പ്രതീകാത്മക ചിത്രം

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഫ​ല​മു​യ​ർ​ത്താ​ൻ ദൃ​ഢ​നി​ശ്​​ച​യ​വു​മാ​യി ജി​ല്ല പ​ഞ്ചാ​യ​ത്ത്

പത്തനംതിട്ട: ഹയർ സെക്കൻഡറി ഫലത്തിൽ സംസ്ഥാനത്തു വളരെ പിന്നിൽ നിൽക്കുന്ന പത്തനംതിട്ട ജില്ലയുടെ പോരായ്മകൾ കണ്ടെത്തി പരിഹരിക്കാൻ ജില്ല പഞ്ചായത്ത്. എസ് എസ് എൽ സി, പ്ലസ്ടു ഫലങ്ങൾ മെച്ചപ്പെടുത്താൻ കൃത്യമായ ഇടപെടൽ ഉണ്ടാകുമെന്ന് പ്രസിഡന്‍റ് ദീനാമ്മ റോയി പറഞ്ഞു. എന്നാൽ കതിരിൽ വളംവച്ചിട്ടു കാര്യമില്ലെന്നും പോരായ്മകൾ കണ്ടെത്താനുള്ള ചർച്ചകളായിരിക്കും ആദ്യം നടത്തുകയെന്നും പ്രസിഡന്‍റ് വ്യക്തമാക്കി. 2025ൽ സംസ്ഥാനത്ത് പതിനൊന്നാം സ്ഥാനമാണ് പത്തനംതിട്ടയ്ക്കുണ്ടായിരുന്നത്.

ജില്ലയിലെ 79 സ്കൂളുകളിലായി 10572 കുട്ടികളാണ് പരീക്ഷ എഴുതിയത്. 10628 കുട്ടികൾ രജിസ്റ്റർ ചെയ്തിരുന്നു. പരീക്ഷ എഴുതിയവരിൽ 7708 പേരാണ് ഉപരിപഠന യോഗ്യത നേടിയത്. വിജയശതമാനം 72.91. 723 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. 2024ൽ പത്തനംതിട്ട ജില്ല പത്താം സ്ഥാനത്തായിരുന്നു. 2024ൽ 74.94 ശതമാനം വിജയമുണ്ടായിരുന്നു. 81 സ്കൂളുകളിലായി 10890 കുട്ടികൾ പരീക്ഷ എഴുതിയതിൽ 8161 പേർ ഉപരിപഠന യോഗ്യത നേടുകയും ചെയ്തു. 2023ൽ 76.59 ശതമാനം വിജയം ഉണ്ടായിരുന്നെങ്കിലും സംസ്ഥാനത്ത് വിജയശതമാനം ഏറ്റവും കുറവ് പത്തനംതിട്ടയിലായിരുന്നു.

കുടം കമഴ്ത്തി വെള്ളമൊഴിക്കും പോലെ തുടരുന്ന ശ്രമം

പത്തനംതിട്ട ജില്ലയിലെ പ്ലസ്ടു ഫലം മെച്ചപ്പെടുത്താനായി വിദ്യാഭ്യാസ വകുപ്പും ജില്ല പഞ്ചായത്തും ഏറെ വർഷങ്ങളായി അക്ഷീണ ശ്രമത്തിലാണ്. എന്നാൽ വിജയശതമാനം സംസ്ഥാന ശരാശരിയോടൊപ്പം എത്തിക്കാനാകുന്നില്ലെന്നതാണ് പ്രശ്നം. എസ്.എസ്.എൽ.സി. പരീക്ഷയിൽ 99 ശതമാനത്തിലധികം കുട്ടികളും ജയിക്കുന്ന ജില്ലയിൽ പ്ലസ്ടു ഫലം ആകുമ്പോഴേക്കും 75 ശതമാനം ജയം പോലും നേടാനാകുന്നില്ല. മെച്ചപ്പെട്ട വിജയശതമാനത്തിലും എ പ്ലസുകാരുടെ എണ്ണത്തിലും ഒട്ടനവധി സ്കൂളുകൾ നേട്ടമുണ്ടാക്കുമ്പോൾ പിന്നാക്ക മേഖലയിലെ ചില വിദ്യാലയങ്ങളിലുണ്ടാകുന്ന തോൽവിയാണ് ജില്ലയെ ചപിന്നിലേക്കടിക്കുന്നത്.

