നഗരസഭകളില്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഇന്ന്

പത്തനംതിട്ട: ജില്ലയിലെ പത്തനംതിട്ട, അടൂര്‍, തിരുവല്ല, പന്തളം നഗരസഭകളിലെ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും. രാവിലെ 11നാണ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്. വൈസ് ചെയര്‍മാനെ ഉച്ചക്ക് രണ്ടിനും തെരഞ്ഞെടുക്കും. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ ചെയര്‍മാന്‍ വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും. വൈസ് ചെയര്‍മാന്‍ ചെയര്‍മാന്‍ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്യുക. തെരഞ്ഞെടുപ്പിനായുള്ള യോഗത്തിന്‍െറ കോറം തദ്ദേശ സ്ഥാപനത്തിലെ അംഗങ്ങളുടെ പകുതിയെങ്കിലും എണ്ണം ആയിരിക്കും. കോറം തികയാത്തപക്ഷം യോഗം അടുത്ത പ്രവൃത്തിദിവസത്തേക്ക് മാറ്റിവെക്കും. ഗ്രാമ, ബ്ളോക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് 19നാണ്. രാവിലെ 11ന് പ്രസിഡന്‍റിനെയും ഉച്ചക്ക് രണ്ടിന് വൈസ് പ്രസിഡന്‍റിനെയും തെരഞ്ഞെടുക്കും. പത്തനംതിട്ട നഗരസഭയില്‍ ചെയര്‍പേഴ്സനായി കോണ്‍ഗ്രസിലെ രജനി പ്രദീപിനെ തെരഞ്ഞെടുക്കാനാണ് സാധ്യത. അഡ്വ. ഗീതാ സുരേഷും ചെയര്‍പേഴ്സന്‍ സ്ഥാനത്തിനായി രംഗത്തുവന്നതോടെ ഭിന്നത രൂക്ഷമായിട്ടുണ്ട്. ആദ്യടേം രജനി പ്രദീപിനും പിന്നീട് അഡ്വ. ഗീത സുരേഷ്, റോസ്ലി സന്തോഷ് എന്നിവര്‍ക്കും ചെയര്‍പേഴ്സന്‍ സ്ഥാനം വീതം വെക്കാനാണ് തീരുമാനം. എന്നാല്‍, ആദ്യ ടേം ലഭിച്ചില്ളെങ്കില്‍ ചെയര്‍പേഴ്സനാകാന്‍ താല്‍പര്യമില്ളെന്നാണ് അഡ്വ. ഗീതസുരേഷിന്‍െറ നിലപാടെന്നറിയുന്നു. വൈസ് ചെയര്‍മാന്‍ ആദ്യ ടേം കേരള കോണ്‍ഗ്രസ് എമ്മിലെ പി.കെ. ജേക്കബും രണ്ടാം ടേം മുസ്ലിം ലീഗിലെ എ. സഗീറും ആയിരിക്കും. എന്നാല്‍, മുസ്ലിം ലീഗ് ആദ്യ ടേം വേണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളിലേക്ക് കോണ്‍ഗ്രസില്‍ ധാരണയായിട്ടുണ്ട്. കോയിപ്രം ഡിവിഷനില്‍നിന്ന് വിജയിച്ച കോണ്‍ഗ്രസിലെ അന്നപൂര്‍ണാദേവിയാണ് പ്രസിഡന്‍റാവുക. വൈസ് പ്രസിഡന്‍റ് സ്ഥാനം കോഴഞ്ചേരി ഡിവിഷനില്‍നിന്ന് ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിനും ലഭിക്കും. ആര് പ്രസിഡന്‍റായാലും അഞ്ചുവര്‍ഷവും തുടരണമെന്ന കെ.പി.സി.സി നിര്‍ദേശവും തര്‍ക്കത്തിന് ഇടയാക്കിയിരുന്നു. വീതംവെപ്പിനോട് ജില്ലയിലെ ഒരു വിഭാഗം അനുകൂലിക്കുന്നില്ല. 16 അംഗ ജില്ലാപഞ്ചായത്തില്‍ യു.ഡി.എഫ്-11, എല്‍.ഡി.എഫ്-അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില. എട്ട് ബ്ളോക് പഞ്ചായത്തുകളില്‍ നാല് എണ്ണത്തില്‍ മാത്രമാണ് യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുള്ളത്. മൂന്ന് എണ്ണത്തില്‍ എല്‍.ഡി.എഫിന് ഭൂരിപക്ഷമുണ്ട്. എന്നാല്‍, കോയിപ്രം ബ്ളോക് പഞ്ചായത്തില്‍ ഇരുമുന്നണികളും തുല്യനിലയിലാണ്. ഇവിടെ ഒരു ബി.ജെ.പി അംഗവും ജയിച്ചിട്ടുണ്ട്. ഇതോടെ ഇവിടെ അനിശ്ചിതത്വം തുടരുന്നു. ബ്ളോക് പഞ്ചായത്തുകളില്‍ ഇരുമുന്നണികളിലും പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളില്‍ തീരുമാനമായിട്ടില്ല. എന്നാല്‍, പ്രസിഡന്‍റ് സ്ഥാനം പട്ടികജാതി സംവരണ മണ്ഡലമായ കോന്നി ബ്ളോക്കില്‍ കോണ്‍ഗ്രസിലെ കോന്നിയൂര്‍ പി.കെ. പ്രസിഡന്‍റാകുമെന്ന് ഉറപ്പായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.