തൃശൂര്‍: ഇഞ്ചിക്കറി മുതല്‍ പച്ചടി വരെ മുപ്പതു വരെ വിഭവങ്ങള്‍. കൂടെ പഴം നുറുക്കും പൂവന്‍ പഴവും. തൂശനിലയും ഗ്ളാസും ഒപ്പമുണ്ട്. വില 150 രൂപ മുതല്‍ 400 വരെ. ഓണസദ്യയുമായി കാറ്ററിങ് സ്ഥാപനങ്ങളും ഹോട്ടലുകളും ഒരുങ്ങിക്കഴിഞ്ഞു. സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കുമായി ഓണസദ്യ നേരത്തെ ഒരുക്കിയിരുന്നെങ്കിലും ഉത്രാടം മുതലാണ് യഥാര്‍ഥ സദ്യ തുടങ്ങുന്നത്. മൂന്നു തരം പായസം, പച്ചടി, കിച്ചടി, പുളിയിഞ്ചി, അവിയല്‍, തോരന്‍, പപ്പടം, ശര്‍ക്കര വരട്ടി, ഉപ്പേരി, പഴം തുടങ്ങി ഇരുപതിലധികം ഇനങ്ങളാണ് സദ്യവട്ടം. 25 ഇനം കറികളും മൂന്നുകൂട്ടം പായസങ്ങളുമുള്ള പ്രത്യേക തിരുവോണ സദ്യയും ഉണ്ട്. വിവിധ കേന്ദ്രങ്ങളില്‍ കെ.ടി.ഡി.സി പായസമേള ഒരുക്കിയിരിക്കുന്നു. സദ്യ പാഴ്സലായി നേരിട്ടും ഓര്‍ഡര്‍ അനുസരിച്ച് നിശ്ചിത സ്ഥലങ്ങളില്‍ എത്തിച്ചും കൊടുക്കുന്ന ഹോട്ടലുകളും കാറ്ററിങ് സെന്‍ററുകളുമുണ്ട്. തൃശൂരിലെ പാചക വിദഗ്ധരായ വെളപ്പായ കണ്ണന്‍ സ്വാമി, അമ്പി സ്വാമിയുടെ മകന്‍ ഹരിഹരന്‍ സ്വാമി എന്നിവരെല്ലാം തിരക്കിലാണ്. വില കഴിഞ്ഞ വര്‍ഷത്തേതിലും കൂടുതലാണ്. ആവശ്യക്കാര്‍ക്ക് അടപ്രഥമന്‍ മുതല്‍ പാല്‍പായസം വരെ കിട്ടും. ലിറ്ററിന് 160 രൂപ മുതല്‍ 200 വരെയാണു വില. ശര്‍ക്കര, തേങ്ങ, നെയ്യ് തുടങ്ങിയവയുടെ വില വര്‍ധിച്ചതാണ് വില കൂടാന്‍ കാരണമായി പറയുന്നത്. അരിപ്പായസം, അടപ്രഥമന്‍, പാലടപ്രഥമന്‍, ചെറുപയര്‍ പായസം, പരിപ്പു പായസം, ഗോതമ്പു പായസം, പഴങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ പായസം എന്നിവയാണ് കൂടുതലും വിറ്റഴിക്കുന്നത്. പലതുണ്ട് പായസവിശേഷം തൃശൂര്‍: ഓണം മധുരതരമാക്കാന്‍ കെ.ടി.ഡി.സി പായസമേള തുടങ്ങി. ഏഴ് ദിവസങ്ങളില്‍ 11 രുചികള്‍ ഒരുക്കുന്ന പായസമേള തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തിരുവോണനാളില്‍ നുണയാം സ്പെഷല്‍ പഴപ്രഥമന്‍. പാലട, പരിപ്പ്, അട, ഗോതമ്പ്, പാല്‍, പൈനാപ്പിള്‍, കാരറ്റ്, ഈന്തപ്പഴം, തണ്ണിമത്തന്‍, ഉണ്ണിയപ്പം അടക്കം പായസപ്രേമികള്‍ക്ക് നാവുവെച്ച് കീഴടങ്ങാന്‍ പലതുണ്ട് വിഭവങ്ങള്‍. ബുധനാഴ്ചയും ശനിയാഴ്ചയും കാരറ്റ് പായസം, ഉത്രാടദിനത്തില്‍ ഈന്തപ്പഴം, തിരുവോണത്തിന് തണ്ണിമത്തന്‍, തിങ്കളാഴ്ച ഉണ്ണിയപ്പം. ചൊവ്വാഴ്ച മുതല്‍ 31 വരെ സ്പെഷല്‍ പാലട, പരിപ്പ്പ്രഥമന്‍, 30ാം തീയതി ഒഴികെ ആറുദിവസം അടപ്രഥമന്‍, 26,27,28,30 തീയതികളില്‍ ഗോതമ്പ്, 27,28 തീയതികളില്‍ പാല്‍പായസവും ഒരുക്കും. പായസത്തിലെ കെ.ടി.ഡി.സി നൈപുണ്യം അറിയാന്‍ സ്റ്റേഡിയം റോഡിലുള്ള യാത്രിനിവാസില്‍ എത്തിയാല്‍ മതി. കെ.ടി.ഡി.സിയിലെ പാചകവിദഗ്ധരായ ഹരിനാരായണന്‍,രാജേഷ്, രതീഷ്, കാസിം, മിഥുന്‍ കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് പായസവും ഓണസദ്യയും ഒരുക്കുന്നത്. എല്ലാ വിഭവങ്ങളും ഓവന്‍ ഫ്രണ്ട്ലി കണ്ടെയ്നറുകളില്‍ ലഭ്യമാണ്. ബുക്കിങിന് 2332333, 9400008679. പായസമേള ദിവസവും രാവിലെ ഒമ്പതിന് ആരംഭിക്കും. യാത്രി നിവാസ് സ്പെഷല്‍ പവലിയന്‍ രാവിലെ ഏഴ് മുതല്‍ രാത്രി പത്ത് വരെ പ്രവര്‍ത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.