ആദിവാസികളുമായി സൗഹൃദം പങ്കിട്ട്, ഒപ്പം ചേര്‍ത്ത് വനപാലകര്‍

അതിരപ്പിള്ളി: ആദിവാസികളുമായുള്ള ബന്ധം ശക്തമാക്കുന്നതിന് വനംവകുപ്പ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാഴച്ചാല്‍ വനമേഖലയിലെ ആദിവാസി ഊരുകളില്‍ സന്ദര്‍ശനം നടത്തി. പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററും വനം സേനയുടെ തലവനുമായ ഡോ. ബി.എസ്. കോറിയാണ് ആദിവാസി ഊരുകളില്‍ എത്തിയത്. വനപാലകരും ആദിവാസികളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനും ആദിവാസികളുടെ ക്ഷേമത്തിനാവശ്യമായ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ വനം വകുപ്പിന്‍െറ സഹകരണം പഠിക്കുന്നതിനും വേണ്ടിയാണ് അദ്ദേഹം എത്തിയത്. ആദിവാസി യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഇക്കോ ടൂറിസം പദ്ധതിയില്‍ ഉടന്‍ തൊഴില്‍ നല്‍കാന്‍ നടപടിയെടുക്കാന്‍ വാഴച്ചാല്‍ ഡി.എഫ്.ഒയോട് അദ്ദേഹം നിര്‍ദേശിച്ചു. വാഴച്ചാല്‍, മുക്കംപുഴ, പൊകലപ്പാറ തുടങ്ങിയ ഊരുകളിലെ ആദിവാസികളുമായി അദ്ദേഹം ചര്‍ച്ച നടത്തി. വാഴച്ചാല്‍ ഡി.എഫ്.ഒ എന്‍. രാജേഷ്, ചാര്‍പ്പ ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ഇ.എസ്. സദാനന്ദന്‍, ഷോളയാര്‍ റേഞ്ച് ഓഫിസര്‍ പ്രഭുദാസ്, അതിരപ്പിള്ളി റേഞ്ച് ഓഫിസര്‍ ടി.വി. മോഹനന്‍, വാഴച്ചാല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഡെ. റേഞ്ചര്‍ കെ.വി. മനോജ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.