തൃശൂര്‍: ജില്ലയിലെ ചെറുതും വലുതുമായ ഭക്ഷണ വില്‍പനശാലകളില്‍ ഉപയോഗിക്കുന്ന വെള്ളം ആരോഗ്യവകുപ്പ് പരിശോധിക്കുന്നില്ല. പതിനായിരക്കണക്കിന് ഭക്ഷണ വില്‍പനശാലകളുള്ളപ്പോള്‍ ജനുവരി ഒന്ന് മുതല്‍ ജൂണ്‍ 30 വരെ പരിശോധിച്ചത് 350 എണ്ണത്തില്‍ മാത്രം. അതില്‍ 200ലും ബാക്ടീരിയ-കോളിഫോം അംശം പരിധിയിലധികമുണ്ട്. വിവരാവകാശ അപേക്ഷ പ്രകാരം കേരള ഹോട്ടല്‍ ഭക്ഷണ ഉപഭോക്തൃ സംഘടനക്ക് വാട്ടര്‍ അതോറിറ്റിയുടെ ഗുണനിലവാര പരിശോധന വിഭാഗം അസി. എന്‍ജിനീയര്‍ നല്‍കിയ മറുപടിയിലാണ് ഞെട്ടിക്കുന്ന ഈ വിവരം. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് ഇത്തരം സ്ഥാപനങ്ങള്‍ തദ്ദേശ ഭരണസ്ഥാപനത്തില്‍ നിന്ന് പ്രവര്‍ത്തനാനുമതി ലൈസന്‍സും ഭക്ഷ്യസുരക്ഷാ വകുപ്പില്‍നിന്ന് അനുമതി പത്രവും വാങ്ങുന്നത്. വെള്ളത്തിന്‍െറ പരിശോധനാ ഫലം ഇല്ലാതെ തന്നെ ഇത്രയും സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ മറുപടിയില്‍നിന്ന് വ്യക്തമാവുന്നത്. ഭക്ഷണ പദാര്‍ഥങ്ങള്‍ ഉണ്ടാക്കാന്‍ വെള്ളം ഉപയോഗിക്കുന്ന ഹോട്ടല്‍, റസ്റ്റാറന്‍റ്, ടീ ഷോപ്പ്, കാന്‍റീന്‍, കാറ്ററിങ് സര്‍വീസ്, ബേക്കറി, പാക്ക് ചെയ്ത ഭക്ഷ്യോല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന യൂനിറ്റ് എന്നീ ഗണത്തില്‍പ്പെട്ട 65,000 സ്ഥാപനങ്ങള്‍ ജില്ലയില്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഇതില്‍പെടാത്ത വഴിയോര തട്ടുകടകളുമുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ ആറുമാസത്തിലൊരിക്കല്‍ അംഗീകാരമുള്ള ലബോറട്ടറിയില്‍ വെള്ളം പരിശോധിച്ച് റിപ്പോര്‍ട്ട് സൂക്ഷിക്കണമെന്ന് പഞ്ചായത്ത്, നഗരസഭകളും ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകളും വ്യവസ്ഥ ചെയതിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം ആദ്യത്തെ ആറുമാസത്തിനിടെ 350 സ്ഥാപനങ്ങള്‍ മാത്രമാണ് വെള്ളം പരിശോധിച്ചത്. പരിശോധിച്ച 166 ഹോട്ടലുകളില്‍ 97ലും ഉപയോഗിക്കുന്ന വെള്ളത്തില്‍ ബാക്ടീരിയ-കോളിഫോം അളവ് അനുവദനീയമായതിലും കൂടുതലാണ്. ബേബി ഫുഡ് ഫാക്ടറിയില്‍ പോലും വിഷാംശമുള്ള വെള്ളം ഉപയോഗിക്കുന്നു. ബന്ധപ്പെട്ട വകുപ്പുകള്‍ ഗുരുതര വീഴ്ച വരുത്തുന്നെന്നാണ് പരിശോധനാ ഫലം തെളിയിക്കുന്നതെന്ന് സംഘടനാ പ്രതിനിധികളായ കെ. രാധാകൃഷ്ണന്‍, പി.കെ. ഡേവീസ്, സി.എസ്. ഇബ്രാഹിംകുട്ടി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.