നഗരസഭാ സെക്രട്ടറിയെ പത്തനംതിട്ടയില്‍ നിലനിര്‍ത്തി ഉത്തരവിറങ്ങി

പത്തനംതിട്ട: നഗരസഭാ സെക്രട്ടറി അനുവിനെ പത്തനംതിട്ടയില്‍ നിലനിര്‍ത്തി തദ്ദേശ സ്വയംഭരണ വകുപ്പിന്‍െറ പുതിയ ഉത്തരവിറങ്ങി. സെപ്റ്റംബര്‍ ഒന്നിന് ആര്‍.എസ്. അനുവിനെ മലപ്പുറത്തേക്ക് മാറ്റി ഉത്തരവിറങ്ങിയിരുന്നു. അത് തിരുത്തി അനുവിനെ പത്തനംതിട്ടയില്‍ നില നിര്‍ത്തിക്കൊണ്ട് സെപ്റ്റംബര്‍ 10നാണ് ജി.ഒ (ആര്‍.ടി) നമ്പര്‍ 2761/15/എല്‍.എസ്.ജി.ഡി എന്ന പുതിയ ഉത്തരവിറങ്ങിയത്. സെപ്റ്റംബര്‍ ഒന്നിന് ഇറക്കിയ ഉത്തരവ് മണിക്കൂറുകള്‍ക്കകം മരവിപ്പിക്കുകയും അത് വിവാദമാകുകയും ചെയ്തിരുന്നു. ആറുമാസം മുമ്പും അനുവിനെ സ്ഥലംമാറ്റി ഉത്തരവിറങ്ങിയിരുന്നു. അതും മരവിപ്പിക്കപ്പെട്ടിരുന്നു. സെക്രട്ടറിയെ കുറിച്ച് നിരവധി ആരോപണവും പരാതികളും വിവാദങ്ങളും നിലനില്‍ക്കുന്നതിനിടെയാണ് അവരെ സ്ഥലംമാറ്റിയ ഉത്തരവുകളിറങ്ങിയത്. സെക്രട്ടറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സമരം നടക്കുന്നതിനിടെയാണ് സ്ഥലംമാറ്റ ഉത്തരവുകള്‍ ഇറങ്ങിയത്. രണ്ടു ഉത്തരവും മുസ്ലിംലീഗ് ജില്ലാ നേതൃത്വത്തിന്‍െറ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇറങ്ങിയത്. കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടാണ് രണ്ടു ഉത്തരവും മരവിപ്പിച്ചത്. പ്രതിപക്ഷം സമരം നടത്തുന്നതിനിടെ സെക്രട്ടറിയെ സ്ഥലം മാറ്റുന്നത് പ്രതിപക്ഷ ആവശ്യം അംഗീകരിക്കലാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവുകള്‍ രണ്ടും മരവിപ്പിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം സമ്മര്‍ദം നടത്തിയത്. ഒടുവില്‍ ലീഗ് ജില്ലാ നേതൃത്വം പത്തിമടക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ഇപ്പോള്‍ പുതിയ ഉത്തരവിറങ്ങിയത് തെരഞ്ഞെടുപ്പായതിനാല്‍ സ്ഥലം മാറ്റം നടത്തരുതെന്ന ഇലക്ഷന്‍ കമീഷന്‍െറ നിര്‍ദേശം മാനിച്ചാണ് സെക്രട്ടറിയെ മാറ്റിയ പഴയ ഉത്തരവ് തിരുത്തി പുതിയത് ഇറക്കിയതെന്നാണ് ഭരണപക്ഷ നേതാക്കള്‍ പറയുന്നത്. ഇലക്ഷന്‍ കമീഷന്‍െറ നിര്‍ദേശം വരുന്നതിന് മുമ്പാണ് പുതിയ ഉത്തരവിറങ്ങിയത്. പത്തനംതിട്ട, കാക്കനാട്, കോതമംഗലം നഗരസഭാ സെക്രട്ടറിമാരെ സ്ഥലം മാറ്റിയാണ് സെപ്റ്റംബര്‍ ഒന്നിന് ഉത്തരവിറങ്ങിയത്. പത്തനംതിട്ട നഗരസഭാ സെക്രട്ടറി അനുവിനെ മലപ്പുറത്തേക്കും കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറി എസ്. സുബോധിനെ പത്തനംതിട്ടയിലേക്കും മാറ്റുന്നതായാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. ഉത്തരവിറങ്ങിയ അന്നുതന്നെ സുബോധ് കാഞ്ഞാങ്ങാട്ടുനിന്ന് റിലീവ് ഓര്‍ഡര്‍ വാങ്ങിയിരുന്നു. കൊല്ലം സ്വദേശിയായിരുന്നു സുബോധ്. പുതിയ ഉത്തരവില്‍ സുബോധിനെ കാഞ്ഞങ്ങാട് നഗരസഭയില്‍ വീണ്ടും നിയമിച്ചതായി പറയുന്നു. സെക്രട്ടറിയെ മാറ്റുകയോ സസ്പെന്‍ഡ് ചെയ്യുകയോ വേണമെന്ന് ആവശ്യപ്പെട്ട് നഗരസഭയില്‍ പ്രതിപക്ഷം സമരം നടത്തിവരികയായിരുന്നു. വീട്ടുടമ അറിയാതെ പത്തനംതിട്ട നഗരസഭയില്‍നിന്ന് വ്യാജ റെസിഡന്‍ഷല്‍ സര്‍ട്ടിഫിക്കറ്റ് നേടുകയും അതുപയോഗിച്ച് റേഷന്‍ കാര്‍ഡും ഗ്യാസ് കണക്ഷനും നേടുകയും ചെയ്ത സംഭവത്തില്‍ പത്തനംതിട്ട നഗരസഭാ സെക്രട്ടറി ഉള്‍പ്പെടെ ഒമ്പതു പേര്‍ക്കെതിരെ കേസുണ്ട്. സര്‍ട്ടിഫിക്കറ്റ് നല്‍കിയതും വ്യാജമാണെന്ന് ബോധ്യപ്പെട്ടിട്ടും അത് റദ്ദാക്കത്തതുമാണ് നഗരസഭാ സെക്രട്ടറിയെ കേസില്‍ കുടുക്കിയത്. എഫ്.ഐ.ആറില്‍ പ്രതിയായ നഗരസഭാ സെക്രട്ടറി കൗണ്‍സില്‍ യോഗത്തില്‍ പ്രവേശിക്കുന്നതിനെതിരെ എല്‍.ഡി.എഫ് അംഗങ്ങള്‍ നഗരസഭ ഉപരോധിച്ചു. അതിനിടെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കൈയാങ്കളിവരെ ഉണ്ടായി. ഈ സമരമുറകളെല്ലാം മറന്ന് ഇനി സെക്രട്ടറിയെ അംഗീകരിക്കേണ്ട ഗതികേടില്‍ പ്രതിപക്ഷവും എത്തിയിരിക്കയാണ്. തെരഞ്ഞെടുപ്പായതിനാല്‍ ഇനിസ്ഥലം മാറ്റണമെന്ന് പ്രതിപക്ഷത്തിന് ആവശ്യപ്പെടാനുമാകില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.