ന​മ​ൻ ശ​ർ​മ രൂ​പ​ക​ൽ​പ​ന​ചെ​യ്ത കോ​ട്ടേ​ജു​ക​ളി​ൽ ഒ​ന്ന് 

ഒഴുകി നടക്കുന്ന കോട്ടേജുകൾ; തീരനിയമം മറികടക്കാൻ ആശയവുമായി കശ്മീരി യുവാവ്

അരൂർ: കായൽ ദ്വീപുകൾക്ക് ചുറ്റും ഒഴുകുന്ന കോട്ടേജുകൾ, അതാണ് നമൻ ശർമയുടെ ആശയം. കായലോര വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് തീരപരിപാലന നിയമം ഒട്ടേറെ തടസ്സങ്ങൾ സൃഷ്ടിക്കുന്നതിനിടയിലാണ് നമൻ ശർമയുടെ ആശയം കായൽ വിനോദസഞ്ചാര മേഖലയിൽ മാറ്റത്തിന്‍റെ കൊടുങ്കാറ്റുമായി കടന്നുവരുന്നത്. നിയമപരമായിത്തന്നെ തടസ്സങ്ങളെ മറികടക്കാൻ ഈ ആശയത്തിന് കഴിയുമെന്നതാണ് ഇതിന്‍റെ സവിശേഷത. ജമ്മുവിൽ ജനിച്ച് മുംബൈയിൽ സ്ഥിരതാമസമാക്കിയയാളാണ് നമൻ. അഹ്മദാബാദിൽ സാങ്കേതിക വിദ്യാഭ്യാസം പൂർത്തിയാക്കി ഉൽപന്നങ്ങൾ ഡിസൈൻ ചെയ്യാനുള്ള തീവ്ര താൽപര്യത്തോടെ അരൂരിലെ സമുദ്ര ഷിപ്യാഡിൽ എത്തിയതാണ് നമൻ.

മലയാളിയായ പ്രഫ. ഉണ്ണിമേനോന്റെ മാർഗനിർദേശത്തിലായിരുന്നു മറൈൻ ഡിസൈനിൽ ഇന്‍റേൺഷിപ്. തീരപരിപാലന നിയമം കേരളത്തിലെ കായൽതീരങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾക്കും കായലോര ടൂറിസത്തിനും വലിയ തടസ്സമാണ്. ഈ നിയന്ത്രണങ്ങൾ മൂലമുള്ള ബുദ്ധിമുട്ടുകൾ തരണംചെയ്യാൻ നമൻ ശർമയുടെ ആശയത്തിന് കഴിയും. ഒഴുകിനടക്കുന്ന കോട്ടേജുകൾ തീരപരിപാലന നിയമം തടസ്സമാകില്ല. അതിനുള്ള അനുമതിക്കായി കേരള മാരിടൈം ബോർഡിനെ മാത്രം സമീപിച്ചാൽ മതി.

ചില നിബന്ധനകളും ചട്ടങ്ങളും കോട്ടേജ് നിർമാണത്തിന് ബോർഡ് നിഷ്കർഷിക്കുന്നുണ്ട്. എല്ലാ ചട്ടങ്ങളും നിബന്ധനകളും അനുസരിച്ചാണ് നമൻ കോട്ടേജുകൾ രൂപകൽപനചെയ്യുന്നത്. ഈ കോട്ടേജുകൾ കേരളത്തിലെ കായൽ ദ്വീപുകൾക്കുചുറ്റും സ്ഥാപിച്ച് തുരുത്തുകളെ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കാം. ആഘോഷ പരിപാടികൾ ദ്വീപിൽ നടത്തുന്നതിനൊപ്പം കായലിലെ കോട്ടേജുകളിൽ സഞ്ചാരികൾക്ക് താമസം ഒരുക്കാനുമാവും.

തീർത്തും മാലിന്യമുക്തമായാണ് ഒഴുകുന്ന കോട്ടേജുകളുടെ രൂപകൽപന. ഒരു കുടുംബത്തിനും വലിയ കുടുംബങ്ങൾക്കും കഴിയാവുന്ന വിവിധ വലുപ്പത്തിൽ നമൻ കോട്ടേജുകൾ രൂപകൽപന ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ വിനോദസഞ്ചാര ഗ്രാമമായി ഖ്യാതി നേടിയ കുമ്പളങ്ങി പഞ്ചായത്ത് കായൽ ടൂറിസം പദ്ധതിയുടെ ഭാഗമായി ഒഴുകുന്ന കോട്ടേജുകൾ പരീക്ഷിക്കാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. മാരിടൈം ബോർഡിന്റെ മുഴുവൻ വ്യവസ്ഥകളും അംഗീകരിച്ച് പ്രകൃതിയുമായി ഇണങ്ങുന്ന സുരക്ഷിതമായ കോട്ടേജുകൾ നിർമിക്കാൻ കഴിയുമെന്ന് അരൂർ സമുദ്ര ഷിപ്യാഡും അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - Floating cottages; Kashmiri youth comes up with idea to bypass coastal laws

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.