പാലക്കാട്: കമീഷൻ ലക്ഷ്യമിട്ട് സ്വകാര്യ ആശുപത്രികളുമായി ആംബുലൻസ് ഡ്രൈവർമാർ ഒത്തുകളി നടത്തുന്നു എന്ന പ്രചാരണം ശരിയല്ലെന്ന് ജില്ല ആംബുലൻസ് ഡ്രൈവേഴ്സ് യൂനിയൻ സെക്രട്ടറി മുഹമ്മദ് ശരീഫ് പ്രസ്താവനയിൽ അറിയിച്ചു. അത്യാസന്ന നിലയിലും അല്ലാതെയുമുള്ള രോഗികളുടെ ബന്ധുക്കൾ നിർദേശിക്കുന്നത് പ്രകാരമാണ് സ്വകാര്യ ആശുപത്രികളിലേക്ക് ആംബുലൻസ് ഡ്രൈവർമാർ രോഗിയുമായി പോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കണ്ണാടി ഗ്രാമപഞ്ചായത്തിലെ കിണാശ്ശേരിയിൽ ബൈക്ക് അപകടത്തിൽ സാരമായി പരിക്കേറ്റ വീട്ടമ്മയെ തങ്ങളുടെ താൽപര്യം വകവെക്കാതെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലൻസ് ഡ്രൈവർ കൊണ്ടുപോയെന്ന ആക്ഷേപം ബന്ധുക്കളിൽ നിന്നുണ്ടായിരുന്നു. പ്രസ്തുത ആശുപത്രിയിൽവെച്ച് വീട്ടമ്മ ചികിത്സക്കിടെ മരണപ്പെടുകയും ചെയ്തു. എന്നാൽ തൃശൂരിലെ ഗവ. ആശുപത്രിയിലേക്കാണ് ഇൗ രോഗിയുമായി ആംബുലൻസ് ആദ്യം എത്തിയതെന്ന് ഡ്രൈവേഴ്സ് യൂനിയൻ വ്യക്തമാക്കി. അത്യാസന്ന നിലയിലായ രോഗിക്ക് അവിടെ ചികിത്സ ലഭിക്കാത്തതിനാലാണ് മറ്റൊരിടത്തേക്ക് മാറ്റേണ്ടി വന്നത്. വസ്തുത ഇതായിരിക്കെ ആംബുലൻസ് ഡ്രൈവർമാരെ ജനമധ്യത്തിൽ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമം അപലപനീയമാണെന്ന് മുഹമ്മദ് ശരീഫ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.