എടത്തനാട്ടുകര എടമലയില്‍ വന്‍ തീപിടിത്തം; ആറ് ഏക്കര്‍ നശിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര എടമലയില്‍ വന്‍ തീപിടിത്തം. ആറ് ഏക്കര്‍ സ്ഥലം കത്തിനശിച്ചു. ശനിയാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. എടമലയുടെ പൊന്‍പാറ ഭാഗത്ത് ചെറുശ്ശേരി രാജന്‍െറ വീടിന് 300 മീറ്റര്‍ മാത്രം ദൂരെ നിന്നാണ് തീ പടര്‍ന്ന് പിടിച്ചത്. മലയുടെ ഉയരങ്ങളിലേക്ക് എത്തിയതോടെ തീ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടര്‍ന്ന് പിടിക്കുകയായിരുന്നു. തീ കത്തുന്നത് കണ്ട ഉടനെ നാട്ടുകാര്‍ അണക്കാന്‍ ശ്രമം ആരംഭിച്ചു. പിലാച്ചോല ക്രസന്‍റ് ക്ളബ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് രാത്രി ഒരുമണിയോടെ തീ അണച്ചു. മല പ്രദേശമായതിനാല്‍ ഫയര്‍ ഫോഴ്സിന് എത്തിപെടാന്‍ സാധിക്കില്ലായിരുന്നു. വേനല്‍ കനക്കുന്നതോടെ സൈലന്‍റ്വാലി ബഫര്‍ സോണിനോട് ചേര്‍ന്ന് കിടക്കുന്ന ഉപ്പുക്കുളം, തിരുവിഴാംകുന്ന് അമ്പലപ്പാറ തുടങ്ങിയ വനപ്രദേശങ്ങളില്‍ കാട്ടു തീ വ്യാപകമാവാറുണ്ട്. ശക്തമായ ചൂടില്‍ മുളകളും മറ്റും കൂട്ടിയുരസി തീ പടരാറുണ്ടെങ്കിലും അത്തരം സന്ദര്‍ഭങ്ങള്‍ അപൂര്‍വമാണ്. കാട്ടുമൃഗങ്ങളെ വേട്ടയാടുന്നതിനും വനവിഭവ ശേഖരത്തിനും മറ്റുമായി വേട്ടക്കാര്‍ തീ കത്തിക്കുന്നതും സാധാരണമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.