പെപ്സിയുടെ ജലമൂറ്റല്‍ തടയണമെന്ന് ജില്ല വികസന സമിതി

പാലക്കാട്: ജില്ലയില്‍ വരള്‍ച്ച രൂക്ഷമാകുന്ന സാഹചര്യത്തില്‍ കഞ്ചിക്കോട്, പുതുശ്ശേരി ഭാഗത്ത് പെപ്സി കമ്പനിയും മദ്യ കമ്പനികളും നടത്തുന്ന അനുവദനീയ അളവിന് മേലുള്ള ഭൂഗര്‍ഭ ജലമൂറ്റല്‍ തടയാന്‍ കലക്ടര്‍ ഉത്തരവിറക്കണമെന്ന് ജില്ല വികസനസമിതി യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. 2011ലെ ഹൈകോടതി വിധിപ്രകാരം പെപ്സിക്ക് പ്രതിദിനം ആറ് ലക്ഷം ലിറ്റര്‍ ജലമെടുക്കാന്‍ അനുമതിയുണ്ട്. എന്നാല്‍, വരള്‍ച്ച സമയത്ത് അതിന്‍െറ 75 ശതമാനം കുറച്ച് 2.34 ലക്ഷം ലിറ്റര്‍ ജലത്തിനാണ് കമ്പനിക്ക് അനുമതിയുള്ളത്. ഈ അളവില്‍ കൂടുതല്‍ ജലം കമ്പനി ഉപയോഗിക്കുന്നുണ്ടെന്നാണ് ആരോപണം. വേനല്‍ തീരും വരെയെങ്കിലും കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് എം.ബി. രാജേഷ് എം.പി യോഗത്തില്‍ അവതരിപ്പിച്ച പ്രമേയം എം.എല്‍.എമാരായ പി.കെ. ശശി, കെ. ബാബു, എന്‍. ഷംസുദ്ദീന്‍, കെ. കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ പിന്താങ്ങി. ജലമെടുക്കാന്‍ കമ്പനി ഉപയോഗിക്കുന്ന പമ്പുകളുടെ ശേഷി പരിശോധിക്കണമെന്ന് കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ ഭൂഗര്‍ഭ ജലവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ജലമൂറ്റല്‍ തടയാന്‍ ഉടന്‍ ഉത്തരവിറക്കുമെന്ന് ജില്ല കലക്ടര്‍ പി. മേരിക്കുട്ടി യോഗത്തില്‍ ഉറപ്പ് നല്‍കി. വരള്‍ച്ച ബാധിത പ്രദേശങ്ങളിലുള്‍പ്പെടെ ജില്ലയില്‍ പ്രതിദിനം 4,36,000 ലിറ്റര്‍ ജലവിതരണം വിവിധ സ്രോതസ്സുകളില്‍ നിന്നായി നടക്കുന്നുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. കാര്‍ഷികാവശ്യങ്ങള്‍ക്ക് എന്ന് തെറ്റിദ്ധരിപ്പിച്ച് കുഴല്‍ കിണര്‍ കുഴിച്ച് ഇഷ്ടിക ചൂളകള്‍ക്കായി ജലം ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനം തുടര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കും. അനധികൃത ജലചൂഷണം കണ്ടത്തെിയാല്‍ ഉടന്‍ അവയുടെ വൈദ്യുതിബന്ധം വിച്ഛേദിക്കാനും ജില്ല കലക്ടര്‍ യോഗത്തില്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കുടിവെള്ളത്തിന് മുന്‍ഗണന കൊടുത്തുള്ള ജലവിതരണമാണ് നടന്നുവരുന്നത്. വരള്‍ച്ച നേരിടാന്‍ ജില്ലക്ക് മൊത്തം അഞ്ച് കോടി സര്‍ക്കാറില്‍നിന്ന് ലഭ്യമായിട്ടുണ്ട്. ഇതില്‍ രണ്ടരക്കോടി ചെലവഴിച്ചു. ആദിവാസി മേഖലയിലെ ആരോഗ്യസംരക്ഷണം കണക്കിലെടുത്ത് ശുദ്ധജലമാണ് മേഖലയില്‍ വിതരണം ചെയ്യുന്നതെന്ന് ഉറപ്പുവരുത്താന്‍ വാട്ടര്‍ അതോറിറ്റി അധികൃതരും ജലവിതരണ ഏജന്‍സികളും അടിയന്തര യോഗം ചേരണമെന്ന് എം.ബി. രാജേഷ് എം.പി ആവശ്യപ്പെട്ടു. യോഗത്തില്‍ കെ.വി. വിജയദാസ് എം.എല്‍.എ, കെ.ഡി. പ്രസേനന്‍ എം.എല്‍.എ, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി കെ.ഇ. ഇസ്മായില്‍, ജില്ല പ്ളാനിങ് ഓഫിസര്‍ ഏലിയാമ്മ നൈനാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.