കുത്തുമാക്കല്‍ -ചിറക്കല്‍ ചിറപുഴതോട് പദ്ധതിക്ക് 4.8 കോടി അനുവദിച്ചു

പെരിഞ്ഞനം: എടത്തിരുത്തി കുത്തുമാക്കല്‍ -ചിറയ്ക്കല്‍ ചിറപുഴതോട് പദ്ധതിയുടെ നടത്തിപ്പിനായി 4.8 കോടി ആസ്തി വികസനഫണ്ടില്‍ നിന്നും അനുവദിച്ചതായി വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ അറിയിച്ചു. പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. മേജര്‍ ഇറിഗേഷന്‍ വിഭാഗത്തിനാണ് പദ്ധതി നടത്തിപ്പ് ചുമതല. എടത്തിരുത്തി, കയ്പമംഗലം ഗ്രാമപഞ്ചായത്തുകളിലെ പാടശേഖരങ്ങളില്‍ നെല്‍കൃഷി പുനരാരംഭിക്കുന്നതിനായാണ് പദ്ധതി. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രദേശത്ത് നെല്‍കൃഷി ഏതാണ്ട് 20 ഹെക്ടറായി ചുരുങ്ങി. സര്‍ക്കാര്‍ സീഡ്ഫാമിലെ 98 ഹെക്ടര്‍ സ്ഥലം നെല്‍കൃഷിക്ക് അനുയോജ്യമാണ്. നെല്‍കൃഷി ചെയ്യാന്‍ പറ്റാത്തതിന്‍െറ കാരണം ശുദ്ധജലത്തിന്‍െറ ദൗര്‍ലഭ്യമാണ്. എടത്തിരുത്തി പഞ്ചായത്തിലെ പാടശേഖരങ്ങളായ എടത്തിരുത്തി പാടശേഖരം, പൈനൂര്‍ അയ്യംപടി പാടശേഖരം, മാണിയംതാഴം മധുരംപള്ളി പാടശേഖരം എന്നിവയുടെ മധ്യത്തിലും കുറുകെയുമായി കോഴിത്തുമ്പ് മുതല്‍ പൈനൂര്‍ വരെ ജലസേചന സൗകര്യം ലക്ഷ്യമിട്ട് എട്ട് കി.മീ നീളത്തില്‍ ഉണ്ടാക്കിയ ചിറയ്ക്കല്‍ -ചെറുപുഴതോട് വേനലില്‍ വറ്റിവരണ്ട അവസ്ഥയിലാണ്. ചുറ്റുപ്രദേശങ്ങളില്‍ ഉപ്പുവെള്ളവും കയറും. ഇതുമൂലം നെല്‍കൃഷി ചെയ്യുന്നത് അസാധ്യമാവുകയും തെങ്ങ്, വാഴ, പച്ചക്കറികള്‍ തുടങ്ങിയ വിളകള്‍ക്ക് പറമ്പുകളില്‍ ശുദ്ധജലം ലഭിക്കാതെ ഉല്‍പാദനം കുറയുകയും ചെയ്യുന്ന അവസ്ഥയാണ്. താണിശേരി കനാലില്‍ നിന്നും കുത്തുമാക്കല്‍ ഷട്ടര്‍ തുറന്ന് കനോലി കനാലിലേക്ക് ഒഴുക്കി കളയുന്ന അധികജലം പൈപ്പ്ലൈന്‍ വഴി ചിറയ്ക്കല്‍ ചെറുപുഴ തോടിലേക്ക് കടത്തിവിടുകയും ശുദ്ധജലലഭ്യത എടത്തിരുത്തിയില്‍ ഉണ്ടാക്കുകയും ചെയ്യുക എന്നാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. പദ്ധതി നിലവില്‍ വന്നാല്‍ എടത്തിരുത്തി പഞ്ചായത്തിലെ 80 ഹെക്ടര്‍ നിലം നെല്‍കൃഷിലേക്ക് കൊണ്ടുവരാന്‍ സാധിക്കും. കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന എടത്തുരുത്തി പഞ്ചായത്തിലെ നാല്, അഞ്ച്, ആറ്, 14 തുടങ്ങിയ വാര്‍ഡുകളില്‍ ഉപ്പുവെള്ളത്തിന്‍െറ കാഠിന്യം കുറക്കാനും ശുദ്ധജല ലഭ്യത വര്‍ധിപ്പിക്കാനും സാധിക്കുമെന്നും വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.