം. മൂന്നു ഘട്ടത്തിലായി നടത്തുന്ന ശക്തന്‍ സ്റ്റാന്‍ഡ് നവീകരണത്തിന്‍െറ ഒന്നാം ഘട്ടത്തിനു മാത്രമായിരുന്നു രാജന്‍ പല്ലന്‍ മേയറായിരിക്കെ കൗണ്‍സിലിന്‍െറ അംഗീകാരമുണ്ടായിരുന്നത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണെങ്കിലും സ്റ്റാന്‍ഡ് നവീകരണം കോര്‍പറേഷന്‍ ചുമതലയാണെന്നതിനാല്‍ അംഗീകാരം ഒന്നിച്ച് നല്‍കാമെന്നിരിക്കെ, ആദ്യഘട്ടത്തിന് അനുമതി നല്‍കുകയും ഇത് പൂര്‍ത്തീകരിക്കുകയും ചെയ്തത് തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ടാണെന്നാണ് ആരോപണമുയരുന്നത്. ഇനി കോണ്‍ക്രീറ്റ് ചെയ്യാനുള്ള തെക്കുഭാഗത്തെ യാര്‍ഡിന്‍െറ സ്ഥിതി കൂടുതല്‍ മോശമാണ്. വടക്കുഭാഗത്ത് കോണ്‍ക്രീറ്റിങ് നടക്കുമ്പോള്‍ എല്ലാ ബസുകളും തെക്കുഭാഗത്തുനിന്നാണ് സര്‍വിസ് നടത്തിയിരുന്നത്. ഇതോടെ ടാറിങ് കൂടുതല്‍ തകര്‍ന്ന് യാര്‍ഡില്‍ ഭീമന്‍ കുഴികള്‍ രൂപപ്പെട്ടു. ഇപ്പോള്‍ പാലക്കാട്, കൊടുങ്ങല്ലൂര്‍, പീച്ചി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസുകള്‍ ഈ കുഴികളില്‍ വീണ് ഇളകിയാടിയാണ് പോകുന്നത്. ഇതിനിടെ കോണ്‍ക്രീറ്റിങ് പാതിവഴിയില്‍ ഉപേക്ഷിക്കുമോ എന്ന ആശങ്കയുണ്ട്. അടിക്കടി ടാറിങ് പൊളിയുന്നത് കണക്കിലെടുത്താണ് മാര്‍ക്കറ്റ് റോഡ് മാതൃകയില്‍ ശക്തന്‍ സ്റ്റാന്‍ഡും കോണ്‍ക്രീറ്റിങ് നടത്താന്‍ തീരുമാനിച്ചത്. പുതിയ കൗണ്‍സിലില്‍ അനുമതി ലഭിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാതിനു ശേഷമേ രണ്ടാം ഘട്ടപ്രവൃത്തികള്‍ ആരംഭിക്കാനാവൂ. നേരത്തെ സ്റ്റാന്‍ഡില്‍ ടൈല്‍ പതിക്കുന്ന പ്രവൃത്തികളും പാതിവഴിയില്‍ അവസാനിപ്പിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.