ഷൊർണൂർ: വേനൽ കനത്തതോടെ ശേഷിക്കുന്ന ജലാശയങ്ങൾ വറ്റിത്തുടങ്ങിയത് ജനങ്ങളിൽ ആശങ്ക പടർത്തി. അടുത്ത കാലത്തൊന്നും വറ്റാത്ത കിണറുകളിൽ ബക്കറ്റ് മുങ്ങാനുള്ള വെള്ളം പോലുമില്ല. കിണറിൽ വീണ്ടും ചെറിയ കുഴിയുണ്ടാക്കി ഇതിലേക്ക് പൈപ്പിട്ട് മോട്ടോർപമ്പുപയോഗിച്ച് വെള്ളം നിറയുമ്പോൾ ഇടക്കിടെ പമ്പ് ചെയ്താണ് മിക്ക വീട്ടുകാരും അത്യാവശ്യ കാര്യങ്ങൾ നടത്തുന്നത്. മാർച്ചിൽ തന്നെ പല വറ്റാത്ത കിണറുകളും വറ്റിത്തുടങ്ങിയിരുന്നു. ഭൂരിഭാഗം വീടുകളിലെയും കിണറുകളിലെ ചേറെടുക്കുകയും ചെയ്തു. എന്നാൽ, ഇവയിൽ പലതിലും വീണ്ടും വെള്ളം നിറയാതിരുന്നത് വീട്ടുകാരെ വലച്ചിരിക്കുകയാണ്. പരമ്പരാഗത ജലസ്രോതസ്സുകൾ വേനൽ തുടങ്ങുമ്പോഴേക്കും വറ്റിയതാണ് കിണറുകളിലെ വെള്ളം വറ്റുന്നതിന് ആക്കം കൂട്ടിയത്. മൺസൂൺ കാലത്ത് മഴ വളരെ കുറവായതും തുലാവർഷം തീരെ പെയ്യാതിരുന്നതും മൂലം തോടുകൾ നേരത്തെ വറ്റി. ഇതോടെ നെൽകൃഷി രണ്ടാം വിളയില്ലാതാവുകയും പാടങ്ങളിൽ വെള്ളം കെട്ടി നിൽക്കാതെ വറ്റിവരളുകയും ചെയ്തു. പാടത്തിനരികിലുള്ള കിണറുകളിലും കുളങ്ങളിലും വെള്ളമില്ലാതായി തുടങ്ങി. നഗരസഭ പ്രദേശത്ത് വറ്റാത്ത അപൂർവം കുളങ്ങളിൽ ഒന്നാണ് കണയത്തേത്. ഈ കുളം കൂടി വറ്റിയ നിലയിലാണ്. പ്രദേശത്തുകാർ കുളിക്കാനും അലക്കാനും ഉപയോഗിക്കുന്നതാണ് ഈ കുളം. ഇതിലെ വെള്ളം വറ്റുന്നതോടെ സമീപങ്ങളിലെ കിണറുകളും വറ്റുന്നത് ഇരട്ടി ബുദ്ധിമുട്ടാകും. കണയത്തെ കുളം മോട്ടോറുപയോഗിച്ച് വൃത്തിയാക്കുന്ന പ്രവൃത്തി വ്യാഴാഴ്ച്ച ആരംഭിച്ചിട്ടുണ്ട്.നഗരസഭ പ്രദേശത്ത് നാല് ദിവസം കൂടുമ്പോൾ മാത്രമാണ് ജല അതോറിറ്റി കുടിവെള്ള വിതരണം നടത്തുന്നത്. ലോറികളിൽ വെള്ളം വിതരണം ചെയ്യുന്നുമില്ല. അതിനാൽ നഗരവാസികൾക്കൊപ്പം ഗ്രാമീണരും അത്യാവശ്യത്തിന് പോലും വെള്ളം ലഭിക്കാൻ നെട്ടോട്ടമോടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.