ഭരണസമിതിക്കെതിരെ അഴിമതി ആരോപണവുമായി യു.ഡി.എഫ്

പാലക്കാട്: നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണസമിതിക്കെതിരെ യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ അഴിമതി ആരോപണം. ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്കരണ പ്ളാന്‍റ് ചെയര്‍പേഴ്സന്‍െറ നേതൃത്വത്തില്‍ സന്ദര്‍ശിച്ചത് അഴിമതി മാത്രം ലക്ഷ്യം വെച്ചാണെന്ന് കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് കെ. ഭവദാസ് ആരോപിച്ചു. സംഭവം കൗണ്‍സില്‍ യോഗത്തെ ചൂടുപിടിപ്പിച്ചു. എന്നാല്‍, വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് വരാതെ അഭിപ്രായം പറയില്ളെന്നായിരുന്നു ചെയര്‍പേഴ്സന്‍െറ നിലപാട്. തങ്ങള്‍ പ്ളാന്‍റ് സന്ദര്‍ശിക്കാന്‍ പോയത് നഗരസഭയുടെ പണം ഉപയോഗിച്ചല്ളെന്നും പ്ളാന്‍റ് നടത്തുന്ന കമ്പനിയാണ് തങ്ങള്‍ ഏഴുപേരെ ബംഗളൂരു സന്ദര്‍ശിക്കാന്‍ കൊണ്ടുപോയതെന്നും ചെയര്‍പേഴ്സന്‍ പ്രമീള ശശിധരന്‍ അറിയിച്ചു. ഭവദാസിനെ കോണ്‍ഗ്രസ് കക്ഷി നേതാവ് എന്ന നിലയില്‍ താന്‍ വിളിച്ചെങ്കിലും അദ്ദേഹം അസൗകര്യം അറിയിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. അഞ്ച് ബി.ജെ.പി കൗണ്‍സിലര്‍മാരും രണ്ട് സി.പി.എം കൗണ്‍സിലര്‍മാരും മൂന്ന് കമ്പനി പ്രതിനിധികളും ഉള്‍പ്പെടെ പത്തംഗ സംഘമാണ് ബംഗളൂരുവിലെ പ്ളാന്‍റ് സന്ദര്‍ശിച്ചത്. നല്ല രീതിയിലാണ് പ്ളാന്‍റ് പ്രവര്‍ത്തിക്കുന്നതെന്നും 4.5 കോടി രൂപ ചെലവ് വരും ഇവിടെ അത് നടപ്പാക്കാനെന്നും ചെയര്‍പേഴ്സന്‍ യോഗത്തെ അറിയിച്ചു. എന്നാല്‍, എട്ടര ഏക്കര്‍ സ്ഥലം കുത്തക കമ്പനിക്ക് കൈമാറാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു യു.ഡി.എഫ് അംഗങ്ങളുടെ ആരോപണം. ചെയര്‍പേഴ്സന്‍െറ നിലപാടിന് പിന്തുണയുമായി ബി.ജെ.പി കൗണ്‍സിലര്‍മാര്‍ എത്തി. മാലിന്യ പ്രശ്നത്തിന് പരിഹാരമാകുമെങ്കില്‍ അതുണ്ടാവട്ടെ എന്ന് കരുതിയാണ് ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ ബംഗളൂരു സന്ദര്‍ശിച്ചതെന്ന് സി.പി.എം കക്ഷി നേതാവ് എ. കുമാരി അറിയിച്ചു. തെരുവുവിളക്കും മാലിന്യവും തെരുവ് നായയുമായിരുന്നു തിങ്കളാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രധാന ചര്‍ച്ചാ വിഷയം. നഗരസഭാ പരിധിയില്‍ കത്താത്ത തെരുവ് വിളക്കുകള്‍ അടിയന്തരമായി മാറ്റും എന്നറിയിച്ചിട്ടും തങ്ങളുടെ വാര്‍ഡുകള്‍ക്ക് ആവശ്യമുള്ളത്ര വിളക്കുകള്‍ കിട്ടിയില്ല എന്ന ആരോപണവുമായി യു.ഡി.എഫ്, എല്‍.ഡി.എഫ് അംഗങ്ങളാണ് ആദ്യം രംഗത്തുവന്നത്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്നും ആദ്യ ഘട്ടത്തില്‍ കിട്ടിയത് 50 സോഡിയം വിളക്കുകളായിരുന്നുവെന്നും ബാക്കി തിങ്കളാഴ്ച വൈകീട്ടോടെ എത്തുമെന്നും ചെയര്‍പേഴ്സന്‍ അറിയിച്ചു. എന്നാല്‍, തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ കരാര്‍ എടുക്കുന്ന ആളുടെ തൊഴിലാളികളുടെ എണ്ണം കരാറില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നു. സാമൂഹിക ക്ഷേമപെന്‍ഷന്‍ വിതരണം ബാക്കിയുള്ളത് പൂര്‍ത്തിയാക്കുന്നതില്‍ നഗരസഭ ഇടപെടണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. മാലിന്യ സംസ്കരണ പ്ളാന്‍റിലേക്ക് കടലാസുമായി എത്തുന്ന കുടുംബശ്രീക്കാരുടെ വണ്ടികള്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞതിനെ കൗണ്‍സിലില്‍ അംഗങ്ങള്‍ ചോദ്യം ചെയ്തു. പ്ളാസ്റ്റിക് കടലാസുകള്‍ അടങ്ങിയിരുന്നു എന്നായിരുന്നു ഇതിന് ഉദ്യോഗസ്ഥരുടെ മറുപടി. കുടുംബശ്രീക്കാരെ ഉള്‍പ്പെടുത്തി യോഗം വിളിച്ച് പ്രശ്നം തീര്‍ക്കാമെന്ന് ചെയര്‍പേഴ്സന്‍ ഉറപ്പ് നല്‍കി. ഉറിയിലെ ഭീകരാക്രമണത്തില്‍ മരിച്ച ജവാന്മാര്‍ക്ക് ഒരു മിനിറ്റ് പ്രാര്‍ഥിച്ച ശേഷമാണ് കൗണ്‍സില്‍ നടപടികള്‍ ആരംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.