പാലക്കാട്: 13ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി പ്രത്യേക കാർഷിക മേഖല (സ്പെഷൽ അഗ്രികൾചർ സോൺ) നടപ്പാക്കാനായുള്ള പ്രാഥമിക ചർച്ചകൾ ജില്ലയിൽ തുടങ്ങി. സംസ്ഥാനത്തെ 14 മേഖലകളാക്കി തിരിച്ച് പ്രത്യേക ശ്രദ്ധ നൽകി വികസിപ്പിക്കാൻ ആവിഷ്കരിച്ച പദ്ധതിയിൽ ജില്ലയിലെ നെൽകൃഷി വികാസമാണ് ലക്ഷ്യമിടുന്നത്. വിള ഉൽപാദനത്തിനായി മാത്രം പ്രതിവർഷം 600 കോടിയോളം രൂപ സർക്കാർ ചെലവഴിക്കുന്നുണ്ട്. ഇതുകൂടാതെ 10 കോടി സംസ്ഥാനത്ത് പ്രത്യേക കാർഷിക മേഖലക്കായി 2017-18ലെ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പദ്ധതിയുടെ നിർവഹണത്തിന് മുമ്പുള്ള പ്രാഥമിക ചർച്ചക്കായി ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. പി.കെ. രാമചന്ദ്രൻ, അംഗം ഡോ. ആർ. രാംകുമാർ എന്നിവർ കലക്ടറേറ്റ് സമ്മേളന ഹാളിൽ കർഷക സംഘടനകളുടെയും പാടശേഖര സമിതികളുടെയും പ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ജില്ല കലക്ടർ പി. മേരിക്കുട്ടി അധ്യക്ഷത വഹിച്ചു. ഉൽപാദനക്ഷമത, ലാഭക്ഷമത, സുസ്ഥിരത എന്നിവ സംയോജിപ്പിച്ച് കാർഷിക വളർച്ചനിരക്ക് വർധിപ്പിക്കാനുള്ള ആശയങ്ങളാണ് ചർച്ച ചെയ്തത്. വിത്ത്, മണ്ണ്, ജലലഭ്യത, യന്ത്രവത്കരണം, വിപണനം, സംസ്കരണം എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിൽ കർഷക -പാടശേഖര സമിതി പ്രതിനിധികൾ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു. അത്യുത്പാദന ശേഷിയുള്ള പുതിയ വിത്തുകൾ ലഭ്യമാക്കുക, വിളയിറക്കുന്നതിന് മുമ്പ് തന്നെ കർഷകർ പാടത്ത് വന്ന് മണ്ണ് പരിശോധന നടത്തി സോയിൽ ഹെൽത്ത് കാർഡ് നൽകുക, ഫീൽഡുതലത്തിൽ കൃഷി ഓഫിസർമാരെ നിയമിക്കുക, ജില്ലയിൽ ഒമ്പത് ഡാമുകളുടെയും സംഭരണശേഷി വർധിപ്പിക്കാനും വെള്ളം തുറന്നുവിടുന്ന കനാലുകൾ വൃത്തിയാക്കാനും നടപടി സ്വീകരിക്കുക, കനാൽ കൈേയറ്റവും മാലിന്യം തള്ളുന്നതും തടയുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. നിലവിൽ രണ്ടര ഹെക്ടറിൽ താഴെ കൃഷി ചെയ്യുന്നവർക്ക് മാത്രമാണ് ആനുകൂല്യങ്ങൾ ലഭിക്കുക. ഈ പരിധി ഒഴിവാക്കിയാൽ കൂടുതൽ കാർഷിക മേഖലയിലേക്ക് ആകർഷിക്കപ്പെടുമെന്നും തരിശായി കിടക്കുന്ന ഭൂമി കണ്ടെത്തി കൃഷിയോഗ്യമാക്കണമെന്നും 75 ശതമാനം സബ്സിഡിയിൽ കാർഷിക യന്ത്രങ്ങൾ ലഭ്യമാക്കണമെന്നും ആവശ്യമുയർന്നു. തുടർന്ന് ഉദ്യോഗസ്ഥരുമായി പ്ലാനിങ് ബോർഡ് പ്രതിനിധികൾ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.