ശബരിമലയിൽ ബുധനാഴ്ച രാവിലെ പതിനെട്ടാംപടി ചവിട്ടാൻ കാത്തുനിൽക്കുന്ന ഭക്തരുടെ തിരക്ക്
ശബരിമല: ബാലാവകാശ കമീഷൻ വ്യാഴാഴ്ച രാവിലെ ശബരിമല സന്ദർശിക്കും. ചെയർമാൻ കെ വി മനോജ്കുമാർ, അംഗങ്ങളായ ബി. മോഹൻകുമാർ, കെ.കെ. ഷാജു എന്നിവരാണ് സന്നിധാനത്ത് ഔദ്യോഗിക സന്ദർശനം നടത്തുന്നത്. ദർശനത്തിനെത്തുന്ന കുട്ടികൾ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിശോധിക്കുകയാണ് ലക്ഷ്യം. തീർഥാടകരിൽ നല്ലൊരു വിഭാഗവും കുട്ടികളുമായാണ് എത്തുന്നത്.
തിക്കിലും തിരക്കിലും ഇവർ വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നു. കുട്ടികൾക്ക് മാത്രമായി ക്യൂ പ്രായോഗികമല്ല. കുട്ടികളുമായെത്തുന്നവർക്കു ക്യൂ ഏർപ്പെടുത്തിയാലും നീളുമെന്നതിനാൽ കാര്യമായ പ്രയോജനം ലഭിക്കാൻ സാധ്യത കുറവാണ്. ഈ സാഹചര്യത്തിൽ എങ്ങിനെ പ്രശ്നപരിഹാരമുണ്ടാക്കാൻ കഴിയുമെന്നതിൽ കാര്യമായ കൂടിയാലോചനയും വിലയിരുത്തലും വേണ്ടി വരും.
മകരവിളക്ക് തീർഥാടനത്തിന് നട തുറന്ന ശബരിമല ധർമശാസ്ത ക്ഷേത്രത്തിൽ നെയ്യഭിഷേകത്തിന് തുടക്കമായി. പുലർച്ചെ 3.30 മുതൽ 7വരെയും രാവിലെ എട്ടു മുതൽ 11 വരെയുമാണ് നെയ്യഭിഷേകം. അയ്യപ്പനുള്ള മുഖ്യ വഴിപാടാണ് നെയ്യഭിഷേകം. വഴിപാടിന് ശേഷം ശ്രീകോവിലിൽ നിന്ന് ലഭിക്കുന്ന നെയ്യ് ദിവ്യപ്രസാദമായിട്ടാണ് അയ്യപ്പന്മാർ സ്വീകരിക്കുന്നത്. ജനുവരി 18 വരെയാണ് നെയ്യഭിഷേകത്തിനു അവസരം. ജനുവരി 20 രാവിലെ 6.30ന് നടയടക്കും.
മകരവിളക്ക് തീർഥാടനത്തിനു ശബരിമല ധർമശാസ്ത ക്ഷേത്രം നട തുറന്നതിനു ശേഷമുള്ള ആദ്യ കളഭാഭിഷേകം ബുധനാഴ്ച നടന്നു. സന്നിധാനത്തെ പ്രധാന വഴിപാടുകളിലൊന്നാണ് കളഭാഭിഷേകം. ഉച്ചപൂജയ്ക്ക് മുമ്പ് 11 മണിക്കാണ് കളഭാഭിഷേകം നടന്നത്. തന്ത്രി മഹേഷ് മോഹനരുടെ കാർമികത്വത്തിൽ പൂജിച്ച ശേഷം കളഭാഭിഷേകത്തിനുള്ള കളഭകുംഭവുമായി മേൽശാന്തി ഇ.ഡി. പ്രസാദ് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലിനു ചുറ്റും പ്രദക്ഷിണം വച്ചു. തുടർന്ന് കളഭാഭിഷേകം നടത്തി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്. ശ്രീനിവാസ്, എക്സിക്യൂട്ടീവ് ഓഫീസർ ഒ.ജി. ബിജു തുടങ്ങിയവർ സന്നിഹിതരായിരുന്നു.
തിരുവാഭരണ ഘോഷയാത്രയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കാടുമൂടിയും ടാറിങ് ഇളകി കുണ്ടും കുഴിയുമായും കിടക്കുന്ന പാത സഞ്ചാരയോഗ്യമാക്കാൻ നടപടിയില്ല. പന്തളത്തുനിന്ന് ആരംഭിച്ച് വിവിധ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന തിരുവാഭരണപാതയ്ക്ക് 83 കിലോമീറ്ററാണ് നീളം. ഇതിൽ 43 കിലോമീറ്റർ ജനവാസമേഖലയും 40 കിലോമീറ്റർ വനമേഖലയുമാണ്. ജനവാസ മേഖലയിൽ കൂടി കടന്നുപോകുന്ന പാതയുടെ ഭാഗങ്ങൾ വിവിധ ഗ്രാമ, ജില്ല പഞ്ചായത്തുകളുടെയും കെ.എസ്.ടി.പി, പെതുമരാമത്ത് വകുപ്പിന്റെയും കൈവശമാണ്.
പാത സഞ്ചാര യോഗ്യമാക്കേണ്ട ചുമതലയും ഇവർക്കാണ്. പന്തളം മുതൽ സന്നിധാനം വരെ നീളുന്ന തിരുവാഭരണ പാത പന്തളം രാജാവാണ് നിർമിച്ചത്. പന്തളം താരയെന്നും രാജപാതയെന്നും അറിയപ്പെടുന്ന പരമ്പരാഗത തിരുവാഭരണപാതയക്ക് അഞ്ചു മീറ്റർ മുതൽ 42 മീറ്റർവരെ വീതിയുണ്ടായിരുന്നു. വ്യാപക കൈയേറ്റം മൂലം വീതി കുറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായതോടെ 2008ൽ തിരുവാഭരണപാത സംരക്ഷണ സമിതി കോടതിയെ സമീപിച്ചു. കോടതി ഇടപെടലിലൂടെ 2009 ൽ കൈയേറ്റം കണ്ടെത്തി അളന്നു തിട്ടപ്പെടുത്തി അതിരുകല്ലുകൾ സ്ഥാപിച്ചെങ്കിലും പൂർണമായി ഒഴിപ്പിച്ചിട്ടില്ല.
തിരുവാഭരണ ഘോഷയാത്രയ്ക്കൊപ്പം ആയിരക്കണക്കിന് ഭക്തരാണ് പാതയിലൂടെ കാൽനടയായി സന്നിധാനത്തേക്ക് സഞ്ചരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ മുൻകൈ എടുത്താണ് പാത എല്ലാ വർഷവും സഞ്ചാരയോഗ്യമാക്കുന്നത്. ഇക്കുറി തെരഞ്ഞെടുപ്പ് കാലമായത് ഒരുക്കങ്ങൾ അവതാളത്തിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.