ചിറ്റൂർ: താലൂക്ക് ആശുപത്രിയിൽ മാലിന്യം കത്തിക്കുന്നതിനെതിരെ പരാതിയുമായി നാട്ടുകാർ രംഗത്ത്. പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ഗ്ലൗസുകൾ ഉൾപ്പെടെ ആശുപത്രി മാലിന്യങ്ങളും കത്തിക്കുന്നതുമൂലം വാർഡുകളിൽ കിടത്തി ചികിത്സിക്കുന്ന രോഗികൾക്കും സമീപവാസികൾക്കും ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെയാണ് നാട്ടുകാർ രംഗത്തെത്തിയത്. ആശുപത്രി വളപ്പിൽ പുരുഷന്മാരുടെയും കുട്ടികളുടെയും വാർഡിന് സമീപത്തായാണ് മാലിന്യം കത്തിക്കുന്നത്. നിരവധി പേർ കിടത്തിച്ചികിത്സക്കായി ആശ്രയിക്കുന്ന ആശുപത്രിയിലാണ് മാലിന്യം കത്തിക്കുന്നത് മൂലം രോഗികൾ ദുരിതത്തിലായത്. പരാതിയുമായി സമീപവാസികൾ ഉൾപ്പെടെ ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും ദിവസങ്ങളായി മാലിന്യം കത്തിക്കുന്നത് തുടരുകയാണ്. തുടർന്ന് നാട്ടുകാർ പരാതിയുമായി നഗരസഭ ആരോഗ്യ വിഭാഗത്തെ സമീപിച്ചിരിക്കുകയാണ്. ഇമേജിനെയാണ് ആശുപത്രി മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവർ മാലിന്യം ശേഖരിക്കുന്നതിന് തയാറാണെങ്കിലും ജൈവ-, അജൈവ മാലിന്യങ്ങൾ വേർതിരിച്ച് നൽകണം. ഇതിന് പ്രത്യേകം കവറുകളും അവർ നൽകിയിട്ടുണ്ട്. പ്ലാസ്റ്റിക്ക് ഉൾപ്പെടെ മാലിന്യങ്ങളും സിറിഞ്ചുൾപ്പെടെയുള്ളവയും പ്രത്യേകം കവറുകളിൽ നൽകണം. ഇതിന് ജീവനക്കാർ തയാറാവാത്തതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം. മാലിന്യം കുന്നുകൂടുമ്പോൾ എല്ലാം കൂട്ടിയിട്ട് ആശുപത്രിക്കകത്ത് തന്നെ രാവിലെയും വൈകീട്ടുമായി കത്തിക്കുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് ആശുപത്രി അധികൃതർ ചെയ്യുന്നത്. പരാതിയായിട്ടും പ്രതികരിക്കാൻ ആശുപത്രി അധികൃതർ തയാറായില്ല. നാട്ടുകാരുടെ പരാതിയിൽ പരിശോധന നടത്തി നടപടിയെടുക്കുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.