പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ

കോന്നി: കുടിനീരിനായി ജനം നെട്ടോട്ടമോടുമ്പോൾ പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കുമ്മണ്ണൂർ, മുളന്തറ പ്രദേശങ്ങളിലേക്ക് കടന്നുപോകുന്ന മാളാപ്പാറ ശുദ്ധജല പദ്ധതിയുടെ മാവനാൽ ജങ്ഷനിലെ പൈപ്പ് ലൈനാണ് പൊട്ടിയത്. കുമ്മണ്ണൂർ, മുളന്തറ പ്രദേശങ്ങളിലെ നിരവധി ജനങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നതും ഈ പൈപ്പ് ലൈനിനെയാണ്‌. അരുവാപ്പുലം ഗ്രാമപഞ്ചായത്തി​െൻറ ഒന്ന്, രണ്ട് വാർഡുകളിലേക്കാണ് പൈപ്പ് ലൈൻ കടന്നുപോകുന്നത്. പൈപ്പ് പൊട്ടിയ വിവരം വാട്ടർ അതോറിറ്റി അധികൃതരെ നാട്ടുകാർ അറിയിച്ചിട്ടും അറ്റകുറ്റപ്പണി നടത്താൻ തയാറാകുന്നില്ലെന്നാണ് പരാതി. കാലപ്പഴക്കം ചെന്നതും പൊട്ടിയതുമായ പൈപ്പ് ലൈനുകളാണ് മാളാപ്പാറ ശുദ്ധജല പദ്ധതിയിലേറെയും. കൂടുതൽ സ്ഥലങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യുമ്പോൾ പൈപ്പ് ലൈൻ പൊട്ടുന്നത് പതിവാണ്. നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന പ്രദേശത്തെ കുടിവെള്ള പൈപ്പുകളുടെ തകരാർ പരിഹരിച്ച് ശുദ്ധജല വിതരണം സുഗമമാക്കണമെന്ന് ജനം ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.