അഗളി: കാട്ടാന വിളയാട്ടത്തിൽ വിറങ്ങലിച്ച് അട്ടപ്പാടിയിലെ മൂന്ന് ഗ്രാമപഞ്ചായത്തുകൾ. അഗളി രാജീവ് കോളനിയിൽ കഴിഞ്ഞ ദിവസം രാത്രി മൂന്ന് കാട്ടാനകളാണ് ജനത്തെ ഭീതിയിലാഴ്ത്തിയത്. ശല്യക്കാരനായ കാട്ടാനയെ തുരത്താൻ വനം വകുപ്പ് തുടങ്ങിവെച്ച നടപടികൾ നിലച്ച മട്ടാണ്. ജീവനും സ്വത്തിനും വേണ്ടി നാട്ടുകാർ വിലപിക്കുന്ന കാഴ്ചയാണിവിടെ. രാജീവ് കോളനിയിലെ ശിവെൻറ ഗേറ്റ് ആന തകർക്കുകയും കോളനിയിലേക്ക് കടന്ന് പരിഭ്രാന്തി പരത്തുകയും ചെയ്തു. തുടർന്ന്, അഗളി ഗ്രാമപഞ്ചായത്ത് ഓഫിസ് സ്ഥിതിചെയ്യുന്ന ഭൂതിവഴിയിലെത്തിയ കാട്ടാനകൾ പെരിയസ്വാമി കൗണ്ടറുടെ 600ഓളം വാഴകൾ നശിപ്പിച്ചു. ഇരുട്ട് വീഴുന്നതോടെ ജനവാസ കേന്ദ്രത്തിലെത്തുന്ന കാട്ടാനകൾ കാടുകയറുന്നത് പകൽവെളിച്ചം വീഴുമ്പോഴാണ്. ഭൂതിവഴി ഉൗരുകളിൽ താമസിക്കുന്ന, കാലിമേച്ചിൽ ഉപജീവനമായി സ്വീകരിച്ചിരിക്കുന്ന ആദിവാസികൾ ആശ്രയിച്ചിരുന്ന മലനിരകളിലാണ് കാട്ടാനകൾ പകലിലും കാണപ്പെടുന്നത്. വണ്ണാന്തറയിൽ സ്വകാര്യവ്യക്തിയുടെ തോട്ടത്തിലെത്തിയ കാട്ടാനകൾ 30ഓളം തെങ്ങുകളാണ് നശിപ്പിച്ചത്. വരൾച്ച രൂക്ഷമായി തുടരുന്നതിനാൽ ദിനംപ്രതി കാട്ടാനകൾ ജനവാസ കേന്ദ്രത്തിലെത്തുന്നത് കൂടിവരികയാണ്. ആനയെ പേടിച്ച് പുരയിടത്തിലെ വൃക്ഷങ്ങളിലെ ഫലങ്ങൾ ജനം നീക്കം ചെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.