തദ്ദേശ സ്ഥാപനങ്ങളിൽ പുതുഭരണം, പുതുപ്രതീക്ഷ

പത്തനംതിട്ട: തദ്ദേശ സ്ഥാപനങ്ങളിൽ പുതു ഭരണസമിതികൾ അധികാരമേറ്റതോടെ, വികസനപ്രതീക്ഷയിൽ നഗര-ഗ്രാമങ്ങൾ. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ വീടുകൾ അടഞ്ഞുകിടക്കുന്ന പത്തനംതിട്ട പ്രധാനമായും കാത്തിരിക്കുന്നത് തൊഴിലവസരങ്ങളുടെ വർധനയാണ്. ഐ.ടി അടക്കം വിവിധ സംരംഭങ്ങൾ യാഥാർഥ്യമാക്കി യുവാക്കളെ നാട്ടിൽപിടിച്ചുനിർത്താനുള്ള പദ്ധതികൾ വേണമെന്ന ആവശ്യമാണ് ഉയരുന്നത്. ജില്ല പഞ്ചായത്ത് ഭരണസമിതി ഇതിനു മുൻകൈ എടുക്കണമെന്നാണ് നിർദേശം.

അടിയന്തര നടപടി തേടി തെരുവുനായ് ശല്യം

തെരുവുനായ് ശല്യം പരിഹരിക്കാനായി അടിയന്തര ഇടപെടലെന്ന ആവശ്യവും ജില്ല മുന്നോട്ടുവെക്കുന്നു. കഴിഞ്ഞ ജില്ല പഞ്ചായത്ത് ഭരണസമിതി തെരുവുനായ്ശല്യം പരിഹരിക്കാനായി പുളിക്കീഴ് എ.ബി.സി കേന്ദ്രത്തിന്‍റെ നിർമാണത്തിന് തുടക്കമിട്ടെങ്കിലും പൂർത്തിയാക്കാനായിട്ടില്ല. ഇത് ഏറ്റവും വേഗം പൂർത്തിയാക്കാൻ പുതിയ ജില്ല പഞ്ചായത്ത് ഭരണകൂടത്തിന്‍റെ ഇടപെടലിനായി ജില്ല കാത്തിരിക്കുകയാണ്.

വേണം വയോജന ക്ഷേമ പദ്ധതി

കോഴഞ്ചേരി ജില്ല ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി എന്നീ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നടപടികളും പുതിയ ഭരണസമിതികളിൽനിന്ന് പ്രതീക്ഷിക്കുന്നു. കൊടുമണ്‍ റൈസ് മിൽ, കുന്നന്താനം കിന്‍ഫ്ര പാര്‍ക്കിലെ പ്ലാസ്റ്റിക് പാഴ്വസ്തു സംസ്‌കരണ ഫാക്ടറി എന്നിവയുടെ പ്രവർത്തനം സജീവമാക്കാനും ഇടപെടലുണ്ടാകണം.

വയോജനങ്ങള്‍ക്കും കിടപ്പുരോഗികള്‍ക്കും ആശ്വാസമാകുന്ന പദ്ധതി, ആറന്മുള വള്ളംകളിയില്‍ പങ്കെടുക്കുന്ന പള്ളിയോടങ്ങള്‍ക്ക് ഗ്രാന്റ് നല്‍കുന്ന പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കുക, വഞ്ചിപ്പാട്ട് പഠനകളരിക്ക് സഹായം തുടങ്ങിയ വിഷയങ്ങളും നാട് ഉയർത്തുന്നുണ്ട്.

അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം

ജില്ലയിലെ നാലു നഗരസഭകളും അടിസ്ഥാന സൗകര്യങ്ങളിൽ പിന്നിലാണ്. ഇവയൊരുക്കാനുള്ള ഇടപെടലും നാട്ടുകാർ മുന്നോട്ടുവെക്കുന്നു. ഗതാഗതക്കുരുക്ക് നഗരങ്ങൾക്ക് തലവേദനയാണ്. ഒഴിവ്സമയങ്ങൾ ചെലവഴിക്കാൻ കഴിയുന്ന മികച്ച കേന്ദ്രങ്ങളും സ്വപ്നങ്ങളിലുണ്ട്. വിവിധ ഗ്രാമപഞ്ചായത്തുകളെ അലട്ടുന്ന പ്രശ്നങ്ങളും നിരവധിയാണ്. ഇവക്ക് പുതിയതായി ചുമതലയേറ്റവർ പരിഹാരം കാണുമെന്നാണ് പ്രതീക്ഷ.

ടൂറിസം വികസനം അനിവാര്യം

ഗവി അടക്കം ജില്ലയിലെ ടൂറിസം സാധ്യതകൾ ഉപയോഗിക്കാൻ കഴിയുന്ന പദ്ധതികളും അനിവാര്യമാണ്. അപ്പർകുട്ടനാട്, മലയോര മേഖലകളിലെ കർഷകരെ സഹായിക്കുന്ന പദ്ധതികൾക്കൊപ്പം വന്യമൃഗശല്യത്തിനും ശാശ്വത പരിഹാരം കാണണം. മലിന്യസംസ്ക്കരണമടക്കം വിവിധ വിഷയങ്ങളും ജില്ലയെ അലട്ടുന്നുണ്ട്. ഇതിൽ നഗര-ഗ്രാമ ഭരണസമിതികളുടെ ഇടപെടൽ നിർണായകമാകും. പമ്പ നദിയുടെ ശുചീകരണമടക്കം വിഷയങ്ങളും ഉയരുന്നുണ്ട്.

ഒരുകാലത്ത് ജില്ലയിൽ സജീവമായിരുന്ന കരിമ്പ് കൃഷി മടക്കിക്കൊണ്ടുവരാനുള്ള പദ്ധതിയെന്ന ആവശ്യവും ഉയരുന്നുണ്ട്. പ്രവാസികളുടെ അടക്കം തരിശ്കിടക്കുന്ന ഭൂമി ഏറ്റെടുത്ത് കൃഷി ഇറക്കാൻ നടപടി സ്വീകരിക്കണം. ഇതിലൂടെ കാർഷികമേഖലയിൽ ഉൽപാദനം വർധിപ്പിക്കാൻ കഴിയുന്നതിനൊപ്പം ഭൂമി കാട് പിടിച്ച് കിടക്കുന്ന സ്ഥിതി ഒഴിവാക്കാനുമാകും. ഇത്തരത്തിൽ കാട് കയറിക്കിടക്കുന്ന സ്ഥലങ്ങളിൽ പന്നികൾ അടക്കം താവളമാക്കുന്ന സ്ഥിതിയുമുണ്ട്.

Tags:    
News Summary - New governance, new hope in local bodies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.