തുണിക്കടയില്‍ കഞ്ചാവ് വില്‍പന; ഉടമ പിടിയില്‍

തൃശൂര്‍: ന്യൂജനറേഷന്‍ റെഡിമെയ്ഡ് ഷോപ്പ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന; കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ചില റെഡിമെയ്ഡ് വസ്ത്രവിപണന സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍ക്കുന്നുവെന്ന രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ഷാഡോ പൊലീസും ഈസ്റ്റ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ബിനി ജങ്ഷന് സമീപം ¥ൈകലാസ് ബില്‍ഡിങ്ങില്‍ ‘ലാ ബാംബ’ റെഡിമെയ്ഡ് ഷോപ്പ് റെയ്ഡ് ചെയ്ത് കട നടത്തുന്ന പെരുങ്ങോട്ടുകര സ്വദേശി ബിമലിനെ പിടികൂടിയത്. ഇയാളില്‍ നിന്ന് വില്‍ക്കാനുള്ള കഞ്ചാവും കണ്ടെടുത്തു. നഗരത്തിലെ ചില ഷോപ്പുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍ക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച വൈകീട്ടോടെ ബിനി ജങ്ഷന് സമീപമുള്ള കടയില്‍ പൊലീസ് പരിശോധനക്ക് എത്തിയത്. കഞ്ചാവ് വാങ്ങാനെന്ന വ്യാജേന ചിലരെ കടയിലേക്ക് അയച്ചു. സ്റ്റോക്ക് തീര്‍ന്നുവെന്നും കുറച്ചുനേരം കാത്തുനിന്നാല്‍ സാധനം എത്തിക്കാമെന്നും കടയുടമ പറഞ്ഞുവത്രേ. അതിന്‍െറ അടിസ്ഥാനത്തില്‍ അവര്‍ കാത്തുനിന്നു. മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവില്‍ കഞ്ചാവ് എത്തിച്ചു. തുടര്‍ന്ന് പൊലീസ് എത്തി കടയുടമയെയും അവിടെ കഞ്ചാവ് വാങ്ങാനത്തെിയ ഏതാനും കോളജ് വിദ്യാര്‍ഥികളെയും കസ്റ്റഡിയിലെടുത്തു. വില്‍പനക്കായി എത്തിച്ച കഞ്ചാവും കണ്ടെടുത്തു. കടയുടമയെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയെങ്കിലും പിന്നീട് കേസ് ഒതുക്കനുള്ള ശ്രമങ്ങളുണ്ടായെന്ന് ആക്ഷേപമുയര്‍ന്നു. എന്നാല്‍, കടയുടമക്കെതിരെ മയക്കുമരുന്ന് നിരോധ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും അയാളെ കോടതിയില്‍ ഹാജരാക്കുമെന്നും ഈസ്റ്റ് പൊലീസ് പറഞ്ഞു. മുമ്പ് തിരുവനന്തപുരം, എറണാകുളം നഗരങ്ങളില്‍ ഇത്തരത്തില്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടന്നിരുന്നു. കഞ്ചാവ് ഇലയുടെ ചിത്രങ്ങളും മറ്റും പ്രദര്‍ശിപ്പിച്ചാണ് ഇവിടങ്ങളിലേക്ക് വിദ്യാര്‍ഥികളെയും യുവാക്കളെയും ആകര്‍ഷിക്കുന്നത്. ഇത്തരം ഷോപ്പുകള്‍ കോളജ് വിദ്യാര്‍ഥികളെ കൂടുതലായി ആകര്‍ഷിക്കുന്ന തരത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള സൗകര്യങ്ങളും ഈ ഷോപ്പുകളില്‍ ഒരുക്കിയിട്ടുണ്ടത്രേ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.