പട്ടാളം റോഡ് വികസനം പൂര്‍ത്തിയാക്കാന്‍ ഇടതുഭരണ സമിതിയും

തൃശൂര്‍: കോര്‍പറേഷന്‍ കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതി തുടങ്ങിവെച്ച പട്ടാളം റോഡ് വികസനത്തിന് പുതിയ ഇടത് ഭരണസമിതിയും ഇടപെടുന്നു. കുപ്പിക്കഴുത്ത് മാറ്റാന്‍ പോസ്റ്റ് ഓഫിസ് കെട്ടിടം പൊളിക്കല്‍ ഒരാഴ്ചക്കകം തുടങ്ങുമെന്ന് മേയര്‍ അജിത ജയരാജനും ഡെ. മേയര്‍ വര്‍ഗീസ് കണ്ടംകുളത്തിയും പറഞ്ഞു. മുന്‍ യു.ഡി.എഫ് കൗണ്‍സിലിന്‍െറ പദ്ധതിയായതിനാല്‍ എതിര്‍പ്പുയര്‍ത്തി മാറി നില്‍ക്കാനാവില്ളെന്നതിനാല്‍ പുതിയ കൗണ്‍സിലിലെ യു.ഡി.എഫ് അംഗങ്ങളുടെ സഹകരണം ഉണ്ടാവുമെന്നാണ് സി.പി.എം വിലയിരുത്തുന്നത്. ഇതിലൂടെ സ്വന്തം പദ്ധതികളും നടപ്പാക്കും. കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ ഭരിക്കാനാവുമോയെന്ന സംശയത്തിന് പുതിയ നീക്കത്തിലൂടെ മറുപടി നല്‍കുകയാണ് തന്ത്രം. കഴിഞ്ഞ സെപ്റ്റംബറില്‍ തപാല്‍ വകുപ്പുമായി കോര്‍പറേഷന്‍ കരാര്‍ ഒപ്പുവെച്ചിരുന്നു. എം.ഒ റോഡിലെ പഴയ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്‍െറ ഒന്നാംനിലയിലാണ് പോസ്റ്റ് ഓഫിസിനായി സ്ഥലം ഒരുക്കിയത്. ഇവിടെ ഒരു ഡൈനിങ് ഹാള്‍ കൂടി അനുവദിക്കണമെന്നുള്ള ജീവനക്കാരുടെ പുതിയ ആവശ്യംകൂടി ഉടന്‍ നടപ്പാക്കിയശേഷമേ കെട്ടിടം പൊളിക്കൂ എന്ന് ഡെപ്യൂട്ടി മേയര്‍ പറഞ്ഞു. കെട്ടിടം പൊളിച്ചുകൊണ്ടുപോകാന്‍ 3,80,000 രൂപയുടെ ടെന്‍ഡര്‍ കഴിഞ്ഞ കൗണ്‍സില്‍ യോഗം അംഗീകരിച്ചിരുന്നു. കെട്ടിടം പൊളിച്ചാലും പോസ്റ്റ് ഓഫിസിന്‍െറ സ്ഥലം കൈമാറിക്കിട്ടണമെങ്കില്‍ കേന്ദ്രമന്ത്രിസഭ തീരുമാനം വേണം. അതിന് ഇനിയും സമയമെടുക്കും. മാസങ്ങള്‍ക്ക് മുമ്പേ ഇതിനായി മുന്‍ മേയര്‍ രാജന്‍ പല്ലന്‍െറ നേതൃത്വത്തില്‍ നീക്കം നടത്തിയതാണെങ്കിലും ഉത്തരവ് കിട്ടിയിയിരുന്നില്ല. അന്ന് പ്രദേശത്തെ എം.പിയുടെ സഹായം തേടാത്തതില്‍ ഏറെ വിമര്‍ശമുയര്‍ന്നിരുന്നു. ഇടതുമുന്നണി അത് തിരുത്തുകയാണ്. നഗരത്തെ പ്രതിനിധീകരിക്കുന്ന സി.എന്‍. ജയദേവനെ കൂടാതെ പി.കെ. ബിജു, ഇന്നസെന്‍റ്, സി.പി. നാരായണന്‍, എം.ബി. രാജേഷ് എന്നിവരെയും ബി.ജെ.പി കൗണ്‍സിലര്‍മാരുടെ സഹായത്തോടെയും കേന്ദ്ര മന്ത്രിമാരില്‍ സമ്മര്‍ദത്തിനാണ് ഉദ്ദേശിക്കുന്നത്. അതേസമയം, ഓഫിസ് മാറ്റം സംബന്ധിച്ച് തീരുമാനങ്ങളും കരാറും ഉള്ളതിനാല്‍ കെട്ടിടം പൊളിക്കുന്നതിനും ഓഫിസ് മാറ്റത്തിനും തടസ്സമില്ലാത്തതിനാല്‍ പ്രവൃത്തികള്‍ വൈകിപ്പിക്കേണ്ടതില്ളെന്നാണ് തീരുമാനം. 16.5 സെന്‍റ് സ്ഥലമാണ് പോസ്റ്റ് ഓഫിസിനുള്ളത്. പകരം അത്രയും സ്ഥലം കോര്‍പറേഷന്‍ പട്ടാളം റോഡരികില്‍തന്നെ പോസ്റ്റ് ഓഫിസിന് നല്‍കിയിട്ടുണ്ട്. ഒൗദ്യോഗികമായ കൈമാറ്റം ഇനിയും നടന്നിട്ടില്ല. കുപ്പിക്കഴുത്ത് നീക്കാന്‍ തൊട്ടടുത്തുള്ള മാരിയമ്മല്‍ ക്ഷേത്രത്തിന്‍െറ സ്ഥലം കൂടി ഏറ്റെടുക്കേണ്ടതുണ്ട്. ക്ഷേത്രം വക സ്ഥലം കൈമാറ്റത്തിന് ക്ഷേത്രഭാരവാഹികളുമായി നേരത്തെ കൗണ്‍സില്‍ ധാരണയായിട്ടുണ്ട്. മുന്നിലെ രണ്ടു വാടകമുറികളുടെ ഉടമ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ശ്രമം നിലച്ചിരിക്കുകയായിരുന്നു. ഇതും അടുത്ത നാളില്‍ ചര്‍ച്ച നടത്തി തര്‍ക്കപരിഹാരമുണ്ടാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.