കോട്ടമലയില്‍ വീണ്ടും കാറ്റാടി യന്ത്രത്തിന് സാധ്യതയേറി

കുഴല്‍മന്ദം: ചിതലി കോട്ടമലയിലെ കാറ്റാടി യന്ത്രം മാറ്റി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കാറ്റാടി യന്ത്രത്തിന് സാധ്യത തെളിയുന്നു. 1986ലാണ് കോട്ടമലയില്‍ വനംവകുപ്പിന്‍െറ കൈവശമുള്ള സ്ഥലത്ത് വൈദ്യുതിവകുപ്പ് കാറ്റാടി യന്ത്രം സ്ഥാപിച്ചത്. സംസ്ഥാനത്തെ ആദ്യത്തെ കാറ്റാടി വൈദ്യുതി ഉല്‍പാദന പൈലറ്റ് പദ്ധതിയായിരുന്നു ഇത്. ഇതിന്‍െറ വിജയത്തെതുടര്‍ന്നാണ് പിന്നീട് ജില്ലയില്‍ പലസ്ഥലത്തും കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ചത്. അഞ്ച് കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കാനാണ് വൈദ്യുതി വകുപ്പ് അന്ന് ലക്ഷ്യമിട്ടതെങ്കിലും ഒരെണ്ണം മാത്രമാണ് സ്ഥാപിച്ചത്. ബോണസ് എന്ന കമ്പനിയാണ് 100 കിലോവാട്ട് ശേഷിയുള്ള യന്ത്രം സ്ഥാപിച്ചത്. ബോര്‍ഡ് ലക്ഷ്യമിട്ട വൈദ്യുതി ഇവിടെനിന്ന് ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും ഇടിമിന്നലില്‍ ഒരു ലീഫ് പൊട്ടിയതോടെ പദ്ധതി അകാലത്തില്‍ പൊലിഞ്ഞു. സാങ്കേതികവിദ്യയില്‍ വന്ന മാറ്റവും കേടുവന്ന ഭാഗങ്ങളുടെ ലഭ്യതക്കുറവും കാരണം പദ്ധതി വര്‍ഷങ്ങളായി പ്രവര്‍ത്തന രഹിതമാണ്. കഴിഞ്ഞദിവസം കുഴല്‍മന്ദത്ത് അനര്‍ട്ടിന്‍െറ സോളാര്‍ പ്ളാന്‍റ് ഉദ്ഘാടന സമയത്ത് സ്ഥലം എം.എല്‍.എ കെ.ഡി. പ്രസേനന്‍ വൈദ്യുതി മന്ത്രി എം.എം. മണിയുടെ ശ്രദ്ധയില്‍പെടുത്തിയതാണ് പദ്ധതിക്ക് പുതുജീവന്‍ ലഭിക്കാന്‍ കാരണം. ഇതേ തുടര്‍ന്ന് ഊര്‍ജ വകുപ്പിനു കീഴിലെ റിനീവബിള്‍ എനര്‍ജി ആന്‍ഡ് എനര്‍ജി സേവിങ്സിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചിതലി കോട്ടമല സന്ദര്‍ശിച്ചിരുന്നു. വന്‍ തോതില്‍ വൈദ്യുതി ഉല്‍പാദനത്തിനുള്ള കാറ്റ് ചിതലിയിലൂടെ വീശുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ നീളമുള്ള ലീഫുകള്‍ കൊണ്ടുവരാനുള്ള റോഡ് ഇല്ല. അതിനാല്‍ വലിയ യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ കഴിയില്ല. 850 കിലോവാട്ടിന്‍െറ അഞ്ച് യന്ത്രങ്ങള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ നാല് മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യം. ഇതിനായി കെ.എസ്.ഇ.ബിക്ക് കീഴില്‍ കഞ്ചിക്കോട് നിലവിലുള്ള 250 കിലോവാട്ടിന്‍െറ മൂന്നും 600 കിലോവാട്ടിന്‍െറ രണ്ടും യന്ത്രങ്ങള്‍ കോട്ടമലയിലേക്ക് മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. കഞ്ചിക്കോട് കാറ്റാടി പദ്ധതി 20 വര്‍ഷം പൂര്‍ത്തിയാക്കിയതിനാല്‍ ഇവിടത്തെ യന്ത്രങ്ങള്‍ മാറ്റി പുതിയവ സ്ഥാപിച്ച് ഉല്‍പാദനം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കഞ്ചിക്കോട് ഇപ്പോള്‍ 250 കിലോവാട്ടിന്‍െറ മൂന്നും 600 കിലോവാട്ടിന്‍െറ രണ്ടും 2.6 മെഗാവാട്ടിന്‍െറ ഒരെണ്ണവുമാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.