വേദനകള്‍ മാറിനിന്നു; പാട്ടും നൃത്തവുമായി അവര്‍ ഒത്തുചേര്‍ന്നു

വാടാനപ്പള്ളി: ഇന്നലെ അവര്‍ വേദനകള്‍ക്ക് അവധി നല്‍കി. പാട്ടും നൃത്തവും കഥപറച്ചിലും ഓണക്കളികളുമായി എല്ലാവരും ഒത്തുചേര്‍ന്നു. വിധി സമ്മാനിച്ച വേദനകള്‍ അല്‍പനേരത്തേക്കെങ്കിലും അകന്നുനിന്ന സന്തോഷമായിരുന്നു എല്ലാ മുഖങ്ങളിലും. തളിക്കുളം ബ്ളോക് പഞ്ചായത്തിന് കീഴിലെ തൃത്തല്ലൂര്‍ പാലിയേറ്റിവ് കാന്‍സര്‍ യൂനിറ്റിലെ മുന്നൂറോളം രോഗികളും കുടുംബാംഗങ്ങളുമാണ് ഓണാഘോഷത്തിന്‍െറ ഭാഗമായി ഒത്തുചേര്‍ന്നത്. തൃത്തല്ലൂര്‍ ശ്രീശൈലം ഓഡിറ്റോറിയത്തില്‍ പാലിയേറ്റിവ് യൂനിറ്റാണ് വേറിട്ട ആഘോഷത്തിന് വേദിയൊരുക്കിയത്. ആഘോഷ പരിപാടികളില്‍ രോഗികള്‍ക്കൊപ്പം വളന്‍റിയര്‍മാരും ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും പങ്കുചേര്‍ന്നു. കലാപരിപാടികള്‍ക്ക് ശേഷം രോഗികള്‍ക്ക് ഓണക്കിറ്റും പുടവയും നല്‍കി. ഓണസദ്യയും ഒരുക്കിയിരുന്നു. യൂനിറ്റിന് നേതൃത്വം നല്‍കുന്ന തളിക്കുളം ബ്ളോക് പ്രസിഡന്‍റ് കെ. ദിലീപ് കുമാര്‍, ഭാരവാഹി സുബൈദ മുഹമ്മദ്, ലീന രാമനാഥന്‍, പഞ്ചായത്ത് പ്രസിഡന്‍റ് ഗില്‍സ തിലകന്‍, തമ്പി കളത്തില്‍ തുടങ്ങിയവരെ ആദരിച്ചു. ഓണാഘോഷം പി.എ. മാധവന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഓണപ്പുടവയും കിറ്റും വിതരണോദ്ഘാടനം നടന്‍ രാജീവ് മേനോന്‍ നിര്‍വഹിച്ചു. ബ്ളോക് പ്രസിഡന്‍റ് കെ. ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് ഗില്‍സ തിലകന്‍, മുന്‍ പ്രസിഡന്‍റുമാരായ സുബൈദ മുഹമ്മദ്, ലീന രാമനാഥന്‍, രജനി കൃഷ്ണാനന്ദ്, ജില്ലാ പഞ്ചായത്തംഗം സി.എം. നൗഷാദ്, ഡോ. എന്‍.എ. മാഹിന്‍, വി.ബി. അഹമ്മദ്, റഊഫ് ചേറ്റുവ, സി.കെ. സോമനാഥന്‍, ജെ. രമാദേവി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.