എം.സി റോഡിൽ കുളനട മാന്തുക രണ്ടാം പുഞ്ചയ്ക്ക് സമീപത്തെ വളവിൽ ഉണ്ടായ അപകടം.
പന്തളം: എം.സി റോഡിൽ മാന്തുകയിൽ അഞ്ചു വാഹനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്ക്. കോഴഞ്ചേരി തെക്കേമല പനച്ചിൽ കൂന്നത്താൽ സജു ടി. എബ്രഹാമിനാണ് (56) പരിക്കേറ്റത്. കങ്ങഴയിലെ ഗ്രിഗോറിയൻ ഇൻസ്റ്റിറ്റ്യൂഷൻ ഗ്രൂപ്പിന്‍റെ പോളിടെക്നിക് കോളജിലെ ഡ്രൈവറാണ്.
അപകടത്തെ തുടർന്ന് ബസിന്‍റെ കാബിനിൽ കുടുങ്ങിയ ഡ്രൈവറെ അരമണിക്കൂറിന് ശേഷമാണ് രക്ഷിക്കാനായത്. ഇരുകാലിനും ഗുരുതരമായി പരിക്കേറ്റ സജുവിനെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 7.30ന് മാന്തുക രണ്ടാം പുഞ്ചയ്ക്ക് സമീപത്തെ വളവിലായിരുന്നു അപകടം.
പാറപ്പൊടികളുമായി അടൂർ ഭാഗത്തുനിന്നും ചെങ്ങന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി എതിർ ദിശയിൽ വരികയായിരുന്ന കോളജ് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ശക്തമായ ഇടിയുടെ ആഘാതത്തിൽ രണ്ടു വാഹനങ്ങളും സമീപത്തെ വീടിന്‍റെ ഗേറ്റിലേക്ക് ഇടിച്ചുകയറി. കോളജ് ബസിന്റെ പിറകിൽ ഉണ്ടായിരുന്ന മൂന്ന് കാറുകളും അപകടത്തിൽപെട്ടു.
അപകടത്തിൽ മറ്റു യാത്രക്കാർക്ക് പരിക്കില്ല. കോളജ് ബസിൽ വിദ്യാർഥികൾ ഇല്ലാതിരുന്നതും വലിയ അപകടം ഒഴിവായി. അപകടത്തിൽ ഒരു കാർ ഒഴികെ മറ്റു വാഹനങ്ങളുടെ മുൻഭാഗം പൂർണമായും തകർന്നു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. അടൂർ, ചെങ്ങന്നൂർ, എന്നിവിടങ്ങളിൽനിന്നും എത്തിയ അഗ്നിരക്ഷാസേന ബസിന്റെ കാബിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി. അപകടത്തെ തുറന്ന് എം.സി റോഡിൽ മണിക്കൂറോളം ഗതാഗതക്കുരുക്കിൽ അകപ്പെട്ടു. പന്തളം പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.