മണ്ണാർക്കാട്: വരൾച്ചയെ പ്രതിരോധിക്കാൻ കുന്തിപ്പുഴയിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ഗാബിയോൺ തടയണ ഒരുങ്ങുന്നു. കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ കുന്തിപ്പുഴയുടെ മുകൾഭാഗമായ പയ്യനെടം പുതുക്കുടി ഭാഗത്താണ് തടയണ നിർമിക്കുന്നത്. ഒരു മീറ്ററിലധികം ആഴവും ഒന്നര മീറ്ററോളം വീതിയുമുള്ള കിടങ്ങെടുത്ത് അതിൽ കമ്പിവേലി വിരിച്ച് ഉരുളൻകല്ലുകൾ നിറച്ചാണ് തടയണ നിർമിക്കുന്നത്. ഉരുളൻകല്ലുകൾക്ക് ചുറ്റും കമ്പിവേലിയുള്ളതിനാൽ ശക്തമായ ഒഴുക്കിലും തടയണ തകരില്ലെന്നതാണ് ഗാബിയോൺ തടയണയുടെ പ്രത്യേകത. നിർമാണം പൂർത്തിയാവുന്നതോടെ തടയണയുടെ അടി മുതൽ മുകൾ വരെയുള്ള ഭാഗം കമ്പിവലക്കുള്ളിലാവും. മണ്ണാർക്കാട് മേഖലയിൽ ഇത്തരത്തിൽ ആദ്യമായിട്ടാണ് തടയണ നിർമിക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഒന്നര ലക്ഷം രൂപ എസ്റ്റിമേറ്റിലാണ് തടയണ നിർമിക്കുന്നത്. 500 അവിദഗ്ധ തൊഴിൽദിനങ്ങളും നൂറോളം വിദഗ്ധ തൊഴിൽദിനങ്ങളുമാണ് പദ്ധതിയിൽ വിഭാവനം ചെയ്യുന്നത്. ദിനംപ്രതി ഇരുപതോളം തൊഴിലാളികളാണ് ഇവിടെ തൊഴിൽ ചെയ്യുന്നത്. വാർഡ് മെംബറും ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർമാനുമായ മുസ്തഫ വറോടെൻറ നേതൃത്വത്തിലാണ് തടയണക്കാവശ്യമായ ഗാബിയോൺ സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹുസൈൻ കോളശ്ശേരി, സെക്രട്ടറി ഏലിയാമ്മ സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് അസി. എൻജിനീയർ റിനീഷ വാളിയാടിയും സഹദ് അരിയൂരുമാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്. പ്രവൃത്തി നടക്കുന്ന സ്ഥലം തിങ്കളാഴ്ച ജില്ല ജോയൻറ് പ്രോഗ്രാം കോഓഡിനേറ്റർ അബ്ദുൽ സലീം, ബ്ലോക്ക് െഡവലപ്മെൻറ് ഓഫിസർ അനിഷ് ജെ. ആലക്കപ്പള്ളി, ജോയൻറ് ബി.ഡി.ഒ ജാക്വിലിൻ ജോർജ്, ബ്ലോക്ക് അക്കൗണ്ടൻറ് സ്വപ്ന ജോസഫ്, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.