തൃശൂര്‍: മലയാള നാടകവേദിക്ക് ആധുനിക രംഗഭാഷ ഒരുക്കിയ നാടകാചാര്യനായിരുന്നു തിങ്കളാഴ്ച രാത്രി മരിച്ച പ്രഫ. എസ് രാമാനുജം. 1969ല്‍ ശാസ്താംകോട്ട നാടകക്കളരിയില്‍വെച്ച് ജി. ശങ്കരപ്പിള്ളയുടെ ക്ഷണം സ്വീകരിച്ചാണ് ആദ്യമായി മലയാള നാടകവേദിയില്‍ അദ്ദേഹം എത്തിയത്. 1978ല്‍ തൃശൂരില്‍ സ്കൂള്‍ ഓഫ് ഡ്രാമ സ്ഥാപിതമായപ്പോള്‍ അസി.ഡയറക്ടറായി ചുമതലയേറ്റു. ജി. ശങ്കരപ്പിള്ളയുടെ ആശയവും രാമാനുജത്തിന്‍െറ പ്രായോഗികതയുമാണ് മലയാള നാടകവേദിയെ രൂപപ്പെടുത്തിയത്. ഡയറക്ടറായിരുന്ന ജി. ശങ്കരപ്പിള്ള ഡ്രാമ സ്കൂളില്‍നിന്ന് ഒഴിഞ്ഞപ്പോള്‍ രാമാനുജം തമിഴ്നാട്ടിലേക്ക് മടങ്ങി. പിന്നീട് ഏറക്കാലം തമിഴ് സര്‍വകലാശാലയിലെ നാടക വിഭാഗം മേധാവിയായിരുന്നു. തമിഴ്നാട്ടിലെ ദലിതര്‍ അടക്കമുള്ള പ്രാന്തവത്കൃത ജനവിഭാഗത്തെ അരങ്ങിലത്തെിക്കാനുള്ള അദ്ദേഹത്തിന്‍െറ ശ്രമങ്ങള്‍ എടുത്തുപറയേണ്ടതാണ്. തമിഴ്നാട്ടിലേക്ക് മടങ്ങിയ ശേഷവും സ്കൂള്‍ ഓഫ് ഡ്രാമയിലെ നാടകക്യാമ്പുകളിലെ നിറസാന്നിധ്യമായിരുന്നു രാമാനുജം. പ്രായത്തിന്‍െറ അവശതകളെ തോല്‍പിച്ച് തഞ്ചാവൂരില്‍നിന്ന് അദ്ദേഹം വരുമായിരുന്നു. അടുത്ത ജനുവരിയില്‍ നടക്കുന്ന നാടകക്യാമ്പില്‍ മുഖ്യ പരിശീലകനായി വരാമെന്നേറ്റതായിരുന്നു. ജനുവരി നാലിന് ഒറ്റപ്പാലം എന്‍.എസ് കോളജിലും തൃശൂര്‍ രംഗചേതനയുടെ നാടകശില്‍പശാലയിലും സംബന്ധിക്കാനിരിക്കെയാണ് മരണം. ഏറ്റവും മികച്ച നാടക പ്രവര്‍ത്തകനുള്ള കേരള സര്‍ക്കാറിന്‍െറ എസ്.എല്‍ പുരം സാദാനന്ദന്‍ അവാര്‍ഡ് രാമാനുജത്തിന് ലഭിച്ചിട്ടുണ്ട്. സംഗീത നാടക അക്കാദമി പുരസ്കാരം, മലയാള നാടകവേദിയുടെ രംഗചേതന പുരസ്കരം എന്നിവയും ലഭിച്ചു. ഇന്ത്യക്കകത്തും പുറത്തുമായി ആയിരക്കണക്കിന് ശിക്ഷ്യസമ്പത്തിനുടമയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.