പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ചു മണ്ഡലങ്ങളില്‍നിന്ന് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിന് ജില്ലയിലെ 10,25,172 സമ്മതിദായകര്‍ തിങ്കളാഴ്ച പോളിങ് ബൂത്തിലത്തെും. വോട്ടെടുപ്പിനുള്ള ഒരുക്കം പൂര്‍ത്തിയായി. അഞ്ചു മണ്ഡലങ്ങളിലായി 37 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. വോട്ടര്‍മാരില്‍ 5,43,163 പേര്‍ വനിതകളാണ്, 4,82,009 പുരുഷന്മാരും. ഏറ്റവുമധികം വോട്ടര്‍മാര്‍ ആറന്മുള മണ്ഡലത്തിലാണ്, 226324. തിരുവല്ലയില്‍ 207825, റാന്നിയില്‍ 189610, കോന്നിയില്‍ 194721, അടൂരില്‍ 206692 വോട്ടര്‍മാരാണുള്ളത്. 6506 സര്‍വിസ് വോട്ടര്‍മാരുമുണ്ട്. മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ ആറുപേര്‍ വനിതകളാണ്. ആറന്മുളയില്‍ ഒമ്പതും കോന്നിയില്‍ എട്ടും റാന്നിയിലും അടൂരിലും ഏഴു വീതവും തിരുവല്ലയില്‍ ആറും സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നു. തിങ്കളാഴ്ച രാവിലെ ഏഴിന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം ആറിന് അവസാനിക്കും. ആറുമണിക്ക് ക്യൂ നില്‍ക്കുന്നവരില്‍ വോട്ടര്‍ പട്ടികയില്‍ ഉള്ളവര്‍ക്കെല്ലാം വോട്ട് ചെയ്യാന്‍ അവസരം ലഭിക്കും. തെരഞ്ഞെടുപ്പ് സമാധാനപരമാക്കാന്‍ ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍െറ നേതൃത്വത്തില്‍ ജില്ലയില്‍ ഒരുക്കിയിട്ടുള്ളത്. പോളിങ് ബൂത്തുകളില്‍ കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്. ഞായറാഴ്ച സ്ഥാനാര്‍ഥികളും മറ്റും നിശ്ശബ്ദ പ്രചാരണമായിരുന്നു. മിക്ക സ്ഥാനാര്‍ഥികളും ആരാധനാലയങ്ങള്‍ കയറിയിറങ്ങി പ്രാര്‍ഥനയും വോട്ടഭ്യര്‍ഥനയും നടത്തി. ചിലര്‍ പ്രമുഖ വ്യക്തികളെ വീണ്ടും കണ്ട് വോട്ട് ഉറപ്പിക്കുന്ന തിരക്കിലായിരുന്നു. പ്രവര്‍ത്തകരാകട്ടെ ബൂത്ത് കെട്ട്, സ്ളിപ് വിതരണം, മറ്റ് മുന്നൊരുക്കള്‍ക്ക് നേതൃത്വം നല്‍കി. പാര്‍ട്ടികള്‍ ഓരോ ബൂത്ത് കേന്ദ്രങ്ങളിലെയും വീടുകളില്‍ ഞായറാഴ്ച അവസാനവട്ട കയറ്റവും നടന്നു. രണ്ടു ദിവസം മുമ്പുതന്നെ ഇലക്ഷന്‍ കമീഷന്‍െറ സ്ളിപ്പുകള്‍ ബൂത്തുതല ഓഫിസര്‍മാര്‍ വിതരണം ചെയ്തിരുന്നു. കൂടാതെ ഞായറാഴ്ച പാര്‍ട്ടികളുടെ സ്ളിപ്പുകളും വിതരണം ചെയ്തു. ഞായറാഴ്ച വൈകുന്നേരം മഴയായത് മിക്കയിടത്തും പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.