വെടിക്കെട്ട് നിയന്ത്രണം: കേന്ദ്രസംഘം തെളിവെടുത്തു

പാലക്കാട്: പൂരാഘോഷ വെടിക്കെട്ടിനുള്ള നിയന്ത്രണം സംബന്ധിച്ച പരാതികളുടെ വെളിച്ചത്തില്‍ കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്‍െറ ഉന്നതതല സംഘം പൊതുജനങ്ങളില്‍നിന്ന് തെളിവെടുത്തു. കേന്ദ്ര വാണിജ്യ ജോയന്‍റ് സെക്രട്ടറി ശൈലേന്ദ്ര സിങ്ങിന്‍െറ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ജില്ലയിലെ ഉത്സവാഘോഷ കമ്മിറ്റി അംഗങ്ങള്‍, പടക്കനിര്‍മാതാക്കള്‍ എന്നിവരാണ് തെളിവെടുപ്പില്‍ പങ്കെടുത്തത്. എറണാകുളം ഡെപ്യൂട്ടി ചീഫ് കണ്‍ട്രോള്‍ ഓഫ് എക്സ്പ്ളോസീവ്സിന്‍െറ സര്‍ക്കുലര്‍മൂലം പൂരത്തിന്‍െറ സുപ്രധാന ചടങ്ങായ വെടിക്കെട്ട് പ്രതിസന്ധിയിലായതായി ഉത്സവ കമ്മിറ്റി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. നിലവിലുള്ള നിയമങ്ങള്‍ക്ക് അപ്പുറമുള്ള വ്യവസ്ഥകളാണ് സര്‍ക്കുലറിലുള്ളതെന്ന് പൂരം സംഘാടകര്‍ പറഞ്ഞു. വെടിമരുന്ന് സൂക്ഷിക്കാനുള്ള പരിധി 15 കിലോയില്‍ നിജപ്പെടുത്തിയാല്‍ വെടിക്കെട്ട് അസാധ്യമാവും. വെടിക്കെട്ട്തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്ന് സംശയിക്കുന്നതായി പുത്തൂര്‍ ക്ഷേത്രം പ്രസിഡന്‍റ് പുത്തൂര്‍ പ്രകാശന്‍ പറഞ്ഞു. സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും ആവശ്യമെങ്കില്‍ നിയമം ഭേദഗതി ചെയ്യണമെന്നും കേരള ഫെസ്റ്റിവല്‍ കോഓഡിനേഷന്‍ കമ്മിറ്റി ജന. സെക്രട്ടറി വത്സന്‍ ചമ്പക്കര ആവശ്യപ്പെട്ടു. ലൈസന്‍സ് നടപടിക്രമം ലളിതമാക്കണം. ഇതിനായി ഏകജാലക സംവിധാനം നടപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളുമുയര്‍ന്നു. കൈവശം സൂക്ഷിക്കാവുന്ന വെടിമരുന്നിന്‍െറ അളവ് 15 കി.ഗ്രാമില്‍നിന്ന് 5000 മുതല്‍ 10,000 കി.ഗ്രാം വരെയാക്കി ഉയര്‍ത്തണമെന്ന് ഉത്സവ കമ്മിറ്റി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ലൈസന്‍സ് വേഗത്തില്‍ ലഭിക്കാന്‍ നിലവിലുള്ള നിയമത്തില്‍ ഭേദഗതി വരുത്തി ജില്ല ഭരണകൂടത്തിന് അധികാരം നല്‍കണമെന്നും പൂരം സംഘാടകര്‍ ആവശ്യപ്പെട്ടു. ഹിയറിങ്ങില്‍ ജില്ല കലക്ടര്‍ പി. മേരിക്കുട്ടി, നാഗ്പുര്‍ പെട്രോളിയം ആന്‍ഡ് എക്സ്പ്ളോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ എക്സ്പ്ളോസീവ് ജോയന്‍റ് കണ്‍ട്രോളര്‍ എന്‍.ടി. സാഹു, ശിവകാശി ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ളോസീവ് സുന്ദരേശന്‍, സബ് കലക്ടര്‍ അഫ്സാന പര്‍വീന്‍, എ.ഡി.എം എസ്. വിജയന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.