ഒറ്റപ്പാലം: നഗരസഭ ഭരണത്തോട് ഉദ്യോഗസ്ഥർക്ക് പുച്ഛമെന്നും കൗൺസിൽ എടുത്ത തീരുമാനങ്ങളോടും ജനങ്ങളുടെ വിവിധ ആവശ്യങ്ങളോടും ജീവനക്കാർ പുറംതിരിഞ്ഞു നിൽക്കുകയാണെന്നും കൗൺസിൽ യോഗത്തിൽ ഭരണ -പ്രതിപക്ഷ ആക്ഷേപം. ആക്ഷേപത്തിന് പരിഹാരം കാണാനാകുന്നില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ തൽസ്ഥാനങ്ങളിൽനിന്നും മാറ്റാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു. ഭവന പുനരുദ്ധാരണ പദ്ധതിപ്രകാരം അർഹരായ ഗുണഭോക്താക്കൾക്ക് ആനുകൂല്യം നിഷേധിക്കപ്പെടുന്നതായാണ് ഭരണ, പ്രതിപക്ഷ കൗൺസിലർമാർ ആരോപണമുന്നയിച്ചത്. 12 വർഷത്തിനിടയിൽ ആനുകൂല്യം കൈപ്പറ്റിയവർക്ക് തുക നൽകരുതെന്ന ഉദ്യോഗസ്ഥ നിലപാടാണ് തർക്കത്തിനിടയാക്കിയത്. വാർഡിൽനിന്നും ജനറൽ വിഭാഗത്തിലെ 12 പേർക്ക് വീതം 36 വാർഡുകളിലെ 432 പേർക്കാണ് 7500 രൂപവീതം തുക നൽകേണ്ടത്. എസ്.സി വിഭാഗത്തിൽനിന്നും രണ്ടുപേർ എന്ന കണക്കിൽ 72 പേർക്ക് 25000 രൂപയുമാണ് നൽകേണ്ടത്. ഗുണഭോക്താക്കൾ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയാലും ഉദ്യോഗസ്ഥർ ഓരോകാരണം പറഞ്ഞ് ഇവർക്ക് ആനുകൂല്യം നൽകുന്നത് തടസ്സപ്പെടുത്തുകയാണെന്ന് കൗൺസിലർമാർ ചൂണ്ടിക്കാട്ടി. ഒച്ചപ്പാടുകൾക്കിടയിൽ ബുധനാഴ്ച നടക്കുന്ന കൗൺസിലിൽ ഇതുസംബന്ധിച്ച് തീരുമാനമെടുക്കാമെന്ന് ധാരണയായി. പി.എം.എ.വൈ പദ്ധതിപ്രകാരം സബ്സിഡി ബാങ്കുകളിൽ നിന്നും ലഭിക്കാത്തത് ഗുണഭോക്താക്കൾക്ക് തിരിച്ചടിയാകുന്നതായ പരാതിയും ഉയർന്നു. ഏതാനും പദ്ധതികൾ ഭേദഗതിയോടെ കൗൺസിൽ അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.