ഇന്നസെന്‍റ് എം.പി കേന്ദ്ര സര്‍ക്കാറിന് പദ്ധതി സമര്‍പ്പിച്ചു

ചാലക്കുടി: ടൂറിസം കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിച്ച് ‘ഹെറിറ്റേജ് ടൂറിസം സര്‍ക്യൂട്ട്’ സ്ഥാപിക്കുന്നതിനുള്ള പദ്ധതി കേന്ദ്രം ഉടന്‍ പരിഗണിക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി ഡോ. മഹേഷ് ശര്‍മ ഇന്നസെന്‍റ് എം.പിക്ക് ഉറപ്പുനല്‍കി. അടുത്ത സാമ്പത്തികവര്‍ഷം തന്നെ പദ്ധതിക്ക് ഫണ്ട് വകയിരുത്തുന്ന കാര്യം ആലോചിക്കും. പദ്ധതി നിര്‍ദേശവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി എം.പിയെ അറിയിച്ചു. എം.പിമാരായ പി. കരുണാകരന്‍, പി.കെ. ബിജു, സി.എന്‍. ജയദേവന്‍ എന്നിവരോടൊപ്പം മന്ത്രിയെ അദ്ദേഹത്തിന്‍െറ ഡല്‍ഹി ഓഫിസില്‍ സന്ദര്‍ശിച്ച് നടത്തിയ ചര്‍ച്ചയിലാണ് ഈ ഉറപ്പ് ലഭിച്ചത് ഹെറിറ്റേജ് ടൂറിസം സര്‍ക്യൂട്ട്, ‘സ്വദേശ് ദര്‍ശന്‍’ കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കണമെന്നാണ് ഇന്നസെന്‍റ് മന്ത്രിയോട് ആവശ്യപ്പെട്ടത്. കോടനാട്, ഇരിങ്ങോള്‍, കല്ലില്‍ ക്ഷേത്രം, നാഗഞ്ചേരി മന, പാണിയേലി പോര്, കാലടി, മലയാറ്റൂര്‍, എഴാറ്റുമുഖം പ്രകൃതിഗ്രാമം, അതിരപ്പിള്ളി, കൊടുങ്ങല്ലൂര്‍ എന്നീ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ടൂറിസം സര്‍ക്യൂട്ട് വിഭാവനം ചെയ്തിരിക്കുന്നത്. പാതയോര സൗകര്യങ്ങള്‍, ടൂറിസം കോംപ്ളക്സുകള്‍, റോഡ് വികസനം, റോപ് വേ, സ്കൈ ട്രെയിന്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു സര്‍ക്യൂട്ടിനുള്ള നിര്‍ദേശമാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇന്നസെന്‍റ് എം.പിയുടെ നിര്‍ദേശപ്രകാരം ടൂറിസം വകുപ്പാണ് സൈറ്റ് സര്‍വേ നടത്തി പ്രാഥമിക പ്രോജക്ട് റിപ്പോര്‍ട്ട് തയറാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.