മണ്ണാര്‍ക്കാട്: ഇന്ദിര ആവാസ് യോജന പദ്ധതി പ്രകാരം ഭവന നിർമാണം ആരംഭിച്ച പട്ടികവിഭാഗം ഗുണഭോക്താക്കള്‍ ഗഡുക്കള്‍ ലഭിക്കാതെ വലയുന്നു. നൂറുകണക്കിന് ഗുണഭോക്താക്കളാണ് പണം ലഭിക്കാതെ വീടുപണി പാതി വഴിയെത്തി പ്രതിസന്ധിയിലായത്. ജനറല്‍, പട്ടികജാതി -വര്‍ഗക്കാര്‍ക്ക് രണ്ട് ലക്ഷം രൂപയാണ് പദ്ധതി പ്രകാരം അനുവദിച്ചത്. കേന്ദ്ര വിഹിതമായി 1,20,000, ജില്ല പഞ്ചായത്ത് 28,000, ബ്ലോക്ക് പഞ്ചായത്ത് 32,000, ഗ്രാമപഞ്ചായത്ത് 20,000 അടക്കം രണ്ട് ലക്ഷം രൂപയാണ് നല്‍കിയിരുന്നത്.പദ്ധതിയില്‍ മണ്ണാര്‍ക്കാട് ബ്ലോക്കില്‍ 325ഓളം പട്ടിക വിഭാഗക്കാരുള്‍പ്പെടെ 630ഓളം ഗുണഭോക്താക്കളാണുള്ളത്. നേരത്തേ ഉണ്ടായിരുന്ന പദ്ധതി തുക 2016-17ല്‍ പരിഷ്‌കരിച്ച് പട്ടിക വിഭാഗക്കാര്‍ക്ക് മൂന്ന് ലക്ഷമായി വിഹിതമുയര്‍ത്തുകയായിരുന്നു. ഇതനുസരിച്ച് അധികമായി ലഭിക്കേണ്ട ഒരുലക്ഷം രൂപയാണ് പട്ടിക വിഭാഗക്കാര്‍ക്ക് ലഭിക്കാതെ പ്രതിസന്ധിയാവുന്നത്. തുക ഉയര്‍ത്തിയതോടെ ഇതിനനുസരിച്ച് വീട് നിര്‍മാണത്തില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു. എന്നാല്‍, പുതുക്കിയ ഫണ്ട് പൂർണമായും ലഭിക്കാതിരുന്നതോടെ ഗുണഭോക്താക്കള്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാതെ കുഴങ്ങുകയാണ്. നിലവില്‍ കേന്ദ്രവിഹിതമായി 1,20,000 കൂടാതെ ജില്ല പഞ്ചായത്ത് 63,000, ബ്ലോക്ക് പഞ്ചായത്ത് 72,000, ഗ്രാമപഞ്ചായത്ത് 45,000 രൂപയുമാണ് പട്ടിക വിഭാഗത്തിലെ ഗുണഭോക്താവിന് നല്‍കേണ്ടത്. ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളും വർധിപ്പിച്ച വിഹിതം ബ്ലോക്ക് പഞ്ചായത്തിന് നല്‍കിയതായാണ് അറിയുന്നത്. എന്നാല്‍, ചില പഞ്ചായത്തുകളിലെ എണ്ണപ്പെട്ട ഗുണഭോക്താക്കള്‍ക്ക് മാത്രമാണ് വർധിപ്പിച്ച തുകയുടെ വിഹിതം ലഭിച്ചിട്ടുള്ളത്. ഗുണഭോക്തൃ വിഹിതം അംഗീകൃത ബാങ്കിന് നല്‍കിയാലും ഇത് ഗുണഭോക്താക്കളുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് യഥാസമയം എത്തുന്നില്ലെന്ന പരാതിയും ശക്തമാണ്. വർധിപ്പിച്ച പദ്ധതി തുക വിതരണം ചെയ്യാന്‍ അടിയന്തര നടപടി വേണമെന്നാണ് ഗുണഭോക്താക്കളുടെ ആവശ്യം. മഴക്കാലം ആരംഭിക്കുന്നതിനുമുമ്പ് പദ്ധതി തുക വിതരണം ചെയ്ത് വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഗുണഭോക്താക്കളുടെ ജീവിതം ദുസ്സഹമാവും. പല ഗുണഭോക്താക്കളും നിലവില്‍ വാടകക്കും മറ്റും ഷെഡുകളിലുമാണ് താമസിക്കുന്നത്. 2015-16 മുതല്‍ ഇന്ദിര ആവാസ് യോജന പദ്ധതി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കുകയും പുതിയ പദ്ധതിയായി പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) നടപ്പിലാക്കാന്‍ തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തില്‍ പഴയ പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കേണ്ട കുടിശ്ശിക തുക ലാപ്‌സായി പോവുമോ എന്ന ആശങ്കയും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.