സ്വകാര്യ മൊബൈൽ ടവറിനെതിരെ പ്രതിഷേധം ശക്തമാകുന്നു

കോന്നി: കോന്നി ഗ്രാമപഞ്ചായത്തി​െൻറ 17ാം വാർഡിലെ ഫോറസ്റ്റ് ഇൻസ്പക്ഷൻ ബംഗ്ലാവ് പരിസരത്തെ ജനവാസ മേഖലയിൽ സ്വകാര്യ മൊബൈൽ ഫോൺ കമ്പനിയുടെ ടവർ സ്ഥാപിക്കുന്നതിനെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു. ഒരാഴ്ച മുമ്പാണ് ടവർ സ്ഥാപിക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ കമ്പനി ആരംഭിച്ചത്. കോന്നിയുടെ ഹൃദയഭാഗത്തായി നൂറിലേറെ വീടുകൾ സ്ഥിതിചെയ്യുന്നതി​െൻറ മധ്യത്തിലാണ് നാട്ടുകാരുടെ എതിർപ്പിനെ മറികടന്ന് മൊബൈൽ ടവർ നിർമിക്കുന്നത്. ഫോറസ്റ്റ് ഇൻസ്പക്ഷൻ ബംഗ്ലാവ് പരിസരത്തെ വനം വകുപ്പി​െൻറ അധീനതയിലുള്ള റോഡിലൂടെ വേണം ടവർ നിർമിക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേരണ്ടത്. ഇൗ റോഡിലൂടെ ടവർ നിർമാണം നടക്കുന്ന ഭൂമിയിലേക്ക് അനധികൃതമായി മണ്ണുമാന്തി ഓടിച്ചത് വനം വകുപ്പ് അധികൃതർ തടഞ്ഞിരുന്നു. ഹർത്താൽ ദിനത്തിലാണ് നിർമാണം ആരംഭിച്ചത്. നാട്ടുകാരുടെ നേതൃത്വത്തിൽ പിന്നീട് നിർമാണ പ്രവർത്തനം തടഞ്ഞിരുന്നു. അനധികൃത മൊബൈൽ ടവർ നിർമാണം ചോദ്യംചെയ്ത പ്രദേശവാസികളെ കമ്പനി അധികൃതർ ഭീഷണിപ്പെടുത്തിയതായും പ്രദേശവാസികൾ പറയുന്നു. സ്ഥലത്തെ പാറ പൊട്ടിച്ചുമാറ്റാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. വീടുകളുടെ ഏഴ് മീറ്റർ മാത്രം അകലെയാണ് മൊബൈൽ ടവർ നിർമിക്കുന്നത്. ഏഴ് വർഷം മുമ്പ് മറ്റൊരു മൊബൈൽ കമ്പനിയുടെ ടവർ നിർമിക്കാൻ ഇവിടെ സ്ഥലപരിശോധന നടത്തിയെങ്കിലും പാറ കണ്ടെത്തിയതിനെ തുടർന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ജനം തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ടവർ നിർമിച്ചാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായി തീരുമെന്നാണ് ജനങ്ങളുടെ ആശങ്ക. പ്രദേശത്തെ ജൈവവൈവിധ്യത്തിനും ടവർ ഭീഷണിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കോന്നി ഗ്രാമപഞ്ചായത്ത് ഭരണസമിതി, പഞ്ചായത്ത് സെക്രട്ടറി, എം.എൽ.എ ഓഫിസ്, കലക്ടറേറ്റ്, ട്രായ്, കേന്ദ്ര വാർത്തവിനിമയ വകുപ്പ്, മനുഷ്യവകാശ കമീഷൻ എന്നിവക്ക് നാട്ടുകാർ കൂട്ട നിവേദനം സമർപ്പിച്ചിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം. അങ്ങാടിക്കൽ വടക്ക് യു.പി സ്കൂൾ വാർഷികം കൊടുമൺ: അങ്ങാടിക്കൽ വടക്ക് ദേവസ്വം ബോർഡ് യു.പി സ്കൂൾ വാർഷികം ചൊവ്വാഴ്ച നടക്കും. രാവിലെ 10ന് കുട്ടികളുടെ കലാപരിപാടികൾ. ഉച്ചക്ക് രണ്ടിന് പൊതുസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുഞ്ഞന്നാമ്മ കുഞ്ഞ് ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡൻറ് ബിജി ജലേഷ് അധ്യക്ഷത വഹിക്കും. അടൂർ എ.ഇ.ഒ വി. വിജയലക്ഷ്മി മുഖ്യപ്രഭാഷണം നടത്തും. ബി.പി.ഒ ജോസ് മാത്യു സമ്മാനദാനം നിർവഹിക്കും. ഹെഡ്മിസ്ട്രസ് എസ്.ജി. ശോഭന സ്വാഗതം പറയും. സി. ബാലചന്ദ്രൻ നായർ, ബി. സഹദേവനുണ്ണിത്താൻ, ശ്യാം സത്യ, ഭദ്രാകുമാരി, പി. പ്രദീപ്, ജി. രാജേന്ദ്രൻ, കെ.ജി. ശ്രീകുമാർ, എസ്. ഷൈജു, പ്രീത, എൻ.ആർ. ശുഭശ്രീ, മഞ്ജു ആർ. നായർ എന്നിവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.