ഒറ്റപ്പാലം: ആയുർവേദ ആശുപത്രിക്കായി കോടികൾ വിലമതിക്കുന്ന സ്ഥലം സർക്കാറിന് ദാനം ചെയ്ത് മരണമടഞ്ഞ ആയുർവേദ ശിരോമണി വേലായുധൻ വൈദ്യരുടെ അന്ത്യാഭിലാഷം സഫലമാകുന്നു. 2015 സെപ്റ്റംബർ 12നായിരുന്നു കെട്ടിടത്തിെൻറ നിർമാണോദ്ഘാടനം. പ്രാരംഭമായി ലക്ഷ്യമിട്ട ഒരുനില കെട്ടിടത്തിെൻറ നിർമാണം ഏതാണ്ട് പൂർത്തിയായതോടെ വേലായുധൻ വൈദ്യരുടെ അന്ത്യാഭിലാഷം സാക്ഷാത്ക്കരിക്കുമെന്നുറപ്പായി. 2006 ഏപ്രിൽ നാലിന് മരിക്കുന്നതിന് ഏതാനും മാസം മുമ്പാണ് നഗരത്തിെൻറ കണ്ണായ സ്ഥലത്തെ 15 സെൻറ് സ്ഥലവും വൈദ്യശാലയും മരുന്ന് ശേഖരവും സർക്കാറിന് ദാനം നൽകാനായി രേഖപ്പെടുത്തിക്കൊണ്ടുള്ള ഒസ്യത്ത് വേലായുധൻ വൈദ്യർ എഴുതിവെച്ചത്. സംസ്കാരാനന്തരം ഇദ്ദേഹം തനിച്ച് താമസിച്ചിരുന്ന വീട്ടിൽ ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് ഒസ്യത്ത് കണ്ടെടുത്തത്. ബന്ധുക്കളുടെ ഇടപെടലും സമ്മർദവും മൂലമാണ് റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുത്തത്. അമ്മയുടെ നാമധേയത്തിൽ നിർധന രോഗികൾക്ക് ആശ്രയിക്കാവുന്ന സർക്കാർ ആയുർവേദ ആശുപത്രി എന്ന സ്വപ്നവുമായി ഒസ്യത്ത് തയാറാക്കുമ്പോൾ വേലായുധൻ വൈദ്യരുടെ ചിന്തയിൽപോലും ഉണ്ടാകാൻ സാധ്യതയില്ലാത്തതായിരുന്നു സർക്കാർ നടപടിക്രമങ്ങളിലുണ്ടായ പ്രതിസന്ധികൾ. റവന്യൂ വകുപ്പ് ഏറ്റെടുത്ത സ്ഥലം ആരോഗ്യവകുപ്പിന് കൈമാറാനും സ്ഥലത്തെ പഴയ വൈദ്യശാല പൊളിക്കാനുള്ള അനുമതിക്കും വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു. വൈദ്യരുടെ മേൽനോട്ടത്തിലുണ്ടാക്കിയ മരുന്നുകൾ രോഗികളിലെത്തിക്കാൻ സമ്മർദം ഏറിയതോടെ കുറച്ചുകാലം കണ്ണിയംപുറത്തെ സർക്കാർ ആയുർവേദ ആശുപത്രിയുടെ സബ് സെൻററായി പ്രവർത്തിപ്പിച്ച് മരുന്നുകളുടെ വിതരണം നടത്തിയിരുന്നു. അരനൂറ്റാണ്ടിലേറെക്കാലം സ്വന്തം വൈദ്യശാലയിലിരുന്ന് രോഗികൾക്ക് ആശ്വാസം പകർന്നിരുന്ന വൈദ്യരുടെ ആകസ്മിക വിയോഗം നാടിനും നാട്ടുകാർക്കും തീരാവേദനയാണുണ്ടാക്കിയത്. എന്നാൽ, നഗരമധ്യത്തിൽ ആയുർവേദ ആശുപത്രി യാഥാർഥ്യമാകുന്നതിൽ കണ്ണുംനട്ടിരിക്കുകയാണ് ഒറ്റപ്പാലം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.