ശ്രീകൃഷ്ണപുരം: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും കരിമ്പുഴ ഗ്രാമപഞ്ചായത്തില്‍ വ്യാപക നാശം. ഏക്കര്‍ കണക്കിന് കൃഷിയും നിരവധി വീടുകളും തകർന്നു. ചെരത്താനി, കൊടത്തോട്, കോല്‍ക്കാട്, പടിഞ്ഞാറെ പാട ശേഖരം, കുറ്റിക്കോട് എന്നിവിടങ്ങളില്‍ പതിനായിരക്കണക്കിന് വാഴകള്‍ നശിച്ചു. പൊന്നോത്ത് ഉസ്മാന്, മോതിരപ്പീടിക സൈതലവി, ഒഴുകയില്‍ ജോസഫ്, പുളിക്കാടന്‍ മജീദ്, മൊയ്തീന്, ചാലപ്പുറത്ത് സുബ്രഹ്മണ്യന് എന്നിവരുടെ ആയിരക്കണക്കിന് വാഴകള്‍ നശിച്ചു. ആറ്റാശ്ശേരി, കുന്നക്കാട്, കോട്ടപ്പുറം, കൂടാംതൊടി, കാവുണ്ട, ചീരക്കുഴി, കൊട്ടേക്കാവ് എന്നിവിടങ്ങളില്‍ റബര്‍, വാഴ എന്നിവ നശിച്ചു. തോട്ടരയിലെ പാറക്കല്‍ പറമ്പ്, കുറ്റിക്കോട് പാടശേഖരം, എന്നിവിടങ്ങളിലെ വാഴകൃഷി പൂർണ്ണമായും നശിച്ചു. ചെറുവരമ്പത്ത് അമ്മാളുക്കുട്ടി അമ്മയുടെ വീടിനു മുകളില്‍ തെങ്ങ് വീണ് തകര്‍ന്നു. റവന്യൂ, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. മണ്ണാര്‍ക്കാട്: വേനല്‍ മഴയിലും കാറ്റിലും മണ്ണാര്‍ക്കാട് മേഖലയില്‍ കനത്ത നാശം. മരങ്ങള്‍ കടപുഴകി വീണും വൈദ്യുതി കമ്പികള്‍ പൊട്ടിവീണും വ്യാപക നാശനഷ്ടങ്ങളാണുണ്ടായത്. ഉച്ചക്ക് രണ്ടരയോടെ വീശിയടിച്ച ശക്തമായ ചുഴലികാറ്റിലാണ് അലനല്ലൂര്‍, കോട്ടോപ്പാടം, കുമരംപുത്തൂര്‍, മണ്ണാര്‍ക്കാട്, തെങ്കര പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായത്. ചില പ്രദേശങ്ങളില്‍ മരം പൊട്ടിവീണ് വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. റോഡുകളിലേക്ക് മരങ്ങള്‍ പൊട്ടിവീണ് ഗതാഗത തടസ്സവുമുണ്ടായി. കമ്പികള്‍ പൊട്ടിവീണ് പല ഭാഗങ്ങളിലും വൈദ്യുതി ബന്ധവും നിലച്ചു. അഗളി: വേനൽ മഴക്കിടയിലുണ്ടായ കാറ്റിൽ 2000 നേന്ത്ര വാഴകൾ നശിച്ചു. അഗളി പഞ്ചായത്തിലെ വെള്ളമാരിയിൽ പാട്ടത്തിനെടുത്ത് കൃഷി ചെയ്ത വാഴകളാണ് തിങ്കളാഴ്ച ഉച്ചയോടെ പെയ്ത മഴയിലും കാറ്റിലും ഒടിഞ്ഞ് വീണത്. കൽക്കണ്ടി നിരപ്പിൽ ബിജുവിെൻറ വാഴകളാണ് നശിച്ചത്. അഗളി കൃഷിഭവൻ അധികൃതർ എത്തി പരിശോധന നടത്തി. ആനക്കര: തെങ്ങ് വീണ് വീടിെൻറ അടുക്കള ഭാഗം തകര്‍ന്നു. നയ്യൂര്‍ കണിയാര് കണ്ടത്തില്‍ നളിനിയുടെ വീടിനോട് ചേര്‍ന്നുള്ള അടുക്കളയുടെയും വീടിനു മുകളിലേക്കുമായിട്ടാണ് സമീപത്തെ പറമ്പിലുള്ള തെങ്ങ് കടപുഴകി വീണത്. ഉച്ചസമയത്താണ് തെങ്ങ് വീണത്. തകര ഷീറ്റ് മേഞ്ഞ അടുക്കള പൂർണമായും തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.