പാലക്കാട്: സംസ്ഥാന സർക്കാർ നവകേരള മിഷെൻറ ഭാഗമായി നടപ്പാക്കുന്ന സമ്പൂർണ സുരക്ഷ പാർപ്പിട പദ്ധതിയുടെ(ലൈഫ്) ഭാഗമായി 54,580 പേരുടെ വിവരങ്ങൾ കരട് പട്ടിക തയാറാക്കുന്നതിന് മുന്നോടിയായി ഗ്രാമ, വാർഡ് സഭ പരിഗണനക്കായി നൽകി. തദ്ദേശസ്ഥാപന തല പരിശോധനക്ക് ശേഷമാണ് കരട് പട്ടികക്കായി വിവരങ്ങൾ നൽകിയത്. സർവേ നടത്തിയ കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്ററാണ് ഇക്കാര്യം അറിയിച്ചത്. എ, ബി, സി, ഡി ഫോമുകളിലായി മൊത്തം 1,35,368 ഗുണഭോക്താക്കളുടെ വിവര ശേഖരണമാണ് കുടുംബശ്രീ നടത്തിയത്. 2011-ൽ കേന്ദ്ര സർക്കാർ നടത്തിയ സാമൂഹിക, -സാമ്പത്തിക-ജാതി സെൻസസിൽ ലഭിച്ച വിവരങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വിവിധ പദ്ധതികൾക്കായി തയാറാക്കിയ ഭവനരഹിതരുടെ പട്ടിക, നഗരസഭകളുടെ പി.എം.എ.വൈ പട്ടിക, സാമൂഹിക നീതി വകുപ്പ് തയാറാക്കിയ ഭിന്നശേഷിയുള്ളവരുടെ പട്ടിക എന്നിവയിൽ നിന്നുള്ള ഉപഭോക്താക്കളാണ് എ, ബി ഫോമുകളിൽ ഉൾപ്പെട്ടിരിക്കുന്നത്. ഒരു പട്ടികയിലും ഉൾപ്പെടാത്തവരുടെ വിവരങ്ങളാണ് സി, ഡി ഫോമുകളിൽ ശേഖരിച്ചത്. എ, ബി ഫോമുകളിലെ വിവരങ്ങൾ 10 ശതമാനവും സി, ഡി ഫോമുകളിലുള്ളവ 100 ശതമാനവുമാണ് തദ്ദേശസ്ഥാപനതലത്തിൽ മേൽ പറഞ്ഞ പരിശോധനക്ക്് വിധേയമാക്കുക. ഗ്രാമപഞ്ചായത്തിൽ വി.ഇ.ഒക്കും നഗരസഭയിൽ ജെ.എച്ച്.ഐക്കുമാണ് പരിശോധന ചുമതല. കരട് സർവേ പട്ടിക ലൈഫിെൻറ വെബ്സൈറ്റ്, അതത് ഗ്രാമപഞ്ചായത്ത്/നഗരസഭകൾ, സി.ഡി.എസുകൾ എന്നിവയിൽ പ്രസിദ്ധീകരിക്കും. പട്ടിക സംബന്ധിച്ച പരാതികൾ 10 ദിവസത്തിനുള്ളിൽ തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് നൽകാം. പരാതി ഏഴ് ദിവസത്തിനുള്ളിൽ തീർപ്പാക്കും. തുടർന്ന് പരാതിയുണ്ടെങ്കിൽ ജില്ല കലക്ടർക്ക് നൽകാം. സബ് കലക്ടർ/ആർ.ഡി.ഒ/ അസി. കലക്ടർ തലത്തിൽ നടക്കുന്ന പരിശോധനക്ക് ശേഷം 15 ദിവസത്തിനുള്ളിൽ പരാതി തീർപ്പാക്കും ജില്ലയിലെ 95 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഫെബ്രുവരി 18 മുതൽ മാർച്ച് രണ്ട് വരെ നടത്തിയ സർവേയിൽ 82,659 ഭവനരഹിതരെയും 52,709 ഭൂരഹിതരെയുമാണ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.