ബി.ജെ.പി റോഡ് ഉപരോധത്തിനിടെ സംഘര്‍ഷം; കല്ളേറ്, ലാത്തിയടി, കണ്ണീര്‍ വാതകപ്രയോഗം

പുതുശ്ശേരി: ബി.ജെ.പി ദേശീയപാത ഉപരോധത്തിനിടെ പുതുശ്ശേരി ജങ്ഷനില്‍ സംഘര്‍ഷം. ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ പൊലീസിനുനേരെ കല്ളേറുണ്ടായി. ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ലാത്തിവീശി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പുതുശ്ശേരിയില്‍ പ്രശ്ന ബാധിത പ്രദേശമായതിനാല്‍ മൈക്ക് പെര്‍മിഷന്‍ നല്‍കിയിരുന്നില്ല. ബി.ജെ.പി പ്രവര്‍ത്തകര്‍ മൈക്ക് ഉപയോഗിക്കാന്‍ ശ്രമിച്ചത് പൊലീസ് എ.എസ്.പി തടഞ്ഞതോടെ സംഘര്‍ഷം തുടങ്ങി. ഉപരോധം തുടങ്ങിയതോടെ വാഹനങ്ങളുടെ നീണ്ടനിര ഇരുഭാഗത്തും കിലോമീറ്ററുകളോളം നീണ്ടു. കൂട്ടുപാത വരെയും കഞ്ചിക്കോട് വരെയും വാഹനനിര നീണ്ടു. പ്രവര്‍ത്തകരെ ഒഴിപ്പിക്കാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെ ഒരു ഭാഗത്തുനിന്ന് കല്ളേറ് വന്നു. സോഡാകുപ്പികളും കല്ലുകളും കൊണ്ട് അക്രമണം തുടങ്ങിയതോടെ പൊലീസ് ലാത്തി വീശി. കണ്ണീര്‍വാതകവും പ്രയോഗിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ പുതുശ്ശേരിയിലെ വ്യവസായശാലകള്‍ അടച്ചു. സംഘര്‍ഷത്തില്‍ എ.എസ്.പി ഉള്‍പ്പെടെ പൊലീസുകാര്‍ക്കും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. പാലക്കാട് നഗരസഭ ചെയര്‍പേഴ്സന്‍ പ്രമീള ശശിധരന്‍, സിന്ധുരാജന്‍, എസ്. രാജേന്ദ്രന്‍, ശെല്‍വരാജ്, ഹരിദാസ്, ബിനീഷ്, ഗോപന്‍, കെ. സുധീര്‍, സി. രവീന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. എ.എസ്.പി പൂങ്കുഴലി, കസബ എസ്.ഐ റിംസണ്‍ തോമസ്, വാളയാര്‍ എസ്.ഐ ചാക്കോ, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ സുധീഷ് കുമാര്‍, ശിവദാസ്, മനോജ്, രാധാകൃഷ്ണന്‍, ഉഷാദേവി, സജ്ന എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഞ്ചിക്കോട് ചടയംകാലായിയില്‍ വീടിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രണ്ട് ദിവസമായി ബി.ജെ.പി പുതുശ്ശേരിയില്‍ ഉപവാസ സമരം നടത്തിയിരുന്നു. ശനിയാഴ്ച രാവിലെ ഉപവാസ സമരം അവസാനിപ്പിച്ച് ദേശീയപാത ഉപരോധിക്കുകയായിരുന്നു. ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി എം.ടി. രമേശ് ദേശീയപാത ഉപരോധം ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.