വനവിഭവം ശേഖരിക്കാന്‍ പുതിയ അവകാശികള്‍; കുറുമ്പര്‍ പ്രതിസന്ധിയില്‍

അഗളി: അട്ടപ്പാടിയില്‍ വനവിഭവ ശേഖരണം കുടുംബശ്രീക്കാരെ ഏല്‍പിച്ചത് പ്രാക്തന ഗോത്ര വിഭാഗമായ കുറുമ്പരുടെ തൊഴിലിന് തിരിച്ചടിയായി. പരമ്പരാഗത രീതിയില്‍ വനവിഭവ ശേഖരണം നടത്തിയിരുന്ന കുറുമ്പരെ അതില്‍നിന്ന് മാറ്റിയതിനെതിരെ അവര്‍ സര്‍ക്കാറിന് പരാതി നല്‍കി. നാഷനല്‍ റൂറല്‍ ലൗലി ഹുഡ് മിഷന്‍ എന്ന പദ്ധതി കുടുംബശ്രീ പ്രവര്‍ത്തകര്‍ വഴിയാണ് നടപ്പാക്കുന്നത്. കുറുമ്പ വിഭാഗത്തില്‍പെട്ട ആദിവാസികള്‍ രൂപവത്കരിച്ച അട്ടപ്പാടി പട്ടികവര്‍ഗ സേവന സഹകരണ സംഘത്തിനാണ് അട്ടപ്പാടിയിലെ വനങ്ങളില്‍നിന്ന് വനവിഭവങ്ങള്‍ ശേഖരിക്കാനുള്ള വനംവകുപ്പിന്‍െറ അനുമതിയുള്ളത്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിട്ടുകൊണ്ടും വനംവകുപ്പിന്‍െറ അനുമതിയുമില്ലാതെയുമാണ് പുതിയ പദ്ധതി വഴി വനവിഭവ ശേഖരണം. വനംവകുപ്പ് ചീഫ് കണ്‍സര്‍വേറ്ററുടെ ഉത്തരവനുസരിച്ച് അട്ടപ്പാടി റേഞ്ചിന്‍െറ പരിധിയില്‍ കുറുമ്പ സൊസൈറ്റിക്ക് മാത്രമേ വനത്തിനുള്ളില്‍ പ്രവേശിച്ച് വനവിഭവങ്ങള്‍ ശേഖരിക്കാനാവൂ. പുതൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ട 19 ഊരുകളിലെ 543 കുടുംബങ്ങളാണ് വനവിഭവങ്ങള്‍ ശേഖരിച്ച് ജീവിക്കുന്നത്. 1975ലാണ് കുറുമ്പ പട്ടികവര്‍ഗ സേവന സഹകരണ സംഘം രൂപവത്കരിച്ചത്. കുറുമ്പ വിഭാഗക്കാരായ 747 അംഗങ്ങളാണ് സംഘത്തിനുള്ളത്. ജീവനക്കാര്‍ ഉള്‍പ്പെടെ എല്ലാവരും ആദിവാസികള്‍ത്തന്നെയാണ്. വനവിഭവങ്ങള്‍, കാര്‍ഷികോല്‍പന്നങ്ങള്‍ എന്നിവ സൊസൈറ്റി ശേഖരിച്ച് കേരള പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ വഴി വിപണിയില്‍ എത്തിക്കുന്നതിനാല്‍ ലാഭം മുഴുവന്‍ സംഘത്തിനുതന്നെ ലഭിക്കുന്നു. 40 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ സംഘം നശിക്കാതിരിക്കാനാണ് പരാതി നല്‍കിയതെന്ന് സംഘം ഭാരവാഹികള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.