പൈപ്പ് ഗോഡൗണില്‍ തീപിടിത്തം; നാലുകിലോമീറ്റര്‍ വിഷപ്പുക

ആമ്പല്ലൂര്‍: ചെങ്ങാലൂര്‍ എസ്.എന്‍ പുരത്ത് പ്രവര്‍ത്തിക്കുന്ന പി.വി.സി പൈപ്പ് ഗോഡൗണില്‍ വന്‍ തീപിടിത്തം. ആളപായമില്ല. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. മൂന്ന് നിലകളുള്ള കെട്ടിടത്തിന്‍െറ മുകളിലെ രണ്ട് നിലകള്‍ പൂര്‍ണമായും താഴത്തെ നില ഭാഗികമായും കത്തിനശിച്ചു. പുതുക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നത്തെിയ മൂന്ന് യൂനിറ്റ് ഫയര്‍ഫോഴ്സ് എട്ട് മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. പി.വി.സി പൈപ്പുകളും അനുബന്ധ ഉപകരണങ്ങളുമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. തീപിടിത്തത്തിന്‍െറ കാരണം വ്യക്തമല്ല. എസ്.എന്‍ പുരം സ്വദേശി വെണ്ണാട്ടുപറമ്പില്‍ മാന്‍സന്‍െറ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗണ്‍. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെനിന്ന് പൈപ്പ് വിതരണം ചെയ്യുന്നുണ്ട്. 75 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. കെട്ടിടത്തില്‍ മതിയായ അഗ്നി സുരക്ഷാസംവിധാനങ്ങളില്ലാതിരുന്നതാണ് തീപിടിത്തത്തിന്‍െറ വ്യാപ്തി വര്‍ധിപ്പിച്ചതെന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൈപ്പ് ഒട്ടിക്കാനുപയോഗിക്കുന്ന പെട്രോളിയം ഉല്‍പന്നങ്ങള്‍കൊണ്ട് നിര്‍മിച്ച പശ കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്നു. ഇതിലേക്ക് തീ പടര്‍ന്നതോടെ വന്‍തോതില്‍ വിഷപ്പുക പരിസരമാകെ വ്യാപിച്ചു. ഇത് തീ കെടുത്താനുള്ള പ്രവര്‍ത്തനങ്ങളെ ബാധിച്ചു. മൂന്നുനില കെട്ടിടത്തിന്‍െറ മുകളിലേക്ക് പുറത്ത് ഗോവണി നിര്‍മിച്ചിരുന്നില്ല. കെട്ടിടത്തിന് ആവശ്യമായ ജനലകളും ഇല്ലായിരുന്നു. അഗ്നിശമന സേനാംഗങ്ങള്‍ കെട്ടിടത്തിന്‍െറ പിന്നിലൂടെ ഏണി ഉപയോഗിച്ച് കയറിയാണ് തീ അണച്ചത്. അഗ്നിബാധയും വിഷപ്പുകയും മൂലം പ്രദേശത്തെ അങ്കണവാടികളും ട്യൂഷന്‍ സെന്‍ററുകളും വ്യാഴാഴ്ച പ്രവര്‍ത്തിച്ചില്ല. നാലുകിലോമീറ്റര്‍ ചുറ്റളവില്‍ വിഷപ്പുക പരന്നിരുന്നു. എസ്.എന്‍ പുരം പള്ളിക്കുസമീപം ചുറ്റും വീടുകളുള്ള സ്ഥലത്താണ് ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.