പാലക്കാട്: പ്രതിരോധ കുത്തിവെപ്പിനെതിരെ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾ പാടില്ലെന്നും ഇത്തരം കാര്യങ്ങൾ പൊലീസ് ശ്രദ്ധിക്കണമെന്നും ജില്ല കലക്ടർ പി. മേരിക്കുട്ടി. മീസൽസ് (അഞ്ചാം പനി)- റൂബെല്ല രോഗങ്ങൾക്കെതിരെ ഒമ്പത് മാസത്തിനും 15 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള എം.ആർ വാക്സിനേഷൻ കുത്തിവെപ്പ് ജില്ലയിൽ ആഗസ്റ്റിൽ ആരംഭിക്കും. കുത്തിവെപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ആരോഗ്യ പ്രവർത്തകരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ. ആദ്യഘട്ടത്തിൽ ജില്ലയിലെ സ്കൂളുകൾ കേന്ദ്രീകരിച്ചായിരിക്കും കുത്തിവെപ്പ്. അധ്യാപകരും രക്ഷിതാക്കളും കുത്തിവെപ്പുമായി സഹകരിക്കണമെന്നും കുത്തിവെപ്പിെൻറ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തണമെന്നും ജില്ല കലക്ടർ പി. മേരിക്കുട്ടി പറഞ്ഞു. രണ്ടാംഘട്ടത്തിൽ രോഗബാധിത പ്രദേശങ്ങൾ കണ്ടെത്തി ആരോഗ്യ പ്രവർത്തകർ നേരിട്ടെത്തി കുത്തിവെപ്പ് നൽകും. ആദിവാസി മേഖലകളിൽ എസ്.ടി പ്രമോട്ടർമാരുടെ സഹകരണത്തോടെയാകും കുത്തിവെപ്പ്. ശക്തമായ പനി, ശരീരത്തിലെ തടിപ്പുകൾ, കണ്ണ് ചുവക്കൽ എന്നിവയാണ് മീസൽസ് (അഞ്ചാം പനി) -റൂബെല്ല എന്നിവയുടെ രോഗലക്ഷണങ്ങൾ. ഗർഭിണികളിലുണ്ടാകുന്ന രോഗം ഗർഭസ്ഥ ശിശുവിെൻറ ആരോഗ്യത്തെ ബാധിക്കും. രോഗം ശക്തമായാൽ രക്തത്തിലെ പ്ലേറ്റ്ലറ്റ് കൗണ്ട് കുറയാനും മരണത്തിനും ഇടയാക്കിയേക്കാം. രോഗ ലക്ഷണമുള്ളവർ ഡോക്ടറെ സമീപിക്കണമെന്നും ജില്ല കലക്ടർ പറഞ്ഞു. ഡി.എം.ഒ ഡോ. കെ.പി. റീത്ത, ആർ.സി.എച്ച് ഓഫിസർ ഡോ. ജയന്തി, ഡബ്ല്യൂ.എച്ച്.ഒ പ്രതിനിധി ഡോ. സന്തോഷ്, ജില്ലയിലെ മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.