അലനല്ലൂര്‍: സമ്പൂര്‍ണ വൈദ്യുതീകരണ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞിട്ടും അംഗന്‍വാടിക്ക് വൈദ്യുതി കിട്ടാക്കനിയാവുന്നു. അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 17ാം വാര്‍ഡ് ഉണ്ണിയാലില്‍പ്പെട്ട പാലക്കടവില്‍ സ്ഥിതി ചെയ്യുന്ന 103 ാം നമ്പര്‍ അംഗന്‍വാടിക്കാണ് അധികൃതരുടെ അനാസ്ഥയില്‍ വൈദ്യുതി ലഭിക്കാത്തത്. കഴിഞ്ഞ മാസം ഒമ്പതിന് എടത്തനാട്ടുകര മുണ്ടക്കുന്നില്‍ പ്രത്യേകം സംഘടിപ്പിച്ച ചടങ്ങിലാണ് സമ്പൂര്‍ണ വൈദ്യുതീകരണ പഞ്ചായത്തായി ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി. നൂഹ് ബാവ പ്രഖ്യാപിച്ചത്. ഗ്രാമപഞ്ചായത്ത്, എം.എൽ.എ, വൈദ്യുതി വകുപ്പ് തുടങ്ങിയവയുടെ ഫണ്ടുപയോഗിച്ചാണ് സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കിയത്. അംഗന്‍വാടിക്ക് ഗ്രാമപഞ്ചായത്ത് വൈദ്യുതി ലൈന്‍ വലിക്കാൻ ഫണ്ടനുവദിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ 2016 ജനുവരി 27ന് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ അംഗന്‍വാടിക്ക് വൈദ്യുതിയും കുടിവെള്ള സൗകര്യവും നല്‍കുന്നതില്‍ അധികൃതര്‍ അനാസ്ഥ തുടരുകയാണെന്ന ആക്ഷേപവും ഇതോടെ ഉയര്‍ന്നിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ വാടക കെട്ടിടത്തിലാണ് അംഗന്‍വാടി പ്രവര്‍ത്തിച്ചിരുന്നത്. തുടര്‍ന്ന് പ്രദേശവാസികളുടെ നിരന്തര ശ്രമഫലമായി സൗദിയില്‍ ജോലി ചെയ്യുന്ന ടി.പി. ശുഹൈബ് അംഗന്‍വാടി കെട്ടിടത്തിന് ആവശ്യമായ സ്ഥലവും അതിലേക്കുള്ള വഴിയും സൗജന്യമായി വിട്ടുനല്‍കുകയായിരുന്നു. പിന്നീട് അന്നത്തെ ജില്ല പഞ്ചായത്ത് അംഗം പി. കദീജ ടീച്ചര്‍ 2013-14 സാമ്പത്തിക വര്‍ഷത്തില്‍ അംഗന്‍വാടി കെട്ടിട നിര്‍മാണത്തിന് 6.5 ലക്ഷം രൂപ ഫണ്ടനുവദിച്ചു. എന്നാല്‍ ചുമതല ഏറ്റെടുത്ത നിർമിതി കേന്ദ്രം അംഗന്‍വാടി നിര്‍മാണം രണ്ട് വര്‍ഷമായി തുടങ്ങിയില്ല. തുടര്‍ന്ന് നിരന്തരം അധികൃതര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അംഗന്‍വാടിക്ക് സ്വന്തമായി കെട്ടിടമായത്. നിര്‍മാണ ഘട്ടത്തില്‍ തന്നെ വൈദ്യുതീകരണത്തിനാവശ്യമായ പ്രവര്‍ത്തികളും പ്ലംബിങ് അടക്കമുള്ള പ്രവര്‍ത്തികളും പൂര്‍ത്തിയാക്കിയ അംഗന്‍വാടിക്ക് വര്‍ഷം കഴിഞ്ഞിട്ടും ഇരുട്ടിലാണ്. സബ് കലക്ടര്‍ പി.ബി. നൂഹ് ബാവ, ജില്ല കലക്ടര്‍, വകുപ്പ് മന്ത്രി, ഡയറക്ടര്‍ ഓഫ് ഡിസ്ട്രിക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവര്‍ക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.