കോടതി ഇടപെടല്‍: എരുമപ്പെട്ടിയിലെ സ്ഥിരം സമിതി അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് മാറ്റി

എരുമപ്പെട്ടി: ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായി. സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ വരണാധികാരി ചട്ടലംഘനം നടത്തിയെന്നാരോപിച്ച് ഭരണകക്ഷിയായ കോണ്‍ഗ്രസ് അംഗങ്ങള്‍ തെരഞ്ഞെടുപ്പ് കമീഷനെയും ഹൈകോടതിയെയും സമീപിച്ചതോടെയാണ് തിങ്കളാഴ്ച രാവിലെ 11ന് നടക്കേണ്ടിയിരുന്ന സ്ഥിരം സമിതി അധ്യക്ഷന്‍മാരുടെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. നിയമോപദേശം ലഭിച്ച ശേഷം പുതിയ തീയതി നിശ്ചയിച്ച് അറിയിക്കുമെന്നാണ് പഞ്ചായത്തംഗങ്ങള്‍ക്ക് ലഭിച്ച അറിയിപ്പില്‍ ഉള്ളത്. നേരത്തെ, സ്ഥിരം സമിതിയംഗങ്ങളുടെ തെരഞ്ഞെടുപ്പ് ചട്ടവിരുദ്ധമായാണ് നടന്നതെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് 18ാം വാര്‍ഡ് അംഗം എന്‍.കെ. കബീറും, ഏഴാം വാര്‍ഡ് അംഗം ഷീബ രാധാകൃഷ്ണനും 17ാം വാര്‍ഡ് അംഗം അനിത വിന്‍സെന്‍റും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിരുന്നു. കൂടാതെ 16ാം വാര്‍ഡ് അംഗം സി.എ. ജോസഫ് ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് വരണാധികാരിക്ക് കോടതി സമന്‍സ് അയക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.