കൊടുങ്ങല്ലൂര്‍: പുനരധിവാസ പദ്ധതിയില്‍ ജീവിതമാര്‍ഗം തേടിയ 90ഓളം സ്ത്രീകള്‍ ജപ്തിയുടെ കുരുക്കില്‍. ജെ.എഫ്.പി.ആര്‍ അഥവാ ജപ്പാന്‍ പുനരധിവാസ പദ്ധതിയെന്ന പേരില്‍ ഗ്രാമീണ മേഖലയിലെ ദാരിദ്ര്യ നിര്‍മാജന പദ്ധതിയില്‍ തൊഴില്‍ പരിശീലനം നേടിയവരാണ് കടക്കെണിയിലായത്. സ്ത്രീകളുടെ പേരില്‍ അവരറിയാതെ പദ്ധതി നടത്തിപ്പുകാര്‍ വന്‍ തുക വായ്പയെടുത്ത് മുങ്ങി. ബാങ്ക് ജപ്തി നടപടി തുടങ്ങിയപ്പോഴാണ് കെണിയില്‍ അകപ്പെട്ട വിവരമം സ്ത്രീകളറിയുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊടുങ്ങല്ലൂര്‍ ബ്രാഞ്ചില്‍ നിന്ന് സ്ത്രീകളുടെ പേരില്‍ അഞ്ച് ലക്ഷത്തോളം രൂപയാണ് കടമെടുത്തത്. ഇത് തിരിച്ചടക്കാതെ പലിശയും പിഴ പലിശയുമെല്ലാം ആയതോടെയാണ് ബാങ്ക് ജപ്തി നടപടി തുടങ്ങിയത്. കൊടുങ്ങല്ലൂരിനടുത്ത് ശ്രീനാരായണപുരം അഞ്ചാംപരുത്തി കേന്ദ്രമായി ആറ് വര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതി ഒന്നര വര്‍ഷം മുമ്പാണ് അടച്ചുപൂട്ടിയത്. പദ്ധതിക്ക് ജപ്പാന്‍ സഹായത്തിന് പുറമെ സൂനാമി പുനരധിവാസ പദ്ധതിയുടെ ഭാഗമായി 45 ലക്ഷം രൂപയും ലഭിച്ചിരുന്നതായി പറയുന്നു. ഇതേക്കുറിച്ച് വ്യക്തമായ വിവരം തൊഴില്‍ പരിശീലനം നേടിയവരോട് പറഞ്ഞിട്ടില്ല. മറ്റ് സാമ്പത്തിക കാര്യങ്ങളും പറഞ്ഞിരുന്നില്ല. ആലപ്പുഴ സ്വദേശിയായ സ്ത്രീയാണ് പദ്ധതിക്ക് നേതൃത്വം നല്‍കിയിരുന്നത്. അതേസമയം, ഓരോരുത്തരില്‍നിന്നും രേഖകളും നിരവധി വെള്ളപേപ്പറുകളും ഒപ്പിട്ട് വാങ്ങിയതായി സ്ത്രീകള്‍ പറയുന്നു. എറിയാട്, എടവിലങ്ങ്, മതിലകം, എസ്.എന്‍ പുരം, പെരിഞ്ഞനം എന്നീ ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള സ്ത്രീകളെ എട്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് പരിശീലനം നല്‍കിയിരുന്നത്. അഞ്ചാംപരുത്തിയിലും മൂന്നുപീടികയിലും മറ്റുമുള്ള യൂനിറ്റുകളിലും വസ്ത്രനിര്‍മാണം, എബ്രോയ്ഡറി, ടെയ്ലറിങ്, ഹൈടെക് ഫാഷന്‍ ഡിസൈനിങ്, ബ്യൂട്ടീഷ്യന്‍ കോഴ്സ് തുടങ്ങിയവ തൊഴിലുകളാണ് പരിശീലിപ്പിച്ചിരുന്നത്. ഈ ഗ്രൂപ്പുകളെ ഉപയോഗപ്പെടുത്തി അവരറിയാതെ വ്യക്തിപരമായ വായ്പകളാണ് പദ്ധതി നടത്തിപ്പുകാര്‍ ബാങ്കില്‍നിന്ന് തരപ്പെടുത്തിയിരുന്നത്. സൂനാമി ഫണ്ടും ജപ്പാന്‍ സഹായവും ലഭിച്ചിട്ടും എങ്ങനെ ചിലവഴിച്ചുവെന്നതും പ്രസക്തമാണ്. മുംബൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന് വിദഗ്ധര്‍ എത്തി പരിശീലനം നല്‍കി. ഡല്‍ഹിയില്‍ നടന്ന പ്രദര്‍ശനത്തില്‍ ഇവിടെ നിര്‍മിച്ച വസ്ത്രങ്ങള്‍ അംഗീകാരം പിടിച്ചുപറ്റിയിരുന്നു. കൊടുങ്ങല്ലൂര്‍ താലൂക്കിന്‍െറ വിവിധ ഭാഗങ്ങളിലും ഇവിടത്തെ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാല്‍, വിറ്റുവരവുകള്‍ എന്ത് ചെയ്തെന്ന് ഇരകളായ സ്ത്രീകളില്‍ പലര്‍ക്കും അറിയില്ല. കയറ്റുമതിയും ലക്ഷ്യമിട്ട പദ്ധതിയും തകര്‍ച്ചയിലേക്ക് നീങ്ങിയത് എങ്ങനെയെന്നും ഇവര്‍ക്ക് വ്യക്തമല്ല. യൂനിറ്റുകളില്‍ വിലപിടിപ്പുള്ള മെഷീനുകളും മറ്റും ഇപ്പോഴും അവശേഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.