കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി: കനാലുകള്‍ നാശത്തിന്‍െറ വക്കില്‍

ഒറ്റപ്പാലം: ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ കനാലുകള്‍ നാശത്തിന്‍െറ വക്കില്‍. കല്ലുവഴി പ്രദേശത്തേതുള്‍പ്പെടെ കനാലുകള്‍ക്ക് കുറുകെ സ്ഥാപിച്ച ഷട്ടറുകള്‍ ഒട്ടുമിക്കതും തുരുമ്പെടുത്ത നിലയിലാണ്. കാര്‍ഷികമേഖലയുടെ അഭിവൃദ്ധി ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി കര്‍ഷകരെ കൈവിട്ട നിലയിലാണ്. മൂന്ന് വിളവെടുക്കാന്‍ സഹായകമായ പദ്ധതി എന്നനിലയിലാണ് ആരംഭകാലത്ത് ഇതിനെ പരിചയപ്പെടുത്തിയത്. ജില്ലയുടെ ഇതരഭാഗങ്ങളില്‍ മലമ്പുഴ വെള്ളം ജലസേചനത്തിന് ലഭിക്കുന്നതുപോലെ സുലഭമായി കാഞ്ഞിരപ്പുഴ വെള്ളം വടക്കു പടിഞ്ഞാറന്‍ മേഖലക്കും ലഭിക്കുമെന്നതായിരുന്നു പ്രതീക്ഷ. എന്നാല്‍, പദ്ധതി പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ലക്ഷ്യം കാണാത്ത അവസ്ഥയിലാണ്. കിലോമീറ്ററുകള്‍ ദൈര്‍ഘ്യത്തില്‍ പണിതിട്ട കനാലുകള്‍ വശങ്ങളിടിഞ്ഞും കാടുവളര്‍ന്നും ഇഴജന്തുക്കളുടെയും സാമൂഹികവിരുദ്ധരുടെയും താവളമായി. മദ്യമാഫിയ വാറ്റുചാരായം സൂക്ഷിക്കാന്‍ ആശ്രയിക്കുന്നത് കാടുമൂടിയ കനാലുകളെയാണ്. നിരന്തര സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ ഡാമില്‍നിന്ന് അടുത്തകാലത്ത് വേനലില്‍ വെള്ളംതുറന്നുവിട്ടത് ചിലപ്രദേശങ്ങളിലെ കാര്‍ഷികമേഖലക്ക് അനുഗ്രഹമായെങ്കിലും ഭൂരിഭാഗം പ്രദേശങ്ങള്‍ക്കും പ്രയോജനമുണ്ടായില്ല. രണ്ടാംവിള കരിഞ്ഞുണങ്ങി സാമ്പത്തികനഷ്ടമുണ്ടായ കര്‍ഷകരാണ് ഏറെയും. വെള്ളം ശേഖരിക്കാന്‍ കനാലിന് കുറുകെ നിര്‍മിച്ച ഇരുമ്പുഷട്ടറുകള്‍ ഉപയോഗിക്കാത്തതിനാല്‍ തുരുമ്പെടുത്ത് നാശത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.