ഹയർ സെക്കൻഡറി ഫലം മെച്ചപ്പെടുത്താൻ 2017 മുതൽ വിവിധ പദ്ധതികളുമായി ജില്ല പഞ്ചായത്ത് രംഗത്തുണ്ട്. ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്‍റെ പിന്തുണയിൽ ഈ പദ്ധതി തുടരുകയാണ്. പദ്ധതിക്ക് പേരുകൾ പലതും മാറിവന്നെങ്കിലും ലക്ഷ്യം ഒന്നു തന്നെയാണ്. നമ്മളെത്തും മുന്നിലെത്തും പദ്ധതിയാണു നിലവിലുള്ളത്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അനിശ്ചിതത്വവും വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ താൽപര്യക്കുറവും പ്രധാന പ്രശ്നമാണ്.

അധ്യയന വർഷാരംഭത്തിൽ ഒരിക്കൽപോലും പദ്ധതി പ്രവർത്തനം തുടങ്ങാനായിട്ടില്ല. സ്കൂളുകളിൽ പാഠഭാഗങ്ങൾ പൂർത്തിയായശേഷമായിരിക്കും ജില്ല പഞ്ചായത്ത് പദ്ധതി പ്രത്യേകമായി വരിക. ഇതാകട്ടെ കതിരിൽ വളംവയ്ക്കുന്നതിനു തുല്യവുമാകും. പഠനത്തിൽ പിന്നാക്കം പോകുന്ന കുട്ടികൾക്കായി സ്പെഷൽ ട്യൂഷൻ, പ്രത്യേക പുസ്തകങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമായുണ്ട്. ഇത്തരം കുട്ടികൾക്കായി സ്കൂളുകളിൽ സ്പെഷൽ ക്ലാസ് ക്രമീകരിക്കാനും നിർദേശമുണ്ട്. എന്നാൽ അധ്യാപകരിൽ നല്ലൊരു വിഭാഗം പദ്ധതിയോടു സഹകരിച്ചിട്ടില്ല.

വിനയായി പത്തിലെ സമ്പൂർണ ജയം

പത്താം ക്ലാസിലെ സമ്പൂർണ വിജയത്തെ തുടർന്ന് ഹയർ സെക്കൻഡറി ക്ലാസുകളിലേക്കു പ്രവേശിക്കുന്ന കുട്ടികളുടെ പഠനനിലവാരമാണ് പ്ലസ്ടു ഫലത്തെ ബാധിക്കുന്ന പ്രധാന ഘടകം. പ്രത്യേക ശ്രദ്ധയും പരിശീലനവും വേണ്ട കുട്ടികൾ ഹയർ സെക്കൻഡറി ക്ലാസുകളിൽ എത്താറുണ്ട്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന ഇത്തരം കുട്ടികൾ ഹയർ സെക്കൻഡറി ക്ലാസുകളിലെ പഠനത്തോടു താദാത്മ്യപ്പെടാനാകാതെ വരുന്നുണ്ട്.

എന്നാൽ, പല സ്കൂളിലും ഈ കുട്ടികൾക്കു പ്രത്യേക കരുതൽ ഉണ്ടാകുന്നില്ല. സ്കൂളുകളിൽ സ്ഥിരം അധ്യാപകരില്ലാത്തതും ബാച്ചുകൾ അധികമായതും പ്രശ്നങ്ങളായുണ്ട്. കുട്ടികളുടെ കുറവു കാരണം ഹയർ സെക്കൻഡറി ബാച്ചുകൾ തന്നെ വേണ്ടെന്നുവച്ച സ്കൂളുകളും ജില്ലയിലുണ്ട്. ഹയർ സെക്കൻഡറിക്കായി ജോയിന്‍റ് ഡയറക്ടർ ഓഫീസ് പത്തനംതിട്ടയിൽ ഇല്ല. ചെങ്ങന്നൂർ ആർ.ഡി.ഡിയുടെ കീഴിലാണ് പത്തനംതിട്ട. ഹയർ സെക്കൻഡറിയിൽ പദ്ധതി നടപ്പാക്കുമ്പോൾ അതിനു നേതൃത്വം നൽകാൻ ഡി.ഡി.ഇക്കാകില്ല. ആർ.ഡി.ഡി. ഓഫീസിൽനിന്ന് ഉദ്യോഗസ്ഥരെ പ്രത്യേകമായി ചുമതലപ്പെടുത്താറുമില്ല.

Tags:    
News Summary - Higher Secondary Result Winners Reach District Panchayat with Firm Determination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.